വീഡിയോഗ്രഫര്‍മാരും ഡിസൈനര്‍മാരും പുറത്താകുമോ; റീല്‍സും സ്‌റ്റോറിയുമൊക്കെ ഇനി 'സോറ' തരും

നിര്‍മിതബുദ്ധി (artificial intelligence/AI) പിടിമുറുക്കുമ്പോള്‍ ജോലി പോകുമോ എന്ന ആശങ്ക സകലമേഖലയിലും ശക്തമാണ്. ഇപ്പോള്‍ എ.ഐ 'പണി'കൊടുത്തിരിക്കുന്നത് വീഡിയോഗ്രഫര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുമാണ്. ഇനി ഇവരുടെയൊന്നും സഹായമില്ലാതെ തന്നെ അടിപൊളി വീഡിയോ നിര്‍മിക്കാം. നിങ്ങള്‍ക്ക് വേണ്ടതൊന്ന് എഴുതികൊടുത്താല്‍ മാത്രം മതി.

നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടി പുറത്തിറക്കി തരംഗം സൃഷ്ട്ടിച്ച ഓപ്പണ്‍ എ.ഐയാണ് 'സോറ' എന്ന ടെക്‌സ്റ്റ് ടു വീഡിയോ മോഡലുമായി എത്തിയിരിക്കുന്നത്. എഴുതി നല്‍കുന്ന വാചകങ്ങള്‍ മനസിലാക്കി സോറ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ നിര്‍മിച്ചു നല്‍കും.
എന്താണ് സോറ?
ചാറ്റ് ജി.പി.ടി, ദാല്‍-ഇ (ചിത്രങ്ങള്‍, ഫോട്ടോ സൃഷ്ടിക്കാനുള്ള എ.ഐ സംവിധാനം) തുടങ്ങിയ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണ് സോറയും. ഉപയോക്താവ് നല്‍കുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് (എഴുതിയ നല്‍കുന്ന നിര്‍ദേശങ്ങള്‍) ഉപയോഗിച്ചാണ് വിഡിയോ സൃഷ്ടിക്കുന്നത്. നിശ്ചല ചിത്രങ്ങളില്‍ നിന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സോറക്ക് സൃഷ്ടിക്കാന്‍ സാധിക്കും.
അങ്ങനെ സൃഷ്ടിച്ച വീഡിയോ സാമ്പിളുകള്‍ ഓപ്പണ്‍ എ ഐ വെബ്/മൊബൈല്‍ ആപ്പില്‍ (https://chat.openai.com/) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ എ.ഐയുടെ എക്‌സ് (X) അക്കൗണ്ടില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച 14 വിചിത്രമായ വിഡിയോകള്‍ ഇട്ടിട്ടുണ്ട്. ഒരു പൂച്ച കാട്ടിലൂടെ നടക്കുന്ന വീഡിയോയാണ് ഇതിലൊന്ന്. 'വിചിത്രമായി എന്തെങ്കിലും നിങ്ങള്‍ ഇതില്‍ ശ്രദ്ധിച്ചോ?' 'ഇതൊരു യഥാര്‍ത്ഥ പൂച്ചയല്ല, ഓപ്പണ്‍ എ.ഐ നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് സോറ. പോരായ്മകളും ന്യൂനതകളും പരിഹരിച്ച് പുതിയ സംവിധാനം പുറത്തറിക്കുമെന്നാണ് ഓപ്പണ്‍ എ.ഐ അറിയിച്ചിരിക്കുന്നത്. ചില തിരഞ്ഞെടുത്ത ആര്‍ട്ടിസ്റ്റുമാര്‍ക്കും ഡിസൈനര്‍മാര്‍ക്കും സോറ ലഭ്യമാക്കായിട്ടുണ്ട്. ഇവരില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് മികവുറ്റതാക്കിയ ശേഷം ഏവര്‍ക്കും ലഭ്യമാക്കും.
സാമ്പിള്‍ വീഡിയോ
'ഊഷ്മളത തിളങ്ങുന്ന നിയോണും ആനിമേറ്റു ചെയ്ത നഗര അടയാളങ്ങളും നിറഞ്ഞ ടോക്കിയോ തെരുവിലൂടെ ഒരു സ്‌റ്റൈലിഷ് സ്ത്രീ നടക്കുന്നു. അവള്‍ ഒരു കറുത്ത ലെതര്‍ ജാക്കറ്റും നീളമുള്ള ചുവന്ന വസ്ത്രവും കറുത്ത ബൂട്ടും ധരിക്കുന്നു, കറുത്ത പേഴ്സും വഹിക്കുന്നു. അവള്‍ സണ്‍ഗ്ലാസും ചുവന്ന ലിപ്സ്റ്റിക്കും ധരിക്കുന്നു. അവള്‍ ആത്മവിശ്വാസത്തോടെയും അലക്ഷ്യമായും നടക്കുന്നു'.
ഇങ്ങനെ ഒരു പ്രോംപ്റ്റ് വഴി സൃഷ്ടിച്ച വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം റീലുകള്‍, ഫേസ് ബുക്ക് സ്റ്റോറികള്‍ എന്നിവ ഉണ്ടാക്കാനും പരസ്യ ചിത്രങ്ങള്‍ നിര്‍മിക്കാനും മറ്റും സഹായകരമായേക്കും പുതിയ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം. ഒരു മിനിറ്റ് വീഡിയോയില്‍ ഒന്നിലധികും ഷോട്ടുകള്‍ ഉള്‍പ്പെടുത്താനും നിരവധി കഥാപാത്രങ്ങളുള്ള സങ്കീര്‍ണ്ണമായ രംഗങ്ങള്‍ സൃഷ്ടിക്കാനും സോറക്ക് കഴിയും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it