
എല്ലാ മേഖലകളിലും എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. എന്നാല്‍ എ.ഐയുടെ ദുരുപയോഗവും വര്‍ധിക്കാനുളള സാധ്യതകളും നിലനില്‍ക്കുന്നു. എ.ഐ സാങ്കേതിക വിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്ന വാദഗതിയും ശക്തമാകുകയാണ്. ഈ ദിശയില്‍ ചുവടുവെപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.
ഐ.ടി രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്), ഇൻഫോസിസ്, വിപ്രോ തുടങ്ങിയവയും ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ഐ.ടി ഭീമന്മാരും ഉൾപ്പെടെ നൂറിലധികം ടെക് കമ്പനികൾ യൂറോപ്യൻ യൂണിയന്റെ (ഇ.യു) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നിയമങ്ങൾ പാലിക്കുന്നതിനുളള ചട്ടക്കൂടില്‍ ഒപ്പുവെക്കുന്നതിന് തയാറെടുക്കുകയാണ്.
എ.ഐ നിയമ നടപടികൾ നടപ്പിലാക്കുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ അവതരിപ്പിച്ച എ.ഐ പാക്ടില്‍ കമ്പനികള്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. 2027 ഓഗസ്റ്റിൽ മേഖലയിൽ എ.ഐ നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനുളള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഉത്തരവാദിത്തയോടെയുളള എ.ഐ വികസനം ലക്ഷ്യമിട്ടാണ് എ.ഐ നിയമങ്ങള്‍ സംബന്ധിച്ച ചട്ടക്കൂട് തയാറാക്കുന്നത്. ഐ.ടി മേഖലയിലെ പ്രധാന കമ്പനികളെല്ലാം ഈ ചട്ടക്കൂടില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
ഉയർന്ന അപകടസാധ്യതയുള്ള എ.ഐ സംവിധാനങ്ങൾ തിരിച്ചറിയുക, ഉദ്യോഗസ്ഥര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും എ.ഐ അവബോധം പ്രോത്സാഹിപ്പിക്കുക, ഭരണ കാര്യങ്ങളില്‍ എ.ഐ സാങ്കേതിക വിദ്യ നടപ്പിലാക്കുക തുടങ്ങിയവയില്‍ ഊന്നിയാണ് എ.ഐ നിയമം പ്രാബല്യത്തില്‍ കൊണ്ടു വരിക.
എ.ഐ സംവിധാനങ്ങളുടെ മേല്‍ മാനുഷിക മേൽനോട്ടം ഉറപ്പാക്കുക, എ.ഐ സിസ്റ്റങ്ങളുടെ അപകട സാധ്യതകള്‍ ലഘൂകരിക്കുക, ഡീപ്ഫേക്കുകൾ പോലെയുള്ള എ.ഐ ജനറേറ്റഡ് ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതൽ പ്രതിബദ്ധതകള്‍ പുലര്‍ത്താന്‍ കമ്പനികളോട് ആവശ്യപ്പെടുന്ന വിധത്തിലാണ് എ.ഐ നിയമങ്ങള്‍ തയാറാക്കുന്നത്.
എ.ഐ പാക്ടില്‍ ഒപ്പുവെച്ച കമ്പനികളുടെ പട്ടികയിൽ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും ആപ്പിളും ഇല്ല. അതേസമയം, ഉടമ്പടിയില്‍ ചാറ്റ് ജി.പി.ടി നിർമ്മാതാക്കളായ ഓപ്പണ്‍എ.ഐ ഒപ്പുവെച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine