Begin typing your search above and press return to search.
വോട്ട് അഭ്യര്‍ത്ഥന ഡിജിറ്റലില്‍; പണം വാരിയെറിഞ്ഞ് പാര്‍ട്ടികള്‍, പരസ്യത്തിന് പൊടിക്കുന്നത് കോടികള്‍
പരമ്പരാഗത ശൈലിയില്‍ നിന്ന് തിരഞ്ഞെടുപ്പ് പുതിയ വഴിയിലേക്ക് മാറിയ വര്‍ഷമായിരുന്നു 2019. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ബജറ്റില്‍ ഡിജിറ്റല്‍ മേഖലയ്ക്ക് കൂടി വിഹിതം നീക്കിവച്ച് തുടങ്ങിയത് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് മുതലായിരുന്നു. ഇത്തവണ പക്ഷേ ഡിജിറ്റല്‍ മേഖല കൂടുതല്‍ ആധിപത്യം നേടുന്നതിനാണ് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 9 വരെയുള്ള കാലയളവില്‍ മാത്രം 52 കോടി രൂപയാണ് ഗൂഗിള്‍ ആഡ് വഴിയുള്ള പരസ്യത്തിന് പാര്‍ട്ടികള്‍ ചെലവഴിച്ചത്. എല്ലാ പാര്‍ട്ടികളും ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി വിഹിതം മാറ്റിവച്ചിട്ടുണ്ടെങ്കിലും ഭരണകക്ഷിയായ ബി.ജെ.പി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. വീഡിയോ പരസ്യമായും പോസ്റ്ററുകളായും ജനുവരി മുതല്‍ ബി.ജെ.പി ഡിജിറ്റല്‍ കളത്തിലുണ്ട്.
മറ്റൊരു ടെക് വമ്പനായ ഫേസ്ബുക്ക് വഴിയുള്ള പരസ്യങ്ങളും കോടികളുടേതാണ്. ഫേസ്ബുക്ക് ഇതുവരെ കണക്കുകള്‍ പുറത്തു വിട്ടില്ല. ഗൂഗിള്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത് അനുസരിച്ച് 52 കോടി രൂപയാണ് മാര്‍ച്ച് 1 മുതല്‍ ഈ മാസം 9 വരെ രാഷ്ടീയ പരസ്യങ്ങള്‍ വഴി കിട്ടിയത്. ഇത് 2019ലേക്കാള്‍ ആറിരട്ടി കൂടുതലാണ്. 2019ല്‍ ഇക്കാലയളവില്‍ 8.8 കോടി രൂപയാണ് ഗൂഗിളിന് ലഭിച്ചത്.
ബി.ജെ.പി തന്നെയാണ് ഡിജിറ്റല്‍ ക്യാംപെയ്‌നില്‍ മുന്നിലെങ്കിലും തൊട്ടുപിന്നില്‍ തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ഉണ്ട്. ബിജെപി 8.8 കോടി രൂപ മുടക്കി 73,000ത്തിലധികം പരസ്യങ്ങളാണ് നല്‍കിയത്. തമിഴ്‌നാട്ടില്‍ മാത്രം വേരുകളുള്ള ഡി.എം.കെ 7.9 കോടിയാണ് തമിഴരെ ഡിജിറ്റലില്‍ കൈയിലെടുക്കാന്‍ വാരിയെറിഞ്ഞത്.
ഡി.എം.കെ 70 ശതമാനം തുകയും ചെലവിട്ടത് ഏപ്രില്‍ ഒന്നിനും ഏപ്രില്‍ ഒന്‍പതിനും ഇടയ്ക്കാണ്. കേന്ദ്രത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 6.8 കോടി രൂപ മാത്രമാണ് ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ സാധിച്ചത്. ഏപ്രില്‍ ഏഴിന് മാത്രം 2 കോടി രൂപ കോണ്‍ഗ്രസ് ഗൂഗിളിന് നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ഡിജിറ്റല്‍ പരസ്യം ചെയ്തിരിക്കുന്നത്.
ഏരിയ തിരിച്ച് പരസ്യങ്ങള്‍
ഡിജിറ്റല്‍ പരസ്യങ്ങളില്‍ ഇത്തവണത്തെ പ്രധാന മാറ്റങ്ങളിലൊന്ന് ഓരോ പ്രദേശങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള പരസ്യങ്ങളാണെന്നതാണ്. 2019ല്‍ പൊതു പരസ്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയെന്നതായിരുന്നു രീതി. എന്നാല്‍ ഇത്തവണ തന്ത്രം മാറ്റിയിരിക്കുകയാണ് പാര്‍ട്ടികള്‍. ദേശീയ പാര്‍ട്ടികള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലുള്ള പരസ്യങ്ങളാണ് ആളുകളിലേക്ക് എത്തിക്കുന്നത്.
ഡിജിറ്റല്‍ പ്രചാരണം കൂടുതല്‍ ശക്തമായതോടെ പരമ്പരാഗത ശൈലിയിലുള്ള തന്ത്രങ്ങളിലും മാറ്റം വന്നിട്ടുണ്ട്. മുമ്പൊക്കെ വീടുകള്‍ കയറിയുള്ള കാംപെയ്‌നുകളായിരുന്നു കൂടുതലെങ്കില്‍ ഇത്തവണ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ത്ഥന കൂടുതലായി സ്ഥാനം പിടിച്ചിട്ടുണ്ട്. തിയറ്ററുകളിലും ലോക്കല്‍ കേബിള്‍ ടിവി ചാനലുകളിലും തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ കുത്തൊഴുക്കാണ്.
Next Story
Videos