

വോഡഫോണ്‍ ഐഡിയയുടെ (Vi) വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. 2025-26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (Q3) കമ്പനിക്ക് ഏകദേശം 35 ലക്ഷം വരിക്കാരെ നഷ്ടപ്പെടുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ഒമ്പത് മാസമായി വരിക്കാരുടെ കൊഴിഞ്ഞുപോക്കിൽ ചെറിയ ആശ്വാസം പ്രകടമായിരുന്നെങ്കിലും പുതിയ കണക്കുകൾ കമ്പനിക്ക് തിരിച്ചടിയാകുകയാണ്.
വോഡഫോണ്‍ ഐഡിയയിൽ നിന്ന് ഒഴിഞ്ഞുപോകുന്ന വരിക്കാരിൽ ഭൂരിഭാഗവും റിലയൻസ് ജിയോയിലേക്കും ഭാരതി എയർടെല്ലിലേക്കുമാണ് മാറുന്നത്. ഈ രണ്ട് മുൻനിര കമ്പനികളും തങ്ങളുടെ 5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കുന്നതും ആകർഷകമായ ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുന്നതും വരിക്കാരെ ആകർഷിക്കാൻ കാരണമായി. മൂന്നാം പാദത്തിൽ ജിയോയും എയർടെല്ലും തങ്ങളുടെ വരിക്കാരുടെ എണ്ണത്തിലും ശരാശരി വരുമാനത്തിലും (ARPU) മികച്ച വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ടെലികോം കമ്പനികളും ഡിസംബര്‍ പാദഫലങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാനിരിക്കുകയാണ്.
മറ്റു കമ്പനികൾ 5ജി സേവനങ്ങളുമായി മുന്നേറുമ്പോൾ വൊഡഫോൺ ഐഡിയക്ക് തങ്ങളുടെ 5ജി സേവനം പൂർണതോതിൽ ആരംഭിക്കാൻ സാധിക്കാത്തത് വരിക്കാരെ നിരാശരാക്കുന്നുണ്ട്. കൂടാതെ കടബാധ്യതകളും നിക്ഷേപ സമാഹരണത്തിലെ വെല്ലുവിളികളും നെറ്റ്‌വർക്ക് നവീകരണത്തെ ബാധിക്കുന്നു. താരിഫ് വർദ്ധനവിനെത്തുടർന്ന് കുറഞ്ഞ വരുമാനമുള്ള വരിക്കാർ കൂട്ടത്തോടെ വിട്ടുപോകുന്നതും കമ്പനിക്ക് ഭീഷണിയാണ്.
എന്നിരുന്നാലും പുതിയ നിക്ഷേപങ്ങൾ കണ്ടെത്താനും 4ജി കവറേജ് വർദ്ധിപ്പിക്കാനും 5ജി പൂര്‍ണ തോതില്‍ ലോഞ്ച് ചെയ്യാനുമുള്ള ശ്രമങ്ങൾ വൊഡഫോൺ ഐഡിയ തുടരുകയാണ്. വരും പാദങ്ങളിൽ വരിക്കാരെ പിടിച്ചുനിർത്താൻ കമ്പനിക്ക് സാധിക്കുമോ എന്നത് ഈ നവീകരണ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കും. വിപണിയിലെ ഈ മാറ്റം ഇന്ത്യൻ ടെലികോം രംഗം കൂടുതൽ മത്‌സരമുള്ളതാക്കി മാറ്റുകയാണ്.
Vodafone Idea to lose 3.5 million users in Q3FY26 as Jio and Airtel gain ground with stronger 5G rollout and data plans.
Read DhanamOnline in English
Subscribe to Dhanam Magazine