Begin typing your search above and press return to search.
ജിയോ സെപ്റ്റംബറില്‍ ഉപേക്ഷിച്ചത് 79 ലക്ഷം വരിക്കാര്‍, ജിയോയ്ക്ക് അടിതെറ്റിയത് എവിടെ? അവസരം മുതലാക്കി ബി.എസ്.എന്‍.എല്‍
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് സെപ്റ്റംബറില്‍ നഷ്ടപ്പെട്ടത് 79.6 ലക്ഷം വരിക്കാരെയാണ്. ജൂലൈയിലെ 7.5 ലക്ഷം വരിക്കാരും ഓഗസ്റ്റിൽ 41 ലക്ഷം വരിക്കാരും ജിയോ ഉപേക്ഷിച്ചു.
വരിക്കാരുടെ ചോർച്ചയുടെ അലയൊലികൾ ജിയോയിൽ മാത്രം ഒതുങ്ങുന്നില്ല. ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ സെപ്റ്റംബറിൽ 14.3 ലക്ഷം ഉപയോക്താക്കളുടെ നഷ്ടം രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യഥാക്രമം 16.9 ലക്ഷവും 24 ലക്ഷവും വരിക്കാരാണ് എയര്‍ടെല്ലിന് നഷ്ടപ്പെട്ടത്. വോഡഫോൺ ഐഡിയയ്ക്ക് സെപ്റ്റംബറിൽ 15.5 ലക്ഷം ഉപയോക്താക്കളെയും ഓഗസ്റ്റ്, ജൂലൈ മാസങ്ങളില്‍ യഥാക്രമം 18.7 ലക്ഷം, 14.1 ലക്ഷം ഉപയോക്താക്കളെയുമാണ് നഷ്ടമായത്.
ജൂലൈ ആദ്യം നടപ്പാക്കിയ മൊബൈല്‍ താരിഫ് വർദ്ധനയാണ് ജിയോയില്‍ നിന്നും മറ്റു കമ്പനികളില്‍ നിന്നും വരിക്കാര്‍ കൂട്ടത്തോടെ പിരിഞ്ഞു പോകാന്‍ കാരണമായത്. ജിയോ 12 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനയാണ് ഏര്‍പ്പെടുത്തിയത്. എയർടെല്ലും വോഡഫോൺ ഐഡിയയും 21 ശതമാനം വരെ വർദ്ധന പ്രഖ്യാപിച്ചു. ഇത് മൊബൈല്‍ ഉപയോക്താക്കളെ അവരുടെ ടെലികോം ചെലവുകൾ പുനർ മൂല്യനിർണയം നടത്താന്‍ നിര്‍ബന്ധിതരാക്കി. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനികള്‍ നിരക്ക് വര്‍ധന വരുത്തിയതെങ്കിലും, ഫലത്തില്‍ കമ്പനികള്‍ക്ക് ഇതു തിരിച്ചടിയാകുകയായിരുന്നു.
ബി.എസ്.എൻ.എൽ: അപ്രതീക്ഷിത ഗുണഭോക്താവ്
സ്വകാര്യ കമ്പനികള്‍ക്ക് ഇടിവുകൾ സംഭവിച്ചപ്പോള്‍, പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ഒരു നീണ്ട കാലയളവിനു ശേഷം ബി.എസ്.എന്‍.എല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യഥാക്രമം 29 ലക്ഷം, 25.3 ലക്ഷം ഉപയോക്താക്കളെയാണ് ചേർത്തത്. എന്നിരുന്നാലും, ബി.എസ്.എന്‍.എല്ലിന്റെ വളർച്ചാ വേഗത സെപ്റ്റംബറിൽ 8.4 ലക്ഷമായി കുറഞ്ഞു. സ്വകാര്യ കമ്പനികള്‍ വില വർദ്ധന ഏര്‍പ്പെടുത്തിയപ്പോള്‍ താരിഫ് പഴയപടി നിലനിർത്താനുള്ള സ്ഥാപനത്തിന്റെ തീരുമാനമാണ് ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. മൊബൈല്‍ ചെലവ് ചുരുക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ബി.എസ്.എന്‍.എല്ലിനായി.
വരുമാനം ഉണ്ടാക്കുന്നതിനും ഉപയോക്താക്കളെ നിലനിർത്തുന്നതിനും ഇടയിൽ ടെലികോം കമ്പനികള്‍ പാലിക്കേണ്ട സന്തുലിതാവസ്ഥ അടിവരയിടുന്നതാണ് വരിക്കാരുടെ സമീപകാല പ്രവണതകൾ. താരിഫ് വർദ്ധനകൾക്ക് ലാഭക്ഷമത കൂട്ടാന്‍ കഴിയുമെങ്കിലും, മൊബൈല്‍ ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ചോർച്ചയിലേക്ക് ഇത് നയിക്കുന്നു.
മൊബൈല്‍ കമ്പനികള്‍ ഉപയോക്താക്കളെ വര്‍ധിപ്പിക്കാനുളള തന്ത്രങ്ങൾ പുനരാവിഷ്കരിക്കുമ്പോൾ, വൈവിധ്യമാർന്ന ഉപയോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് മത്സരാധിഷ്ഠിത മൊബൈല്‍ ചാര്‍ജിംഗ് ഓഫറുകള്‍ ലഭിക്കുന്ന വിപണി അന്തരീക്ഷം ജനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍.
Next Story
Videos