വരുമോ പബ്ജി വീണ്ടും?
ഇന്ത്യന്‍ യുവാക്കളെ ഏറെ സ്വാധീനിച്ച മൊബീല്‍ ഗെയിം പബ്ജി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളുയര്‍ത്തി രണ്ടു മാസം മുമ്പാണ് ചൈനീസ് വേരുകളുള്ള പബ്ജിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ദക്ഷിണ കൊറിയന്‍ സ്ഥാപനത്തിന് കീഴിലുള്ള പബ്ജി ഇന്ത്യയില്‍ തന്നെ ഡാറ്റ സൂക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി ആഗോള തലത്തിലുള്ള ക്ലൗഡ് സര്‍വീസ് ദാതാക്കളുമായി ബന്ധപ്പെട്ടു വരികയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ടെക് ഭീമനമായ ടെന്‍സെന്റ് ആണ് ഈ ദക്ഷിണകൊറിയന്‍ ഗെയിമിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് വിപണിയായ ഇന്ത്യയിലെ തങ്ങളുടെ ഭാവി പദ്ധതികളെ കുറിച്ച് ഉടനെ കമ്പനി അറിയിപ്പ് ഉണ്ടാകുമെന്നും ടെക്‌നോളജി മേഖലയില്‍ നിന്നുള്ള വാര്‍ത്ത. ദീപാവലിയോടനുബന്ധിച്ച് വന്‍തോതിലുള്ള മാര്‍ക്കറ്റിംഗിനും കമ്പനി പദ്ധതിയിടുന്നുണ്ട്.
പേടിഎം, എയര്‍ടെല്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളും പബ്ജിയുടെ ഇന്ത്യയിലെ അവകാശത്തിനായി മുന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ച് കോടി ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും ജനകീയമായ മൊബീല്‍ ഗെയ്മായിരുന്നു നിരോധിക്കുന്നതിന് മുമ്പ് പബ്ജി.