പിന്ററെസ്റ്റിനെ 45 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാന്‍ പേയ്പാല്‍

ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേയ്പാല്‍ ഡിജിറ്റല്‍ പിന്‍ബോര്‍ഡ് മാധ്യമം പിന്ററെസ്റ്റിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. 45 ബില്യണ്‍ ഡോളറിനാകും ഏറ്റെടുക്കല്‍. ഇടപാട് നടന്നാല്‍ കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്. കഴിഞ്ഞ വര്‍ഷം സെയില്‍ഫോഴ്‌സ് 27.7 ബില്യണ്‍ ഡോളറിന് സ്ലാക്കിനെ വാങ്ങിയതാണ് നിലവിലെ ഏറ്റവും ചെലവേറിയ ഏറ്റെടുക്കല്‍. 2016ല്‍ മൈക്രോസോഫ്റ്റ് 26 ബില്യണ്‍ ഡോളറിന് ലിങ്ക്ഡ്ഇന്നിനെ സ്വന്തമാക്കിയിരുന്നു.

പുതിയ ആശയങ്ങള്‍, ഉത്പന്നങ്ങള്‍ സേവനങ്ങള്‍ എന്നിവ തെരയാനും സേവ് ചെയ്ത് വെക്കാനും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ആണ് പിന്ററെസ്റ്റ്. കൊവിഡിനെ തുടര്‍ന്ന് പിന്ററെസ്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരുന്നു. നിലവില്‍ ആഗോള തലത്തില്‍ 450 മില്യണ്‍ സജീവ ഉപഭോക്താക്കള്‍ പിന്ററെസ്റ്റിന് ഉണ്ട്. യുഎസ് കഴിഞ്ഞാല്‍ പിന്ററെസ്റ്റിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. 176 മില്യണ്‍ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.
കൂടുതല്‍ ഉപഭോക്താക്കളെയും കണ്ടന്റ് ക്രിയേറ്റര്‍മാരെയും എത്തിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ കൊമേഴ്‌സ്, ഷോര്‍ട്ട് വീഡിയോ സേവനങ്ങള്‍ പിന്ററെസ്റ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. പേയ്പാല്‍ ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതോടെ പിന്ററെസ്റ്റ് സിഇഒ ബെന്‍ സില്‍ബര്‍മാന്റെ സമ്പത്ത് 3.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ബെന്‍ സില്‍ബെര്‍മാന്‍ , ഇവാന്‍ ഷാര്‍പ്, പോള്‍ സ്‌കിയാര എന്നിവര്‍ ചേര്‍ന്ന് 2009ല്‍ ആണ് കാലിഫോര്‍ണിയ ആസ്ഥാനമായി പിന്ററെസ്റ്റ് സ്ഥാപിച്ചത്.


Related Articles
Next Story
Videos
Share it