

ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 60 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗാണ് ഈ പ്ലാനിന്റെ സവിശേഷത. കുറഞ്ഞ ഡാറ്റ ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യവുമായാണ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന വൈഫൈ, കേബിള്‍, മൊബൈൽ ചെലവുകളും പണപ്പെരുപ്പവും കുടുംബ ബജറ്റുകളെ വലിയ തോതില്‍ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. 123 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. പ്രധാനമായും കോളുകൾക്കായി ഫോൺ ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനകരമാണ് ഈ പ്ലാന്‍. ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലുമുളള ലക്ഷക്കണക്കിന് കുറഞ്ഞ ഡാറ്റ ഉപയോക്താക്കളെ ആകർഷിക്കുകയാണ് ജിയോയുടെ തന്ത്രം.
എയർടെൽ, വോഡാഫോണ്‍ ഐഡിയ തുടങ്ങിയവയുടെ സമാന റീചാർജ് പ്ലാനുകളില്‍ നിന്ന് കുറഞ്ഞ നിരക്കിലാണ് ജിയോ ഈ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് പ്ലാന്‍ കാലാവധിക്കുളളില്‍ നല്‍കുന്നത്. ലളിതവും ദീർഘവുമായ റീചാർജ് സൈക്കിളുളള പ്ലാനില്‍ രണ്ടു മാസത്തേക്ക് ഏകദേശം രണ്ടു രൂപയാണ് പ്രതിദിനം ചെലവാകുന്നത്.
കോളുകൾക്കായി മാത്രം ഫോൺ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാര്‍, മൊബൈൽ ഡാറ്റയെ ആശ്രയിക്കാത്ത വീട്ടിൽ വൈഫൈ ഉള്ള ഉപയോക്താക്കൾ, രണ്ടാമത്തെ സിം ആയി ഉപയോഗിക്കുന്നവര്‍, ഇന്റർനെറ്റ് ഉപയോഗം കുറവാണെങ്കിലും കോളുകൾ അത്യാവശ്യമായ ഗ്രാമപ്രദേശങ്ങളിലെ ആളുകൾ തുടങ്ങിയവരെ ഉന്നംവെച്ചാണ് ജിയോ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത സർക്കിളുകളിൽ ആയിരിക്കും കമ്പനി ആദ്യം ഓഫർ അവതരിപ്പിക്കുക.
ജിയോ താങ്ങാനാവുന്ന വിലയുള്ള ദീർഘകാല വാലിഡിറ്റിയുളള പ്ലാനുമായി എത്തിച്ചതോടെ എയർടെൽ, വോഡാഫോണ്‍ തുടങ്ങിയ എതിരാളികൾ വിലനിർണയ തന്ത്രങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാകുമെന്നാണ് കരുതുന്നത്.
Reliance Jio launches prepaid plan with 60 days unlimited calling, targeting low-data users across rural India.
Read DhanamOnline in English
Subscribe to Dhanam Magazine