

ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ് (Artificial Superintelligence) വികസിപ്പിക്കുന്നതിനുള്ള കടുത്ത മത്സരത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് ചെയർമാനും സി.ഇ.ഒയുമായ സത്യ നാദെല്ല. എ.ഐ സാങ്കേതികവിദ്യ മനുഷ്യരാശിയെ സേവിക്കുകയും പൂർണമായും മനുഷ്യന്റെ നിയന്ത്രണത്തിൽ (human control) നിലനിൽക്കുകയും ചെയ്താൽ മാത്രമേ അത് വികസിപ്പിക്കുന്നതിൽ അർത്ഥമുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
സൂപ്പർ ഇന്റലിജൻസ് വികസനത്തിൽ പാലിക്കേണ്ട പ്രധാന തത്വം വളരെ ലളിതമാണെന്ന് നാദെല്ല ചൂണ്ടിക്കാട്ടി. എ.ഐ മനുഷ്യനെ സഹായിക്കുന്നില്ലെങ്കിലോ മനുഷ്യന്റെ നിയന്ത്രണത്തിന് വിധേയമല്ലെങ്കിലോ അത് വികസിപ്പിക്കേണ്ടതില്ല. എന്നാൽ എ.ഐ വികസനം പൂർണമായി ഉപേക്ഷിക്കണമെന്നല്ല, മറിച്ച് നിയന്ത്രിതമായ വേഗത (deliberate pacing), ശക്തമായ വിലയിരുത്തലുകൾ (evaluations) എന്നിവ ഉറപ്പാക്കണം.
എ.ഐ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ചുരുക്കം ചില എ.ഐ വികസിപ്പിക്കുന്ന കമ്പനികളിൽ മാത്രം കേന്ദ്രീകരിക്കപ്പെടാതെ വിവിധ രാജ്യങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ബിസിനസുകൾക്കും ഒരുപോലെ ലഭ്യമാകണം. ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ പ്രധാന വിവരങ്ങളും തീരുമാനങ്ങളും ഒറ്റ എ.ഐ മോഡൽ പ്രൊവൈഡർക്ക് കൈമാറാതെ, തങ്ങളുടെ ഡാറ്റയുടെയും എ.ഐ സിസ്റ്റങ്ങളുടെയും ഉടമസ്ഥാവകാശം സ്വന്തമായി സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എ.ഐ ശേഷി വളരുമ്പോൾ അത് മനുഷ്യലക്ഷ്യങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കാൻ 'എംബഡഡ് ഇവാലുവേറ്റർമാർ' (embedded evaluators) പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കണം. എ.ഐ മോഡൽ നൽകുന്ന മറുപടികൾ എത്രത്തോളം ശരിയാണ്, അനുയോജ്യമാണ്, അല്ലെങ്കിൽ സുരക്ഷിതമാണ് എന്ന് ആ സിസ്റ്റം തന്നെ സ്വയം പരിശോധിക്കുന്ന ഇൻ-ബിൽറ്റ് (In-built) സംവിധാനമാണിത്.
മൈക്രോസോഫ്റ്റ് തങ്ങളുടെ സ്വന്തം മോഡലുകൾക്കായി ഒരു 'കോഡ് ഓഫ് കണ്ടക്ട്' (Code of Conduct) ഉടൻ പ്രസിദ്ധീകരിക്കും. മുൻനിര എ.ഐ ലാബുകളിലെ പ്രമുഖ ഗവേഷകരുടെ രാജി പ്രഖ്യാപനങ്ങളുടെയും, സൂപ്പർ ഇന്റലിജൻസിന്റെ അപായസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിലാണ് നാദെല്ലയുടെ ഈ നിർണായക നിലപാട്.
Read DhanamOnline in English
Subscribe to Dhanam Magazine