പബ്ജി 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ' ആയി അവതരിക്കുമ്പോള്‍

ഇന്ത്യയിലെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഹരമായിരുന്ന പബ്ജി ഇന്ത്യയില്‍ തിരികെയെത്തുന്നു. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ലോകത്തില്‍ തന്നെ ഏറെ ജനപ്രിയമായിരുന്ന ഓണ്‍ലൈന്‍ ഗെയ്മിംഗ് ആപ്പായ പബ്ജി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്ന് പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്.

തുടര്‍ന്ന് പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പബ്ജി കോര്‍പ്പറേഷന്‍ നടത്തിയെങ്കിലും അതും വിഫലമായി. ചൈനയിലെ ടെന്‍സെന്റ് ഗെയിംസുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് ഇന്ത്യയില്‍ പുതിയൊരു ഗെയിം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന് അനുതി ലഭിച്ചില്ല. നിലവില്‍ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പര്‍ ക്രാഫ്റ്റനാണ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നപേരില്‍ പബ്ജിയെ വീണ്ടുമെത്തിക്കുന്നത്.

ഗെയിം എപ്പോള്‍ ഇന്ത്യയില്‍ സമാരംഭിക്കുമെന്ന് കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ ലോഗോ പുറത്തുവിട്ടു. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എക്‌സ്‌ക്ലൂസീവ് ഇന്‍-ഗെയിം ഇവന്റുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടൂര്‍ണമെന്റുകളും ലീഗുകളും ഉള്‍ക്കൊള്ളുന്ന സ്വന്തം സ്‌പോര്‍ട്‌സ് ഇക്കോസിസ്റ്റം ഉണ്ടായിരിക്കും. മൊബൈല്‍ ഉപകരണങ്ങളില്‍ പ്ലേ-ടു-പ്ലേ അനുഭവമായി ഗെയിം സമാരംഭിക്കുമെന്നും ക്രാഫ്റ്റണ്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

സെന്‍സര്‍ടവര്‍ ഡാറ്റ പ്രകാരം 175 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് പബ്ജിക്ക് ഇന്ത്യയിലുണ്ടായിരുന്നത്. പബ്ജിയുടെ ആകെ ഉപഭോക്താക്കളില്‍ നാലിലൊന്നും ഇന്ത്യയില്‍നിന്നായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it