Begin typing your search above and press return to search.
2021 ല്‍ കൂടുതല്‍ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍; പച്ചപിടിക്കുന്ന മേഖലകള്‍ ഏതൊക്കെ ?
ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലകളില്‍ കോവിഡ് അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അടുത്ത വര്‍ഷം പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്‍ സര്‍വേ. 2021 ല്‍ പുതിയ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വര്‍ധവ് പ്രതീക്ഷിക്കുന്നതായി 40% പേര്‍ അഭിപ്രായപ്പെട്ടു. ഏപ്രിലില്‍ ഇത് 19% ആയിരുന്നു, അടുത്ത ആറുമാസത്തിനുള്ളില്‍ തങ്ങളുടെ കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് 53% ആളുകള്‍ പ്രതീക്ഷിക്കുന്നതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.
സമ്പദ്വ്യവസ്ഥയില്‍ മെല്ലെപ്പോക്ക് തുടരുമ്പോഴും സാവധാനം തുറക്കുന്ന ഈ സമയത്തും നിയമന നിരക്ക് ക്രമാനുഗതമായി കൊവിഡിന് മുമ്പുള്ള നിലകളിലേക്ക് തിരിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിങ്ക്ഡ്ഇന്‍ സര്‍വേ കണക്കുകള്‍ പ്രകാരം 2020 ഒക്ടോബറില്‍ നിയമന നിരക്ക് 46% വാര്‍ഷിക വളര്‍ച്ച നേടി. 2020 നവംബര്‍ വരെ, 78% തൊഴിലില്ലാത്ത പ്രൊഫഷണലുകള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടതായും സര്‍വേ പറയുന്നു.
32% ഇന്ത്യക്കാര്‍ മാത്രമാണ് അവരുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും ഇന്ത്യയിലെ 62% തൊഴിലന്വേഷകര്‍ പുതിയ തൊഴില്‍ മേഖലകള്‍ തിരിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തു. ഡാറ്റാ അനലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍, സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ എന്നിവയാണ് ആഗോളതലത്തില്‍ ഡിമാന്‍ഡുള്ള ജോലികള്‍. പൈത്തണ്‍, മെഷീന്‍ ലേണിംഗ്, ഡാറ്റാ സ്ട്രക്ചറുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എച്ച്ടിഎംഎല്‍ എന്നിവയാണ് അതിവേഗം ആര്‍ജിക്കുന്ന സ്‌കില്‍ ലിസ്റ്റ്.
വരും വര്‍ഷവും ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിങ്ക്ഡ് ഇന്റെ വര്‍ഷാവസാന കണ്ടെത്തലുകള്‍ അനുസരിച്ച്, 57% പ്രൊഫഷണലുകള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ചെലവഴിക്കുന്ന സമയം വര്‍ധിപ്പിക്കും. ശരിയായ ഡിജിറ്റല്‍, സോഫ്റ്റ് സ്‌കില്‍സ് വികസിപ്പിക്കുന്നതിനും, അതേ കമ്പനിയില്‍ തന്നെ പുതിയ അവസരങ്ങള്‍ നേടുന്നതിനുമാണിതെന്നും ലിങ്ക്ഡ് ഇന്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ അശുതോഷ് ഗുപ്ത പറഞ്ഞു.
Next Story
Videos