

ലോകത്ത് ഐഡിയകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍, പ്രായോഗികവും പ്രവര്‍ത്തനക്ഷമവുമാണെങ്കില്‍ മാത്രമേ അതൊക്കെ വിജയിക്കൂ. സ്റ്റാര്‍ട്ടപ്പുകാരൊക്കെ പുതിയ ഐഡിയയെ കുറിച്ച് തലപുകയ്ക്കുമ്പോള്‍, ഒരു ഇന്ത്യന്‍ കമ്പനി രണ്ട് വര്‍ഷം മുമ്പ് വേറിട്ടൊരു ആശയവുമായി വിപണിയില്‍ ഇറങ്ങി വിജയം കാണുകയാണ്. നഗരവാസികള്‍ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായ വാഹന പാര്‍ക്കിംഗിലാണ് അവര്‍ നോട്ടമിട്ടത്. വാഹന ഉടമകള്‍ക്ക് എളുപ്പത്തില്‍ പാര്‍ക്കിംഗ് സ്‌പേസ് കണ്ടെത്താനുള്ള ഒരു ആപ്പ് വികസിപ്പിച്ചതോടെ ആ പ്രശ്നത്തിന് വലിയൊരു അളവില്‍ പരിഹാരമാകുന്നു. കമ്പനിയെ തേടി പുതിയ നിക്ഷേപകരും എത്തുന്നു.
നഗരത്തില്‍ പാര്‍ക്കിംഗിന് ഇടം ലഭിക്കാതെ ചുറ്റിത്തിരിയേണ്ടി വരുന്നവരെ ലക്ഷ്യമിട്ടാണ് 2023 ല്‍ കൊല്‍ക്കത്തയില്‍ പാര്‍ക്കോബോട്ട് (Parkobot) സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയത്. ആശയം പുതിയതായതു കൊണ്ട് തന്നെ ലോകത്തിലെ ആദ്യത്തെ 'പാര്‍ക്കിനായുള്ള എയര്‍ ബിഎന്‍ബി' എന്നാണ് ഉടമകള്‍ ഈ ആപ്പിനെ വിശേഷിപ്പിക്കുന്നത്. സീനിയര്‍ ബിസിനസുകാരായ രാജ്കുമാര്‍ ബിഹാനി, അമിനേഷ് മുഖര്‍ജി, യുവ സംരംഭകന്‍ അമൃത് ചൗധരി എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍. ബിസിനസിന് പ്രായം ഒരു പ്രശ്നമല്ലെന്നാണ് ജീവിത സായാഹ്നത്തിലേക്ക് കടന്ന രാജ്കുമാര്‍ ബിഹാനി തെളിയിക്കുന്നത്.
പാര്‍ക്കിംഗിനായുള്ള സ്ഥലത്ത് സോഫ്റ്റ് വെയര്‍ അധിഷ്ഠിത ഉപകരണം ഘടിപ്പിക്കുന്നു. ഇതുവഴി വാഹനങ്ങളെ ബ്ലൂടൂത്തില്‍ ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ബുക്കിംഗ് പൂര്‍ത്തിയാക്കിയ വാഹനം അടുത്തെത്തുമ്പോള്‍ ക്രോസ് ബാര്‍ ഓട്ടോമാറ്റിക്കായി തുറക്കും. പാര്‍ക്കിംഗ് കഴിഞ്ഞാല്‍ അടയുകയും ചെയ്യും. ബുക്ക് ചെയ്തയാള്‍ക്ക് മാത്രമേ ഈ സ്ഥലത്തേക്ക് പ്രവേശനം ലഭിക്കു. പാര്‍ക്കിംഗ് പൂര്‍ണമായും സുരക്ഷിതമാക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. പൂര്‍ണമായും ഓട്ടോമാറ്റിക് ആയതിനാല്‍ ഇത്തരം പാര്‍ക്കിംഗ് സ്‌പേസുകളില്‍ ജോലിക്കാരുടെ എണ്ണം കുറക്കാനുമാകും. പാര്‍ക്കോബോട്ടിന്റെ സ്വന്തം പാര്‍ക്കിംഗ് സ്‌പേസുകള്‍ക്ക് പുറമെ, അവരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റുള്ളവര്‍ക്കും ഈ മേഖലയില്‍ സംരംഭകരാകാം.
വിവിധ നഗരങ്ങളില്‍ പാര്‍ക്കിംഗിന് റിയല്‍ടൈം ബുക്കിംഗാണ് പാര്‍ക്കോ ബോട്ട് ഒരുക്കുന്നത്. ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹന ഉടമകള്‍ക്ക് നഗരത്തില്‍ എവിടെയാണ് പാര്‍ക്കിംഗ് സ്‌പേസ് ഒഴിവുള്ളതെന്ന് അറിയാനാകും. ഓണ്‍ലൈനില്‍ ഹോട്ടല്‍ റൂം ബൂക്ക് ചെയ്യുന്നത് പോലെ പാര്‍ക്കിംഗ് സ്‌പേസ് കണ്ടെത്തി ബുക്ക് ചെയ്യുന്ന അതേ രീതി. നഗരത്തില്‍ വെറുതെ ചുറ്റിക്കറങ്ങി സമയം കളയേണ്ടതില്ല. യാത്ര തുടങ്ങും മുമ്പ് തൊട്ടടുത്തുള്ള പാര്‍ക്കിംഗ് ഇടം കണ്ടെത്തി മൊബൈല്‍ ആപ്പില്‍ ബുക്ക് ചെയ്ത് അങ്ങോട്ട് ചെന്നാല്‍ മതിയാകും.
ആശയം ഹിറ്റായി വരുന്നതോടെ പാര്‍ക്കോബോട്ടില്‍ നിക്ഷേപിക്കാന്‍ ഏയ്ഞ്ചല്‍ കമ്പനികള്‍ മുന്നോട്ട് വരുന്നുണ്ട്. അടുത്തിടെ ഇന്‍ഫ്‌ളെക്ഷന്‍ പോയിന്റ് വെഞ്ച്വേഴ്‌സ് വഴി 2.09 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചത്. വിപണി വികസിപ്പിക്കാനാണ് ഈ തുക ഉപയോഗിക്കുക. ഇന്ത്യയില്‍ പാര്‍ക്കിംഗ് വിപണി 950 കോടി ഡോളറിന്റെ മൂല്യമുള്ളതാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അധികമാരും ഈ ബിസിനസിലേക്ക് കടന്നു വന്നിട്ടുമില്ല.
പാര്‍ക്കിംഗ് പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതിയും കമ്പനിയെ നയിക്കുന്നുണ്ടെന്നാണ് പാര്‍ക്കോ ബോട്ട് ഉടമകള്‍ പറയുന്നത്. വാഹനങ്ങള്‍ പാര്‍ക്കിംഗിനായി അലക്ഷ്യമായി സഞ്ചരിക്കുന്നത് വഴിയുള്ള അധിക വായു മലിനീകരണം കുറക്കാനാകും. അനധികൃത പാര്‍ക്കിംഗ് മൂലം റോഡുകളിലുണ്ടാകുന്ന ഗതാഗത തടസം ഒഴിവാകും. നിയമലംഘനത്തിന്റെ പേരില്‍ വാഹന ഉടമകള്‍ പിഴ നല്‍കേണ്ടി വരുന്നതും ഒഴിവാക്കാം- കമ്പനി സിഇഒ അമൃത് ചൗധരി പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine