മത്സരം ഗൂഗിളിനോടും ഫേസ്ബുക്കിനോടും; ഷോര്‍ട്ട് വീഡിയോ ആപ്പുമായി റിലയന്‍സ് ജിയോ

ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ. റോളിംഗ് സ്‌റ്റോണ്‍ ഇന്ത്യ, ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യ എന്നിവയുടെ സഹകരണത്തോടെയാണ് ജിയോ ആപ്പ് എത്തുന്നത്. പ്ലാറ്റ്‌ഫോം (Platfom) എന്നാണ് ആപ്പിന് നല്‍കിയിരിക്കുന് പേര്.

നിലവില്‍ ഇന്‍വൈറ്റ് ഓണ്‍ലി രീതിയില്‍ ആപ്പിന്റെ ബീറ്റ വേര്‍ഷനാണ് ലഭ്യമാവുന്നത്. തുടക്കത്തില്‍ 100 ക്രിയേറ്റര്‍മാരെയാണ് ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിക്കുന്നത്. ഇവര്‍ക്ക് ഗോള്‍ഡന്‍ വെരിഫിക്കേഷനും റെഫറല്‍ പ്രോഗ്രാം വഴി പുതിയ ക്രിയേറ്റര്‍മാരെ പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിക്കാനുള്ള അവസരവും ഉണ്ട്. ഭാവിയില്‍ ആപ്ലിക്കേഷനില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ പ്രിവ്യൂ ചെയ്യുന്നതും ഈ 100 ക്രിയേറ്റര്‍മാര്‍ ആയിരിക്കും.

ഗോള്‍ഡന്‍ കൂടാതെ സില്‍വര്‍, ബ്ലൂ, റെഡ് ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജുകളും ക്രിയേറ്റര്‍മാര്‍ക്കായി പ്ലാറ്റ്‌ഫോം നല്‍കും. കണ്ടന്റുകള്‍, പിന്തുടരുന്നവരുടെ എണ്ണം എന്നിവ പരിഗണിച്ചാവും ഈ ബാഡ്ജുകള്‍ ലഭിക്കുന്നത്. അതേ സമയം മറ്റ് ആപ്പുകളില്‍ നിന്ന് ജിയോ പ്ലാറ്റ്‌ഫോമിനെ വ്യത്യസ്തമാക്കുന്നത് പെയ്ഡ് പ്രൊമോഷനുള്ള അവസരം ഉണ്ടാകില്ല എന്നതാണ്. കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സ്വാഭാവിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നത്.

ഫോളോവേഴ്‌സിനും ബ്രാന്‍ഡുകള്‍ക്കും ക്രിയേറ്റര്‍മാരുമായി ഇടപെഴകാന്‍ ബുക്ക് നൗ ബട്ടണ്‍ ഫീച്ചറും ആപ്പിന്റെ ഭാഗമാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ക്രിയേറ്റര്‍മാര്‍ക്ക് പണം കണ്ടെത്താനുള്ള അവസരമാണ് പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. മികച്ച ക്രിയേറ്റര്‍മാര്‍ക്ക് റോളിംഗ് സ്‌റ്റോണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഫീച്ചര്‍ ചെയ്യപ്പെടും. 2023 ജനുവരിയില്‍ ആവും ആപ്ലിക്കേഷന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുക. യൂട്യൂബ് (ഷോര്‍ട്ട്‌സ്), ഇന്‍സ്റ്റ/ഫേസ്ബുക്ക് (റീല്‍), ഷെയര്‍ചാറ്റ്, എംഎക്‌സ് ടക്കാടക്ക്, ജോഷ്, മോജ് തുടങ്ങി നിരവധി ഷോര്‍ട്ട് വീഡിയോ ആപ്പുകളോടാണ് ജിയോ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

Related Articles
Next Story
Videos
Share it