പരാഗ് അഗര്‍വാള്‍; അറിയാം ട്വിറ്ററിൻ്റെ തലപ്പത്ത് എത്തിയ ഇന്ത്യക്കാരനെക്കുറിച്ച്

2011ല്‍ എഞ്ചിനീയറായ ജോലിയില്‍ പ്രവേശിച്ച് പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കമ്പനിയുടെ സിഇഒ ആയി മാറുന്ന ഇന്ത്യന്‍ അത്ഭുതം!
പരാഗ് അഗര്‍വാള്‍; അറിയാം ട്വിറ്ററിൻ്റെ തലപ്പത്ത് എത്തിയ ഇന്ത്യക്കാരനെക്കുറിച്ച്
Published on

വളരെ അപ്രതീക്ഷിതമായിരുന്നു ട്വിറ്ററിൻ്റെ സഹ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം. പകരക്കാരനെ തീരുമാനിക്കുന്നതില്‍ മറ്റ് ടെക്ക് ഭീമന്മാരെ ട്വിറ്റര്‍ മാതൃകയാക്കി. മൈക്രോസോഫ്റ്റിൻ്റെ സത്യ നാദെല്ലക്കും ഗൂഗിളിൻ്റെ സുന്ദര്‍ പിച്ചൈക്കും അഡോബിയുടെ ശന്തനു നാരായണനും ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ കൂടി ഒരു ഐടി ഭീമൻ്റെ തലപ്പത്തെത്തുന്നു.

2011ല്‍ അഡ്വാന്‍സ്ഡ് ഡിസൈന്‍ സിസ്റ്റം എഞ്ചിനീയറായ ജോലിയില്‍ പ്രവേശിച്ച് പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കമ്പനിയുടെ സിഇഒ ആയി മാറുന്ന ഇന്ത്യന്‍ അത്ഭുതം! മുംബൈ ഐഐടിയില്‍ പഠിച്ച, ട്വിറ്ററിൻ്റെ പുതിയ സിഇഒ ആയി ഇന്നു നിയമിതനായ, പരാഗ് അഗര്‍വാള്‍. 2017ല്‍ മുതല്‍ ട്വിറ്ററിൻ്റെ ചീഫ് ടെക്‌നോളജി ഓഫീസറായി തുടരവെ ആണ് പുതിയ നിയോഗം. 2019 ല്‍ ജാക്ക് ഡോര്‍സി ട്വിറ്ററിൻ്റെ പ്രോജക്ട് ബ്ലൂസ്‌കൈയുടെ തലവനായി പരാഗിനെ നിയമിച്ചിരുന്നു. ട്വിറ്ററിലെ വ്യാജ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ സ്വതന്ത്ര ടീം ആണ് ബ്ലൂസ്‌കൈ.

ഐഐടി ബോംബെയിലെ പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോയ അഗര്‍വാള്‍ സ്റ്റാന്‍സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി. ട്വിറ്ററില്‍ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റ്, യാഹൂ, എടി&ടി എന്നിവിടങ്ങളില്‍ റിസര്‍ച്ച് ഇന്റേണായും പ്രവര്‍ത്തിച്ചു. 2001ല്‍ വിദ്യാര്‍ത്ഥിയായി ഇരിക്കെ തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡില്‍ സ്വര്‍ണ മെഡലും പരാഗ് നേടിയിട്ടുണ്ട്.

"ഞാന്‍ ട്വിറ്ററില്‍ എത്തുമ്പോള്‍ 1000ല്‍ താഴെ ജോലിക്കാരാണ് ഉണ്ടായിരുന്നത്. ആ ദിവസങ്ങള്‍ ഇന്നലെ എന്നപോലെ എൻ്റെ മനസിലുണ്ട്. ഇവിടുത്തെ ഉയര്‍ച്ചയും താഴ്ചയും കണ്ടു. ട്വിറ്ററിൻ്റെ സ്വാധീനം അറിയാം. മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ച് ആകാംക്ഷയുണ്ട്". സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജാക്ക് ഡോര്‍സിക്ക് അയച്ച കത്തില്‍ പറയുന്നു. സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും 2022ല്‍ കാലാവധി അവസാനിക്കും വരെ ജാക്ക് ഡോര്‍സി ട്വിറ്ററില്‍ തുടരും. 2006ല്‍ ആണ് ജാക്ക് ഡോര്‍സി, നോവ ഗ്ലാസ്, ബിസ് സ്‌റ്റോണ്‍, ഇവാന്‍ വില്യംസ് എന്നിവര്‍ ചേര്‍ന്ന് ട്വിറ്റര്‍ ആരംഭിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com