സഞ്ചാര്‍ സാഥി മൊബൈല്‍ ഫോണില്‍ കയറിക്കൂടുന്നത് ഉപകാരമോ ഭീഷണിയോ? സര്‍ക്കാറും പ്രതിപക്ഷവും രണ്ടു തട്ടില്‍, മലക്കം മറിഞ്ഞ് കേന്ദ്രം

സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനും വേണ്ടിയാണ് ഈ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുമ്പോള്‍, ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
സഞ്ചാര്‍ സാഥി മൊബൈല്‍ ഫോണില്‍ കയറിക്കൂടുന്നത് ഉപകാരമോ ഭീഷണിയോ? സര്‍ക്കാറും പ്രതിപക്ഷവും രണ്ടു തട്ടില്‍, മലക്കം മറിഞ്ഞ് കേന്ദ്രം
Published on

അടുത്ത മാര്‍ച്ച് മുതല്‍ എല്ലാ സ്മാര്‍ട്ട്ഫോണുകളിലും 'സഞ്ചാര്‍ സാഥി' (Sanchar Saathi) ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയെന്ന ഉത്തരവില്‍ മലക്കം മറിഞ്ഞ് കേന്ദ്രം. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സഞ്ചാര്‍ സാഥി ഓപ്ഷണല്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ആപ്പ് ഡിലീറ്റ് ചെയ്യാം, എല്ലാവര്‍ക്കും ആപ്പിക്കേഷന്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അത് സൂക്ഷിക്കണോ വേണ്ടയോ എന്നത് ഉപയോക്താവിന്റെ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സഞ്ചാര്‍ സാഥി'ആപ്പ് നിര്‍ബന്ധമായി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നീക്കം രാജ്യത്ത് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരുന്നു. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനും വേണ്ടിയാണ് ഈ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുമ്പോള്‍, ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.

ഈ സര്‍ക്കാര്‍ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കാത്ത വിധം പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒരു 'ദുരന്ത സ്വഭാവമുള്ള നിരീക്ഷണ ഉപകരണമാണ്' എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്.

ഈ നീക്കം ഭരണഘടനാ വിരുദ്ധമാണ്. ബിഗ് ബ്രദറിന് നമ്മളെ നിരീക്ഷിക്കാൻ കഴിയില്ല. ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) ഇതിലൂടെ ലംഘിക്കപ്പെടുകയാണ്. ഓരോ പൗരന്റെയും ചലനങ്ങളും, ആശയവിനിമയങ്ങളും, തീരുമാനങ്ങളും നിരീക്ഷിക്കാനുള്ള ഉപകരണമായി ഇത് മാറുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ശിവസേന-യുബിടി എംപി പ്രിയങ്ക ചതുര്‍വേദിയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.. വ്യക്തിഗത ഫോണുകളിലേക്ക് കടന്നുകയറാനുള്ള ഇത്തരം നിഗൂഢ മാര്‍ഗ്ഗങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രീയ നിരീക്ഷകനായ തെഹ്‌സീൻ പൂനവാല ഈ ഉത്തരവിനെ "അതീവ നിന്ദ്യമായ" നടപടിയാണ് (outrageous) എന്ന് വിശേഷിപ്പിച്ചു. നീക്കം ചെയ്യാനാവാത്ത ഒരു ആപ്പ് ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് കേന്ദ്ര സർക്കാരിന് "നമ്മുടെ കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ എന്നിവയിൽ ചാരപ്രവർത്തനം നടത്താനുള്ള അധികാരം" നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "കുറ്റവാളികളെപ്പോലെ നമ്മെ നിരീക്ഷിക്കാൻ" സർക്കാരിനെ അനുവദിക്കുന്ന നീക്കമാണിതെന്നും ഇതിനെതിരെ പൊതുജന പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശങ്കയുമായി മൊബൈല്‍ കമ്പനികളും

സര്‍ക്കാറിന്റെ ഈ തീരുമാനം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ (Apple), സാംസങ് (Samsung), ഷവോമി (Xiaomi) തുടങ്ങിയ കമ്പനികളുമായി അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നായിരുന്നു നിരീക്ഷണങ്ങള്‍.. സമാനമായ നിര്‍ദ്ദേശങ്ങളെ ആപ്പിള്‍ നേരത്തെ തന്നെ സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് എതിര്‍ത്തിട്ടുണ്ട്. നിര്‍മ്മാതാക്കളുമായി കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്നും വ്യവസായ വൃത്തങ്ങള്‍ ആശങ്കപ്പെടുന്നു.

നിര്‍ബന്ധിതമായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്, ഡാറ്റാ സംരക്ഷണ നിയമങ്ങളുടെ കാതലായ ഉപയോക്താവിന്റെ സമ്മതം (User Consent) എന്ന തത്വം ഇല്ലാതാക്കുന്നു എന്നാണ് സ്വകാര്യതാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വീണ്ടെടുത്തത് 50,000 ഫോണുകള്‍

നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും സൈബര്‍ ഭീഷണികള്‍ തടയുന്നതിനുള്ള അനിവാര്യമായ നടപടിയാണ് ഇതെന്നുമാണ് സര്‍ക്കാരിന്റെ വാദം.

മോഷ്ടിക്കപ്പെട്ട നാല്‍പത് ലക്ഷത്തിലധികം ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ഇരുപത്തിയാറ് ലക്ഷത്തിലധികം ഉപകരണങ്ങള്‍ വീണ്ടെടുക്കാനും സഞ്ചാര്‍ സാഥി പ്ലാറ്റ്‌ഫോം സഹായിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2025 ഒക്ടോബറില്‍ മാത്രം കളവു പോയ അമ്പതിനായിരത്തിലധികം ഫോണുകളാണ് ഈ ആപ്പ് വഴി വീണ്ടെടുക്കാന്‍ സാധിച്ചത്.

ഈ ആപ്ലിക്കേഷൻ വഴി വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ എടുക്കുന്നില്ല എന്നും അനധികൃത ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നത് മാത്രമാണ് ഇതിന്റെ ഏക ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com