വിശ്വാസം നഷ്ടപ്പെട്ടു! ഓപ്പണ്‍ എ.ഐയില്‍ നിന്ന് സാം ആള്‍ട്ട്മാനെ പുറത്താക്കി

ലോകമാകെ തരംഗം സൃഷ്ടിക്കുന്ന ചാറ്റ് ജി.പി.ടിക്ക് രൂപം നല്‍കിയ കമ്പനിയായ ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ. സ്ഥാനത്ത് നിന്ന് സാം ആള്‍ട്മാനെ പുറത്താക്കി. സാം ആള്‍ട്മാനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കമ്പനിയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഓപ്പണ്‍ എ.ഐ അറിയിച്ചു. ഈ തീരുമാനത്തിന് പിന്നാലെ കമ്പനിയുടെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും രാജിവച്ചു.

ഓപ്പണ്‍ എ.ഐയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായും സമൂഹികപരമായും പരിവര്‍ത്തനങ്ങളുണ്ടാക്കിയതില്‍ സന്തോഷമുണ്ടെന്നും അക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും കമ്പനിയുടെ പടിയിറങ്ങിയ സാം ആള്‍ട്മാന്‍ പറഞ്ഞു.

മിറ മൊറാട്ടി പുതിയ സി.ഇ.ഒ

സി.ഇ.ഒ. സ്ഥാനത്ത് നിന്ന് സാം ആള്‍ട്മാനെ പുറത്താക്കിയതിന് പിന്നാലെ ഓപ്പണ്‍ എ.ഐയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ മിറ മൊറാട്ടിയെ ഓപ്പണ്‍ എ.ഐയുടെ ഇടക്കാല സി.ഇ.ഒ ആയി നിയോഗിച്ചു. ഓപ്പണ്‍ എ.ഐയുമായുള്ള സഹകരണം ശക്തമായി തുടരുമെന്ന് പങ്കാളികളായ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദേല്ല എക്സില്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ നവംബറിലാണ് സാം ആള്‍ട്മാന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടി എന്ന എ.ഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ചെറിയ കാലയളവിനുള്ളില്‍ തന്നെ ചാറ്റ് ജി.പി.ടി ഏറെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. പിന്നാലെ നിരവധി കമ്പനികള്‍ എ.ഐ ചാറ്റ്ബോട്ടുകള്‍ അവതരിപ്പിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it