ഓണ്‍ലൈന്‍ ഇടപാടുകളില്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ എടുക്കാം, ഈ മുന്‍കരുതലുകള്‍

ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണിത്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍ തട്ടിപ്പുകളും കൂടിയതയാണ് റിപ്പോര്‍ട്ടുകള്‍. അശ്രദ്ധമായ ഉപയോഗം ഒരു പക്ഷേ നിങ്ങളുടെ എക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ ഇടയാക്കും. ഓണ്‍ലൈന്‍ ഇടപാടുകളില്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ഇതാ ചില മുന്‍കരുതലുകള്‍.

ഒടിപിയും ക്യൂആര്‍ കോഡും
വണ്‍ ടൈം പാസ് വേര്‍ഡു (ഒടിപി) കള്‍ സാധാരണ പാസ് വേര്‍ഡുകള്‍ പോലെ തന്നെയാണ് മറ്റൊരാളുടെ കൈയില്‍ ലഭിക്കാനിട വന്നാല്‍ നിങ്ങളുടെ എക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാം. അതേപോലെ അണ്‍വേരിഫൈഡ് ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതും അപകടമാണ്. പല ബാങ്കുകളും വൈബ്‌സൈറ്റുകളും പാസ് വേര്‍ഡുകള്‍ മാറ്റുന്നതിനും മറ്റുമായി ഒടിപിയെ ആണ് ആശ്രയിക്കുന്നത്. ഉപഭോക്താവില്‍ നിന്ന് തന്ത്രത്തില്‍ ഒടിപി കൈക്കലാക്കി ഓണ്‍ലൈന്‍ ബാങ്കിംഗ് നിയന്ത്രണം പോലും കൈക്കലാക്കുന്ന സംഭവങ്ങളുണ്ട്. ഏതെങ്കിലും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെയും നമ്മുടെ വോലറ്റ്, ബാങ്ക് എക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ മറ്റൊരാളുടെ കൈയിലെത്താം. അതുകൊണ്ടു തന്നെ ഒടിപി കൈമാറാനോ സംശയാസ്പദമായ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനോ മുതിരാതിരിക്കുന്നതാണ് നല്ലത്.
ലിങ്ക് എന്ന ചതിക്കുഴി
ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ യഥാര്‍ത്ഥ മെയ്ല്‍ അല്ലെങ്കില്‍ ലിങ്കുകള്‍ നിങ്ങളുടെ ഇന്‍ബോക്‌സില്‍ എത്തിയേക്കാം. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ പേരിലുള്ളതാവാം ഇത്. യാഥാര്‍ത്ഥ ലിങ്കും തട്ടിപ്പ് ലിങ്കും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതിനാല്‍ അത്തരത്തിലുള്ള ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യാതെ ആവശ്യത്തിന് നേരിട്ട് വൈബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് അഭികാമ്യമെന്ന് വിദഗ്ധര്‍ പറയുന്നു.
കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കല്‍
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ വിവിധ വൈബ്‌സൈറ്റുകളിലും മൊബീല്‍ അപ്പുകളിലുമെല്ലാം സേവ് ചെയ്തു വെക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പിന്നീട് വീണ്ടും ടൈപ്പ് ചെയ്യേണ്ടി വരുന്നില്ല എന്നതു കൊണ്ട് അതൊരു സൗകര്യവുമാണ്. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വൈബ്‌സൈറ്റുകളില്‍ ഓട്ടോ ഫില്‍ ഓപ്ഷന്‍ ഓഫ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ബാങ്കിന്റെ മൊബീല്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വൈബ്‌സൈറ്റ് വഴി ക്രെഡിറ്റ് കാര്‍ഡും ടാപ് ആന്റ് പേ സൗകര്യവും ഓഫ് ചെയ്തിടാനും പറ്റും. ഇത് അസൗകര്യമായി തോന്നാമെങ്കിലും നിങ്ങളുടെ ഇടപാടുകള്‍ സുരക്ഷിതമാക്കും.
ടാപ് ആന്‍ഡ് പേ കാര്‍ഡുകള്‍
പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പിന്‍ അല്ലെങ്കില്‍ ഏതെങ്കിലും കോഡ് നല്‍കേണ്ട കാര്യം തന്നെയില്ല. ടാപ് ആന്റ് പേ സൗകര്യമാണ് പകരം ഉപയോഗിക്കുന്നത്. ഉപയോഗം എളുപ്പമാക്കുമെങ്കിലും കൂടുതല്‍ അപകടം വിളിച്ചു വരുത്തും ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള ഉപയോഗം കുറയ്ക്കുകയോ പൂര്‍ണമായും ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നതാണ് നല്ലത്.
ഓഫറുകളുടെ പിന്നാലെ പോകേണ്ട
പ്രമോഷണല്‍ മെസേജുകള്‍ക്ക് പിന്നാലെ പോകുന്നവരാണ് പലപ്പോഴും തട്ടിപ്പിനിരയാകുന്നത്. വിവിധ ഓഫറുകളും ഡിസ്‌കൗണ്ട് വാഗ്ദാനങ്ങളും പ്രമോഷനുമെല്ലാം ആളുകളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ തട്ടിപ്പുകാര്‍ പ്രയോജനപ്പെടുത്തുന്നു. ഇത്തരം പ്രമോഷണല്‍ ഓഫറുകളില്‍ നിന്ന് അണ്‍സബ്‌സ്‌കൈബ് ചെയ്യുന്നതാകും സുരക്ഷിതം.


Related Articles
Next Story
Videos
Share it