

നിങ്ങളെപ്പോഴാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുത്തിയിടുമെന്നാണോ ഉത്തരം. എങ്കില്‍ ഫോണിന്റെ ബാറ്ററിയെ നിങ്ങള്‍ തന്നെ നശിപ്പിക്കുകയാണെന്ന് ചിലര്‍ പറയുന്നു. സ്ഥിരമായി 100 ശതമാനത്തിലേക്ക് ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുമെന്ന വാദം ശരിയാണോ പരിശോധിക്കാം.
നിലവില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററിയാണ്. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഈ സെല്ലുകള്‍ക്കത്തെ ലിഥിയം അയോണുകള്‍ ഒരു വശത്ത് നിന്നും മറ്റൊരിടത്തേക്ക് നീങ്ങും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ അയോണുകള്‍ തിരികെ എത്തുകയും എനര്‍ജി റിലീസ് ആക്കുകയും ചെയ്യും. ഇനി നിങ്ങളുടെ ബാറ്ററി 100 ശതമാനത്തില്‍ എത്തിയെന്നിരിക്കട്ടെ, ഇവിടെയാണ് ഫോണിലെ ഒരു സുരക്ഷാ ഫീച്ചര്‍ വര്‍ക്ക് ചെയ്യുന്നത്. 100 ശതമാനത്തിലെത്തിയാല്‍ പിന്നീട് കൂടുതല്‍ വൈദ്യുതി ബാറ്ററിയിലേക്ക് കടത്തിവിടാത്ത വിധമാണ് ബാറ്ററിയുടെ ഡിസൈന്‍. അതായത് ഓവര്‍ ചാര്‍ജിംഗിനെ തടയാനുള്ള ടെക്‌നിക്ക് ബാറ്ററിയില്‍ തന്നെയുണ്ട്.
എന്നാല്‍ മുന്‍പ് ഉപയോഗിച്ചിരുന്ന നിക്കല്‍ കാഡ്മിയം, നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററികളില്‍ നിന്നാണ് ഇത്തരമൊരു ആശങ്ക തുടങ്ങുന്നത്. തെറ്റായ രീതിയില്‍ ചാര്‍ജ് ചെയ്താല്‍ പെട്ടെന്ന് ചീത്തയാകുന്നത് ഇത്തരം ബാറ്ററികളുടെ ഒരു പ്രശ്‌നമായിരുന്നു. അന്ന് ടെക് വിദഗ്ധര്‍ നല്‍കിയ ഉപദേശങ്ങള്‍ സാങ്കേതിക വിദ്യ മാറിയിട്ടും ഇന്നും തുടര്‍ന്ന് പോകുന്നതാണെന്ന് ചിലര്‍ പറയുന്നു.
ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ നേരം കുത്തിയിടുന്നത് ലിഥിയം അയണ്‍ ബാറ്ററിക്കും അത്ര നല്ലതല്ലെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഈ സാഹചര്യത്തിലാണ് ബാറ്ററി പേര്‍സന്റേജ് 20 ശതമാനത്തില്‍ താഴെ ആകരുതെന്നും 80 ശതമാനത്തില്‍ മുകളില്‍ പോകരുതെന്നുമുള്ള വാദം ശക്തമാകുന്നത്. എന്നുവെച്ച് 80 ശതമാനത്തിന് മുകളില്‍ ചാര്‍ജ് ചെയ്താല്‍ ബാറ്ററി നശിച്ചുപോകുമെന്നല്ല. ദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ 100 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ സ്ഥിരമായി രാത്രിയില്‍ കുത്തിയിട്ട് ഉറങ്ങുന്നതിലൂടെ ഒരു വര്‍ഷത്തില്‍ ബാറ്ററിയുടെ ശേഷി 20 ശതമാനം വരെ കുറയാനുള്ള സാധ്യതയുണ്ട്. 2-3 വര്‍ഷത്തിനുള്ളില്‍ ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നവരാണെങ്കില്‍ ഇത് അറിയുക പോലുമില്ല. കൂടുതല്‍ കാലം ഉപയോഗിക്കാനുള്ള പ്ലാന്‍ ഉണ്ടെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാകും.
1. ഫോണിന്റെ സെറ്റിംഗ്‌സില്‍ ബാറ്ററി ഒപ്റ്റിമൈസ്ഡ് ചാര്‍ജിംഗ് മോഡ് തിരഞ്ഞെടുക്കുക. ആപ്പിളില്‍ ഒപ്പ്ടിമൈസ്ഡ് ചാര്‍ജിംഗ് മോഡും ആന്‍ഡ്രോയ്ഡില്‍ അഡാപ്റ്റീവ് ചാര്‍ജിംഗ് മോഡും ഉപയോഗിക്കാം.
2. ചാര്‍ജര്‍ അടുത്തുണ്ടെന്ന് കരുതി ഫോണ്‍ കുത്തിയിടണമെന്നില്ല. മണിക്കൂറുകളോളം ചാര്‍ജ് ചെയ്യാന്‍ വെക്കുന്നതും ഒഴിവാക്കുന്നത് നല്ലതാണ്.
3. ഫോണ്‍ ചൂടുപിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുന്നതും ഒഴിവാക്കണം.
4. ഓരോ ഫോണുകളും സപ്പോര്‍ട്ട് ചെയ്യുന്ന ചാര്‍ജറുകളുണ്ട്. ഇതിന് പകരം കുറഞ്ഞ ക്വാളിറ്റിയുള്ള ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine