കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്, ഒന്നു ശ്രമിച്ചാല്‍ പിന്‍ന്റെറസ്റ്റില്‍ നിന്നും പൈസ ഉണ്ടാക്കാം

യൂട്യൂബും ഫേസ്ബുക്കും ഒക്കെ വരുമാന മാര്‍ഗമാക്കിയ നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരുണ്ട്. പാചകം, ഫാഷന്‍, ടെക്ക്‌നോളജി മേഖലയിലൊക്കെ കണ്ടന്റ് ക്രിയേറ്റര്‍മാരായി എത്തിയവര്‍ പലരും ഇന്ന് ബ്രാന്റുകള്‍ക്കായി പെയ്ഡ് വീഡിയോകള്‍ ചെയ്യുന്നുണ്ട്. ഒരേ കണ്ടന്റുതന്നെയാവും പലരും ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഷെയര്‍ചാറ്റിലുമൊക്കെ പോസ്റ്റ് ചെയ്യുന്നത്‌.

എത്ര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലിടാമോ അത്രയും ഫോളോവേഴ്‌സിനെ കൂട്ടാം എന്നതാണ് ഗുണം. അത്തരം കണ്ടന്റ് ക്രിയേറ്റേഴ്‌സിന് അവസരമൊരുക്കുന്നതാണ് പ്രമുഖ ഓണ്‍ലൈന്‍ പിന്‍ബോര്‍ഡ് മാധ്യമമായ ആയ പിന്‍ന്റെറസ്റ്റിന്റെ പുതിയ നയം. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും വിവിധ ബ്രാന്റുകള്‍ക്കും പെയ്ഡ് പാര്‍ട്ടണര്‍ഷിപ്പിലൂടെ സഹകരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ഉദാഹരണത്തിന് ഒരു റെഡി-ടു-കുക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്ന ബ്രാന്റുമായി സഹകരിച്ച് ഫൂഡ് റെസിപ്പി പങ്കുവെക്കുന്ന ഒരു കണ്ടന്റ് ക്രിയേറ്റര്‍ക്ക് വീഡിയോകള്‍ ചെയ്യാം. ഇത്തരം പെയ്ഡ് പാര്‍ട്ടണര്‍ഷിപ്പിലൂടെ ക്രിയേറ്റര്‍ക്ക് വരുമാനം ലഭിക്കും. വീഡിയോ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ബ്രാന്റിന് പെയ്ഡ് പ്രെമോഷന്‍ നടത്താനും പിന്‍ന്റെറസ്റ്റ് അവസരം ഒരുക്കുന്നുണ്ട്.
കൂടാതെ ബ്രാന്റുകള്‍ക്ക് അവരുടെ പ്രോഡക്ട് കാറ്റലോഗ് പിന്‍ന്റെറസ്റ്റില്‍ അപ്പ്‌ലോഡ് ചെയ്യാം. കമ്പനി അത് ഒരു സ്ലൈഡ് ഷോ വീഡിയോകളായി ആയി ഉപഭോക്താക്കളിലേക്ക് എത്തിക്കും. ബ്രാന്റുകള്‍ക്ക് സ്വന്തമായി വീഡിയോ നിര്‍മിച്ച് പോസ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നുമില്ല.
സോഷ്യല്‍ കൊമേഴ്‌സ് വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് പുതിയ പരസ്യ സേവനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പിന്‍ന്റെറസ്റ്റ്.
ഫേസ്ബുക്ക്, യുട്യൂബ് ഉള്‍പ്പടെയുള്ള വമ്പന്മാരെല്ലാം ഇപ്പോള്‍ സോഷ്യല്‍ കൊമേഴ്‌സിന് നല്‍കുന്ന പ്രാധാന്യം വലുതാണ്. അടുത്തിടെ യൂട്യൂബ് ഇന്ത്യന്‍ സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ട് അപ്പ് ആയ സിംസിമിനെ ഏറ്റെടുത്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it