ഫിന്‍ടെക് കരുത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് ആഗോളീകരിക്കാന്‍ ഇന്ത്യ
രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുന്ന ഫിന്‍ടെക് കമ്പനികളുടെ കരുത്തില്‍ ലോകത്താകമാനം ഡിജിറ്റല്‍ പേയ്മെന്റ് വ്യാപിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് പ്രതീക്ഷ പുലര്‍ത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. യു.പി.ഐയും റുപേയും കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുംബൈയില്‍ പറഞ്ഞു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ്-2024 ല്‍ സംസാരിക്കുകയായിരുന്നു ശക്തികാന്ത ദാസ്. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് കൂടുതല്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം സജീവമായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകളേറെ
അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സജീവമാകുന്നതോടെ ഇന്ത്യയിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ജനങ്ങളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിക്കല്‍, ഉപഭോക്താക്കളുടെ താല്‍പര്യങ്ങളുടെ സംരക്ഷണം, സാമ്പത്തിക ഇടപാടുകളുടെ ആഗോള സംയോജനം തുടങ്ങി വിവിധ മേഖലകളില്‍ സാധ്യതകള്‍ ഉയരുന്നുണ്ട്. ഈ മേഖലക്ക് റിസര്‍വ് ബാങ്ക് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള അന്താരാഷ്ട്ര വേദികളിലെല്ലാം ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
താല്‍പര്യവുമായി കൂടുതല്‍ രാജ്യങ്ങള്‍
യു.എ.ഇ, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി ഈ മേഖലയില്‍ ഇന്ത്യ സഹകരണം ശക്തമാക്കിയിട്ടുണ്ട്. യു.പി.ഐ പേയ്‌മെന്റിന്റെ സാങ്കേതിക സഹകണം തേടി ഫ്രാന്‍സ്, നമീബിയ, പെറു തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ജാം-യു.പി.ഐ-യു.എല്‍.ഐ ത്രയം ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ വിപ്ലവമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. റൂപേയുടെ ആഗോള സ്വീകാര്യത ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഫിന്‍ടെക് കമ്പനികള്‍ ഇന്ത്യയിലേക്ക് കഴിഞ്ഞ വര്‍ഷം 600 കോടി ഡോളര്‍ നിക്ഷേപം കൊണ്ടുവന്നതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.