

ഇന്ത്യക്കാരുടെ വിനോദ ശീലങ്ങളില്‍ മാത്രമല്ല, സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന മുന്‍ഗണനകളിലും ഇന്‍സ്റ്റാഗ്രാം റീല്‍സുകള്‍ വലിയ മാറ്റം വരുത്തുന്നതായി റിപ്പോര്‍ട്ട്. വെറുമൊരു വിനോദോപാധി എന്നതിനപ്പുറം റീല്‍സ് ഇപ്പോള്‍ കമേഴ്‌സ്യല്‍ ബിസിനസിന്റെ (Content-to-Commerce) വലിയൊരു കേന്ദ്രമായി മാറിയെന്നാണ് മെറ്റാ (Meta) നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയ ബ്രാന്‍ഡുകളെയും ഉല്‍പ്പന്നങ്ങളെയും കണ്ടെത്താന്‍ ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഇത്തരം ഹ്രസ്വ വീഡിയോകളാണ്. ഇന്ത്യയിലെ 23 നഗരങ്ങളിലും ഗ്രാമീണ മേഖലകളിലുമായി 4,000 പേരിലാണ് പ്രമുഖ സര്‍വേ ഏജന്‍സിയായ ഇപ്‌സോസ് (IPSOS) പഠനം നടത്തിയത്.
ഇന്ത്യക്കാര്‍ റീല്‍സില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ചുള്ള (Beauty & Makeup) വിവരങ്ങളും പുതിയ ഫാഷന്‍ ട്രെന്‍ഡുകളുമാണ് (Fashion & Trends). സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും ഈ വിഭാഗത്തിലുള്ള വീഡിയോകളാണ് സ്ഥിരമായി കാണുന്നത്.
ലൈഫ്സ്‌റ്റൈല്‍, ഫിറ്റ്നസ് വീഡിയോകള്‍ കാണുന്നത് 42% പേരാണ്. 39 ശതമാനം പേര്‍ കോമഡി വീഡിയോകള്‍ ആസ്വദിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് റീലുകള്‍ 38 ശതമാനം പേരും യാത്രാ റീലുകള്‍ 37 ശതമാനം പേരും കാണുന്നു.
ഇന്‍സ്റ്റാഗ്രാം റീല്‍സ് വഴി ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് ആദ്യമായി അറിയുന്നവരുടെ (Initial Product Discovery) നിരക്ക് 81 ശതമാനമാണ്. കൂടാതെ, ഏത് ബ്രാന്‍ഡ് തിരഞ്ഞെടുക്കണം എന്ന് നിശ്ചയിക്കുന്നതില്‍ 66 ശതമാനം സ്വാധീനവും ഫൈനല്‍ പര്‍ച്ചേസ് തീരുമാനങ്ങളില്‍ 47 ശതമാനം സ്വാധീനവും റീല്‍സുകള്‍ ചെലുത്തുന്നുണ്ട്. യുവതലമുറയിലാണ് (Gen-Z) ഈ പ്രവണത കൂടുതല്‍. ഈ വിഭാഗത്തിലെ 84 ശതമാനം പേരും പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നത് മെറ്റാ പ്ലാറ്റ്ഫോമുകള്‍ വഴിയാണ്.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 97 ശതമാനം പേരും ദിവസേന മെറ്റാ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ കാണുന്നവരാണ്. നഗരപ്രദേശങ്ങളില്‍ ഇത് 98 ശതമാനമാണെങ്കില്‍ ഗ്രാമീണ മേഖലകളില്‍ 94 ശതമാനമാണ് നിരക്ക്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമങ്ങളിലെ കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ്.
കേരളം പോലെ ഉയര്‍ന്ന ഡിജിറ്റല്‍ സാക്ഷരതയും ശക്തമായ ഉപഭോക്തൃ വിപണിയുമുള്ള ഒരു സംസ്ഥാനത്ത് ഈ ട്രെന്‍ഡ് വലിയ ബിസിനസ് സാധ്യതകളാണ് തുറന്നിടുന്നത്. പ്രാദേശിക ബ്രാന്‍ഡുകള്‍ക്കും ഡിടുസി (Direct-to-Consumer) സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ റീല്‍സ് വലിയൊരു അവസരമൊരുക്കുന്നു. പ്രത്യേകിച്ച് വാഹന വിപണിയില്‍ (Automotive sector) കാറുകള്‍ വാങ്ങാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്നതില്‍ റീല്‍സിന് 50 ശതമാനം പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Instagram Reels shifts from entertainment to a major commercial hub, deeply influencing final purchase decisions across India.
Read DhanamOnline in English
Subscribe to Dhanam Magazine