₹2.15 ലക്ഷത്തിന്റെ ഫോള്‍ഡ് ഫോണ്‍! ₹1.09 ലക്ഷത്തിന് ഫ്‌ളിപ്പ്, ഇക്കുറി പുതിയൊരാളും, എസ് പെന്നില്‍ നിരാശപ്പെടുത്തി സാംസംഗ്; ഇതൊക്കെ ആര് വാങ്ങും? കണക്കുകള്‍ ഇങ്ങനെ

ആന്‍ഡ്രോയ്ഡ് 16ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ 8 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മൂന്ന് ഫോണുകളിലുമുള്ളത്
A girl taking selfie on samsung fold 7 phone
https://news.samsung.com/
Published on

കൂടുതല്‍ സാങ്കേതിക മികവില്‍ പുതുതലമുറ ഫോള്‍ഡ് ഫോണുകള്‍ പുറത്തിറക്കി സാംസംഗ്. ഗ്യാലക്‌സി ഇസഡ് ഫ്‌ളിപ്പ് 7, ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 7 എന്നിവക്കൊപ്പം വിലക്കുറവില്‍ ഗ്യാലക്‌സി ഫ്‌ളിപ്പ് 7 എഫ്.ഇയും (ഫാന്‍ എഡിഷന്‍) ഇന്ത്യയിലെത്തി. മുന്‍മോഡലുകളിലെ കുറവുകള്‍ പരിഹരിച്ചും എ.ഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയും കൂടുതല്‍ സ്‌പെസിഫിക്കേഷനുകളോടെയുമാണ് ഇവയെത്തുന്നത്. എന്നാല്‍ സാംസംഗ് ആരാധകര്‍ ഏറെ പ്രതീക്ഷിച്ച എസ് പെന്‍ ഫോള്‍ഡ് 7ല്‍ നിന്നും ഒഴിവാക്കിയത് നിരാശപ്പെടുത്തി. ഫോണിന്റെ കനം കുറക്കാനാണ് എസ് പെന്നിനെ ഒഴിവാക്കിയതെന്നാണ് സൂചന.

https://news.samsung.com/

നോട്ടുബുക്ക് പോലെ തുറക്കാന്‍ ഫോള്‍ഡ് 7

മടക്കാവുന്ന (ഫോള്‍ഡബിള്‍) സ്മാര്‍ട്ട് ഫോണുകളില്‍ കനവും ഭാരവും ഏറ്റവും കുറഞ്ഞ മോഡലാണ് ഫോള്‍ഡ് 7 എന്നാണ് സാംസംഗ് പറയുന്നത്. മടക്കുമ്പോള്‍ 4.2 മില്ലിമീറ്ററും തുറന്നാല്‍ 8.9 മില്ലിമീറ്ററുമാണ് ഫോണിന്റെ കനം. 215 ഗ്രാമാണ് ഭാരം. ഇത്തരം ഫോണുകളുടെ പ്രധാന വെല്ലുവിളിയായിരുന്ന ഹിഞ്ചുകളുടെ ഡിസൈനില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതായും സാംസംഗ് പറയുന്നു. ആര്‍മേര്‍ഡ് ഫ്‌ളെക്‌സ് ഹിഞ്ച് എന്ന പേരില്‍ അവതരിപ്പിച്ച സാങ്കേതിക വിദ്യ ഫോണ്‍ തുറക്കുമ്പോള്‍ ഡിസ്ലേപിയില്‍ പ്രകടമാകുന്ന രൂപമാറ്റം പരമാവധി കുറച്ചിട്ടുണ്ട്.

https://news.samsung.com/

നിരവധി എ.ഐ ഫീച്ചറുകള്‍ക്കൊപ്പം ഫോള്‍ഡ് സീരീസില്‍ ഇതാദ്യമായി 200 മെഗാപിക്‌സലിന്റെ കിടിലന്‍ ക്യാമറയും ഉള്‍പ്പെടുത്തി. കൂടാതെ 12 എം.പി അള്‍ട്രാ വൈഡ് ഷൂട്ടറും 10 എം.പി ടെലിഫോട്ടോ ലെന്‍സും പിന്‍ഭാഗത്തുണ്ട്. മുന്‍ മോഡലുകളിലെ 50 എം.പി ക്യാമറയേക്കാള്‍ നാല് മടങ്ങ് ശേഷി കൂടി. എ.ഐ അധിഷ്ഠിത പ്രോവിഷ്വല്‍ എഞ്ചിന്‍ കൂടി ചേരുമ്പോള്‍ കിടിലന്‍ ഫോട്ടോകള്‍ ഉറപ്പെന്നും സാംസംഗ് പറയുന്നു.

https://news.samsung.com/

സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

ഗ്യാലക്‌സി ഫോണുകള്‍ക്ക് വേണ്ടി നിര്‍മിച്ച സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറാണ് ഫോണിനെ നിയന്ത്രിക്കുന്നത്. എ.ഐ ഫീച്ചറുകളും ഗ്രാഫിക്‌സ് അനുഭവവും ഫോണിന്റെ പെര്‍ഫോമന്‍സും മികച്ചതാക്കാന്‍ പുതിയ പ്രോസസറിനാകും. സാംസംഗിന്റെ ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ ആണെങ്കിലും 4,300 എം.എ.എച്ചിന്റെ മികച്ച ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1,74,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് 2.11 ലക്ഷമാണ് വില. 16 ജി.ബി വരെ റാമും 1 ടി.ബി വരെയുള്ള സ്‌റ്റോറേജുമാണ് ഫോണിലുള്ളത്.

https://news.samsung.com/

ഫ്‌ളിപ്പ് 7

കീശയിലൊതുങ്ങുന്ന എ.ഐ പവര്‍ ഹൗസാണ് ഫ്‌ളിപ്പ് 7 എന്നാണ് സാംസംഗിന്റെ വിശേഷണം. പുറത്തെ ഡിസ്‌പ്ലേയില്‍ മനോഹരമായി ചേര്‍ത്തിരിക്കുന്ന എഡ്ജ്-ടു-എഡ്ജ് ഫ്‌ളെക്‌സ് വിന്‍ഡോയാണ് പ്രധാന ആകര്‍ഷണം. ഫ്‌ളിപ്പ് മോഡലുകളിലെ ഏറ്റവും വലുതാണിത്. 4.1 ഇഞ്ചിന്റെ കവര്‍ ഡിസ്‌പ്ലേയില്‍ രണ്ട് ക്യാമറകളും മനോഹരമായി ചേര്‍ത്തു. മെസേജുകള്‍ വായിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ ഈ സ്‌ക്രീന്‍ ഉപകരിക്കുമെന്നും സാംസംഗ് പറയുന്നു. 120 ഹെര്‍ട്‌സ് വരെ പരമാവധി റിഫ്രഷ് റേറ്റിംഗുള്ള ഡിസ്‌പ്ലേയാണിത്. 6.9 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഉള്ളിലുള്ളത്.

https://news.samsung.com/

188 ഗ്രാം മാത്രം ഭാരമുള്ള ഫ്‌ളിപ്പ് 7ന്റെ കോംപാക്ട് സൈസാണ് മറ്റൊരു ആകര്‍ഷണം. ഇരു ഡിസ്‌പ്ലേകള്‍ക്കും കോര്‍ണിംഗ് ഗൊറില്ല വിക്ടസ് 2ന്റെ സംരക്ഷണമൊരുക്കിയിട്ടുണ്ട്. അലൂമിനിയം ഫ്രെയിമിലാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. 4,300 എം.എ.എച്ചിന്റെ ബാറ്ററിയും ഫോണിലുണ്ട്. 50 എം.പിയുടെ വൈഡ് ലെന്‍സും 12 എം.പിയുടെ അള്‍ട്രാ വൈഡ് ലെന്‍സുമുള്ള ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. ഇതുപയോഗിച്ച് കിടിലന്‍ സെല്‍ഫിയും വീഡിയോയും എടുക്കാമെന്നതാണ് പ്രത്യേകത. 3 എന്‍.എം എക്‌സിനോസ് 2500 ചിപ്പ് സെറ്റാണ് ഫോണിന്റെ പ്രകടനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 1,09,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ബ്ലൂ ഷാഡോ, ജെറ്റ് ബ്ലാക്ക്, കോറല്‍ റെഡ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

https://news.samsung.com/

ഫാന്‍ എഡിഷനും

ഇക്കുറി മറ്റൊരു സര്‍പ്രൈസും കരുതിവെച്ചിരുന്നു. കുറഞ്ഞ വിലയില്‍ ഫ്‌ളിപ്പ് അനുഭവം ആസ്വദിക്കാന്‍ ഗ്യാലക്‌സി ഇസഡ് ഫ്‌ളിപ്പ് 7 എഫ്.ഇയും കമ്പനി വിപണിയിലെത്തിച്ചു. 6.7 ഇഞ്ചിന്റെ പ്രധാന ഡിസ്‌പ്ലേയും 3.4 ഇഞ്ചിന്റെ കവര്‍ സ്‌ക്രീനുമാണ് ഫോണിലുള്ളത്. 187 ഗ്രാമാണ് ഭാരം. കവര്‍ സ്‌ക്രീനില്‍ 50 എം.പിയുടെ പ്രധാന ക്യാമറയും 12 എം.പിയുടെ അള്‍ട്രാ വൈഡ് ക്യാമറയും മികച്ച രീതിയില്‍ തന്നെ ക്രമീകരിച്ചു. സാംസംഗിന്റെ സ്വന്തം എക്‌സിനോസ് 2400 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 8ജി.ബി റാം, 128 ജി.ബി, 256 ജി.ബി സ്‌റ്റോറേജ് ഓപ്ഷനുകളാണുള്ളത്. 4,000 എം.എ.എച്ചിന്റെ ബാറ്ററിയുമുണ്ട്. ബ്ലാക്ക്, വൈറ്റ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 89,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

ഇതൊക്കെ ആരെങ്കിലും വാങ്ങുമോ?

ആന്‍ഡ്രോയ്ഡ് 16ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ 8 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മൂന്ന് ഫോണുകളിലുമുള്ളത്. എസ് പെന്‍ ഒഴിവാക്കിയെന്ന പരാതി ഒഴിച്ചാല്‍ സാങ്കേതിക വിദ്യയിലും സുരക്ഷയിലും ഡിസൈനിലും മികച്ച ഫോണുകളാണിവ. എന്നാല്‍ ഇത്രയും പണം കൊടുത്ത് ആളുകള്‍ ഫോണ്‍ വാങ്ങുമോയെന്ന സംശയമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലെ ടിയര്‍2, ടിയര്‍ 3 നഗരങ്ങളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ഫോണുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് സാംസംഗിന്റെ വിശദീകരണം. മാസത്തവണകളായി തിരിച്ചടക്കാമെന്ന ഫീച്ചറാണ് ഇതിനുള്ള പ്രധാന കാരണമെന്നും കമ്പനി വിശദീകരിക്കുന്നു. 2024ല്‍ 5.3 ലക്ഷം ഫോള്‍ഡബിള്‍ ഫോണുകളാണ് ഇന്ത്യയില്‍ വിറ്റുപോയതെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്ക്. ഇതില്‍ 80 ശതമാനവും സാംസംഗ് ഫോണുകളാണെന്നതാണ് പ്രത്യേകത. അതേസമയം, കൂടുതല്‍ ഫീച്ചറുകള്‍ അടങ്ങിയ ഫ്‌ളിപ്പ് 7 ഫോണ്‍ 20,000 രൂപ വ്യത്യാസത്തില്‍ ലഭ്യമാകുമ്പോള്‍ ഫാന്‍ എഡിഷന്‍ വിറ്റുപോകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com