ഫ്രഞ്ച് പ്രതിരോധ കമ്പനി ഇന്ത്യയിലേക്ക്; നോട്ടം ഉല്‍പ്പാദന മേഖലയില്‍
പ്രതിരോധ, വ്യോമയാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി വ്യാപാര സഹകരണമുള്ള ഫ്രാന്‍സിലെ സഫ്രാന്‍ എന്ന കമ്പനിയാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അടുത്തിടെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു . പ്രതിരോധ രംഗത്ത് ഗവേഷണം , സാങ്കേതിക ശേഷി വികസനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . ഈ മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതയാണ് പ്രധാനമായും ചര്‍ച്ചയായത്.
ശ്രദ്ധ പ്രതിരോധ ഇലക്ട്രോണിക്‌സില്‍
പ്രതിരോധ,വ്യോമയാന മേഖലകളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലാകും സഫ്രാന്‍ ശ്രദ്ധ നല്‍കുന്നത്. ഇതിനായി ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കും. ഇന്ത്യന്‍ പ്രതിരോധ സേനക്ക് ആവശ്യമായ സെന്‍സറുകള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാരീസില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചിരുന്നു. ടൈററാനിയം അലോയ്, നിക്കല്‍ സൂപ്പര്‍ അലോയ് തുടങ്ങിവയില്‍ ഭാരം കുറഞ്ഞ ആയുധ ശേഖരമൊരുക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി സഫ്രാന്‍ കമ്പനി നിലവിൽ സഹകരിക്കുന്നത് ഹെലികോപ്റ്ററുകളുടെ സാങ്കേതിക വിദ്യയിലാണ്. ഹൈദരാബാദില്‍ ജി.എം.ആര്‍ ഏവിയേഷന്‍ സെസില്‍ സഫ്രാന്‍ കഴിഞ്ഞ വര്‍ഷം ഭൂമി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട് .