

പ്രതീക്ഷിച്ചതിലും നേരത്തെ നിര്‍മിത ബുദ്ധി സ്മാര്‍ട്ട് ഫോണുകളിലൂടെ മനുഷ്യന്റെ നിത്യജീവിതത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ എ.ഐ ലോകത്തെ പ്രമുഖ കമ്പനിയായ ഓപ്പണ്‍ എ.ഐ ഒരല്‍പ്പം കൂടി കടന്നുചിന്തിക്കാനുള്ള പുറപ്പാടിലാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ചാറ്റ് ജി.പി.ടി നിര്‍മാതാക്കളുടെ ശ്രമം. ആപ്പിളിലെ മുന്‍ ഡിസൈനറായിരുന്ന ജോണി ഐവിന്റെ ഐ.ഒ (IO) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍ എ.ഐ 6.5 ബില്യന്‍ ഡോളറിന് (ഏകദേശം 55,000 കോടി രൂപ) കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയൊരു ഉപകരണം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. മൊബൈല്‍ ഫോണുകള്‍ക്ക് പകരമാകുമെന്ന് കരുതുന്ന ഈ ഉപകരണം മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്തതാകുമെന്നാണ് ടെക് ലോകത്തെ സംസാരം.
സ്റ്റീവ് ജോബ്‌സിനൊപ്പം ആപ്പിള്‍ ഐഫോണ്‍ അടക്കമുള്ള നിരവധി കണ്ടുപിടുത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ജോണി ഐവ്. സാം ആള്‍ട്ട്മാനുമായി ചേര്‍ന്ന് സ്‌ക്രീന്‍ ഇല്ലാത്ത ഒരു സ്മാര്‍ട്ട് ഫോണ്‍ വികസിപ്പിക്കുകയാണ് ഐവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതൊരു ഫോണ്‍ ആയിരിക്കില്ലെന്നും മറ്റെന്തെങ്കിലും സംവിധാനമായിരിക്കുമെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇരുകമ്പനികളും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ പുതിയ ഉപകരണത്തെക്കുറിച്ചുള്ള ഭാവനകള്‍ക്ക് മാത്രമേ നിലവില്‍ സ്ഥാനമുള്ളൂ.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരമാകുമെന്ന പേരില്‍ നിരവധി കണ്ടുപിടുത്തങ്ങള്‍ നേരത്തെയും വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. 2024ല്‍ അവതരിപ്പിച്ച ഹ്യുമേന്‍ എ.ഐ പിന്‍ ( Humane Ai Pin) ഇത്തരത്തിലൊന്നാണ്. കോളറില്‍ ഘടിപ്പിക്കാവുന്ന ഈ ഉപകരണം വോയിസ് കണ്‍ട്രോള്‍ വഴിയാണ് നിയന്ത്രിക്കേണ്ടത്. ഇതില്‍ നിന്നും പുറത്തുവരുന്ന ലേസര്‍ ഡിസ്‌പ്ലേ കൈ കൊണ്ടും നിയന്ത്രിക്കാം. 699 ഡോളറിന് പുറത്തിറങ്ങിയ ഹ്യുമേന്‍ എ.ഐ പക്ഷേ അമ്പേ പരാജയമായിരുന്നു. സയന്‍സ് ഫിക്ഷനുകളിലെ ഉപകരണമെന്ന പോലെ വാങ്ങാമെങ്കിലും പ്രായോഗികതയുടെ അഭാവമായിരുന്നു വില്ലന്‍.
എന്നാല്‍ കണ്ണാടി പോലെ ധരിക്കാവുന്നതും കണ്ണ്, കൈ, ശബ്ദം എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതുമായ ധരിക്കാവുന്ന ഗാഡ്‌ജെറ്റ്‌സുകള്‍ (Wearable Gadgets) ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ആപ്പിളിന്റെ വിഷന്‍ പ്രോ, മെറ്റ എ.ഐ, സാംസംഗ് എക്‌സ് ആര്‍ ഗ്ലാസ്, ഗൂഗിളിന്റെ എക്‌സ് ആര്‍ ഗ്ലാസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഫോണ്‍ കയ്യിലെടുക്കാതെ കോള്‍ വിളിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും വഴി കണ്ടുപിടിക്കാനും എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്ലാസുകള്‍ക്ക് കഴിയും. പക്ഷേ ഇവ മൊബൈല്‍ ഫോണുകള്‍ക്ക് പകരമാകുമോ എന്ന് ഇതുവരെയും ഉറപ്പായിട്ടില്ല.
അതേസമയം, ആപ്പിള്‍ ഉത്പന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ചിലര്‍ അഭിപ്രായപ്പെടുന്നത് ഓപ്പണ്‍ എ.ഐ നിര്‍മിക്കുന്നതും ധരിക്കാവുന്ന ഗാഡ്‌ജെറ്റുകള്‍ തന്നെയെന്നാണ്. ഐപ്പോഡുകളുടെ വലിപ്പത്തില്‍ കഴുത്തില്‍ ധരിക്കാവുന്ന ഉപകരണമായിരിക്കുമെന്നാണ് ഇവരുടെ പക്ഷം.
Read DhanamOnline in English
Subscribe to Dhanam Magazine