Begin typing your search above and press return to search.
278 കോടി രൂപ വാടക; വമ്പന്‍ കെട്ടിടം വാടകയ്‌ക്കെടുത്ത് സാംസംഗ്
ടെക്‌നോളജി മേഖലയില്‍ അടുത്ത വര്‍ഷങ്ങളിലെ ഏറ്റവും വലിയ ലീസിംഗ് ഇടപാടുകളിലൊന്ന് നടത്തി ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനി സാംസംഗ്. നോയ്ഡയിലെ 3.57 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം പത്തു വര്‍ഷത്തേക്ക് 278 കോടി രൂപയ്ക്കാണ് കമ്പനി പാട്ടത്തിനെടുത്തത്. ഏകദേശം രണ്ടു കോടി രൂപയാണ് പ്രതിമാസ വാടക.
നോയ്ഡ സെക്ടര്‍ 135 ലെ ഇന്‍ഫോസ്‌പേസിലെ 10 നിലകളാണ് പാട്ടത്തിന് എടുത്തിരിക്കുന്നത്. കാനഡയിലെ ബ്രൂക്ക്ഫീല്‍ഡ് ആണ് കെട്ടിടം പാട്ടത്തിന് നല്‍കിയത്. ആദ്യ മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 1.94 കോടി രൂപയാണ് വാട്ക. തുടര്‍ന്നുള്ള മൂന്നു വര്‍ഷവും 15 ശതമാനം വാടക വര്‍ധനയും വ്യവസ്ഥയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 503 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇതോടൊപ്പം സാംസംഗിന് ലഭിക്കും.
മൊബീല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍ & ഡി) സെന്റര്‍ സജ്ജീകരിക്കാനാകും സാംസംഗ് ഇത് പ്രയോജനപ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മൂന്ന് ഗവേഷണ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ഗുരുഗ്രാം, നോയ്ഡ, ബംഗളൂരു എന്നിവിടങ്ങളിലാണത്. ഗുരുഗ്രാമിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു വേണ്ടി 2016 ല്‍ കമ്പനി ഡിഎല്‍എഫിന്റെ റ്റു ഹോറിസോണ്‍ സെന്ററില്‍ 3.5 ലക്ഷം ചതുരശ്രയടി സ്ഥലം പാട്ടത്തിനെടുത്തിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന് ശക്തി കുറഞ്ഞതോടെ അടുത്തിടെ രാജ്യത്ത് പല ടെക്‌നോളജി കമ്പനികളും വ്യാപകമായി കെട്ടിടങ്ങള്‍ പാട്ടത്തിനെടുത്തിരുന്നു. അടുത്തിടെ ഇവൈ ഗ്ലോബല്‍ നോയ്ഡയിലെ നാവിസ് ബിസിനസ് പാര്‍ക്കില്‍ 1.15 ലക്ഷം ചതുരശ്രയടി പാട്ടത്തിനെടുത്തിരുന്നു.
Next Story
Videos