Begin typing your search above and press return to search.
വരുന്നൂ ജിപിടി 4, ചാറ്റ്ജിപിടി ഇനി കൂടുതല്‍ ശക്തമാകും
ടെക് ലോകത്ത് ആഗോളതലത്തില്‍ വലിയതരംഗമായി മാറിയ ചാറ്റ്ജിപിടിയുടെ പുത്തന്‍ പതിപ്പിന് തുടക്കമിട്ട് നിര്‍മ്മാതാക്കളായ ഓപ്പണ്‍എ.ഐ സ്റ്റാര്‍ട്ടപ്പ്. ജിപിടി4 എന്ന പേരിലാണ് പുതിയ പതിപ്പ്. നിലവിലെ ജിപിടി3.5നേക്കാള്‍ കൂടുതല്‍ മികച്ചതും കാര്യശേഷിയുള്ളതുമാണ് പുതിയ പതിപ്പെന്ന് കമ്പനി അവകാശപ്പെടുന്നു.
നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/എ.ഐ) അധിഷ്ഠിതമായ ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിടി. ചാറ്റിംഗ് അധിഷ്ഠിതമായ സെര്‍ച്ച് എന്‍ജിന്‍ എന്നും വിശേഷിപ്പിക്കാം. നിലവിലെ പതിപ്പ് വാക്കുകള്‍ (ടെക്സ്റ്റ്) അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പുത്തന്‍ പതിപ്പിന്റേത് 'മള്‍ട്ടിമോഡല്‍' (multimodal) പ്രവര്‍ത്തനമാണെന്നും ഓപ്പണ്‍എ.ഐ പറയുന്നു. ഉദാഹരണത്തിന്, വാക്കുകള്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ചിത്രങ്ങള്‍ സമര്‍പ്പിച്ചും വിവരശേഖരണം നടത്താം.
മനുഷ്യബുദ്ധിയെ മറികടക്കുമോ?
അമേരിക്കയിലെ നിയമവിദ്യാര്‍ത്ഥികളെഴുതുന്ന അതേ പരീക്ഷാചോദ്യങ്ങള്‍ നേരിട്ട ചാറ്റ്ജിപിടിയുടെ ആദ്യ പതിപ്പുകള്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പട്ടികയിലാണ് ഇടംപിടിച്ചത്. എന്നാല്‍, നിലവിലെ വേര്‍ഷന്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ 10 ശതമാനം പേരില്‍ ഇടംപിടിച്ചു. പുതിയ മോഡലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
നിലവിലെ 3.5 വേര്‍ഷനേക്കാള്‍ കൂടുതല്‍ വിശ്വസനീയവും സര്‍ഗാത്മകവും കാര്യശേഷിയുള്ളതുമാണ് ജിപിടി4 എന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കഴിവുകളുമായി ചാറ്റ്ജിപിടി മനുഷ്യബുദ്ധിയെയും മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ലോകത്തെ മാറ്റിമറിച്ച നാല് മാസം
നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഓപ്പണ്‍എ.ഐ ചാറ്റ്ജിപിടി അവതരിപ്പിച്ചത്. ഈ ചെറിയകാലത്തിനകം ആഗോളതലത്തില്‍ ഐ.ടി മേഖലിയില്‍ ഉള്‍പ്പെടെ തൊഴില്‍, വിദ്യാഭ്യാസരംഗങ്ങളില്‍ വലിയ മാറ്റമാണ് ചാറ്റ്ജിപിടി വരുത്തിയത്. ബാങ്കുകള്‍, ഐ.ടി കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് ഉപയോക്താക്കളെയും ചാറ്റ്ജിപിടി സ്വന്തമാക്കി. ഇപ്പോഴിതാ ചാറ്റ്ജിപിടിയേക്കാള്‍ കരുത്തുള്ള ചാറ്റ്ജിപിടി4 അവതരിച്ചിരിക്കുന്നു. ലോകം കൂടുതല്‍ മാറുമെന്ന് തന്നെ പറയാം.
എന്തുകൊണ്ട് ജിപിടി4?
നിലവിലെ ചാറ്റ്ജിപിടി വലിയ തരംഗമായെങ്കിലും പോരായ്മകളും ധാരാളമാണ്. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ പലതും കൃത്യമല്ലെന്ന പരാതികള്‍ ഏറെയാണ്. നിലവിലെ പതിപ്പിനേക്കാള്‍ കുറഞ്ഞത് 40 ശതമാനമെങ്കിലും മികച്ചതും കാര്യക്ഷമവുമാണ് പുത്തന്‍ പതിപ്പായ ജിപിടി4 എന്നാണ് കമ്പനിയുടെ വാദം.
പുതിയ പതിപ്പ് ആര്‍ക്കെല്ലാം ലഭിക്കും?
മാസം 20 ഡോളര്‍ (1,650 രൂപ) നല്‍കി അംഗത്വംനേടാവുന്ന ചാറ്റ്ജിപിടി പ്ലസ് ഉപയോക്താക്കള്‍ക്കാണ് ജിപിടി4 പതിപ്പ് ഉപയോഗിക്കാനാവുക. മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍എ.ഐ. വൈകാതെ മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിംഗിലും (Bing) ഇത് ലഭിക്കും.
മത്സരം കടുക്കും
മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ചാറ്റ്ജിപിടിയെ നേരിടാന്‍ 'ബാര്‍ഡ്' എന്നപേരില്‍ ഗൂഗിള്‍ പുതിയ എ.ഐ സേവന സംവിധാനം സജ്ജമാക്കുന്നുണ്ട്. ചൈനയിലെ സാമൂഹിക മാദ്ധ്യമമായ ബെയ്ഡുവും (Baidu) പുതിയ സംവിധാനം ഒരുക്കുന്നുണ്ട്; പേര് - ഏര്‍ണീ. ഇവ രണ്ടും സജ്ജമാകുന്നതോടെ ലോകം ഒരു എ.ഐ മത്സരത്തിന് തന്നെ സാക്ഷിയാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ജിമെയിലിലും എ.ഐ
മൈക്രോസോഫ്റ്റിനെതിരായ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ്, ഷീറ്റ്‌സ് തുടങ്ങിയവയില്‍ എ.ഐ സേവനം ഗൂഗിള്‍ അവതരിപ്പിച്ചു. ഡോക്‌സില്‍ എഴുത്തും പുനരെഴുത്തും ഇനി കൂടുതല്‍ സുഗമമാകും. ജിമെയിലില്‍ ഡ്രാഫ്റ്റിംഗ്, റിപ്ലൈ തുടങ്ങിയവയിലും മാറ്റങ്ങളുണ്ടാകും.
Next Story
Videos