ഇന്ത്യയില്‍ ആദ്യത്തെ 5 ജി ഇന്നൊവേഷന്‍ ലാബ് സ്ഥാപിച്ച് ഒപ്പോ

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ഇന്ത്യയില്‍ 5 ജി ഇന്നൊവേഷന്‍ ലാബ് സ്ഥാപിച്ചു. ചൊവ്വാഴ്ചയായിരുന്നു പ്രവര്‍ത്തനോദ്ഘാടനം. ചൈനയ്ക്ക് പുറത്തുള്ള കമ്പനിയുടെ ആദ്യത്തെ 5 ജി ലാബ് കൂടിയാണ് ഇത്. ഉല്‍പ്പന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഹൈദരാബാദില്‍ ആരംഭിച്ച ഗവേഷണ വികസന കേന്ദ്രത്തില്‍ ക്യാമറ, പവര്‍, ബാറ്ററി, പ്രകടനം എന്നിവയ്ക്കായുള്ള മൂന്ന് ഫംഗ്ഷണല്‍ ലാബുകള്‍ കൂടി സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

'ഇത് ഓപ്പോയുടെ വിദേശത്തെ ആദ്യത്തെ 5 ജി ലാബാണ്. ഈ ലാബിലൂടെ 5 ജി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഒപ്പം 5 ജി യാത്രയില്‍ ഇന്ത്യയെ പിന്തുണയ്ക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.'' ഓപ്പോ ഇന്ത്യ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് മേധാവിയും വൈസ് പ്രസിഡന്റുമായ തസ്ലീം ആരിഫ് പ്രസ്താവനയില്‍ പറഞ്ഞു.
ലാബില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ആഗോള ചുവടുവെപ്പായി അടയാളപ്പെടുത്തും. അതേസമയം ഇന്ത്യയെ ഒരു നവീകരണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതില്‍ പുതിയ ഒപ്പോ ലാബുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ധിക്കും. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ, ജപ്പാന്‍, യൂറോപ്പ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്കായും ഇന്ത്യന്‍ ടീം നേതൃത്വം നല്‍കുമെന്നും ഓപ്പോ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it