സിം ഊരിയാല്‍ നോ വാട്‌സ്ആപ്പ്! വാട്‌സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരുന്നു; എങ്ങനെ ബാധിക്കും? ബിസിനസുകള്‍ക്ക് തിരിച്ചടിയോ?

നിലവില്‍ മെസേജിംഗ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഒ.ടി.പി വഴി സിം കാര്‍ഡ് പരിശോധന നടത്തുന്നത്
A person with blue nail polish using a smartphone, typing with both thumbs while wearing a yellow top
canva
Published on

രാജ്യത്ത് വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള മെസേജിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരുന്നു. ഇനി മുതല്‍ രജിസ്‌റ്റേര്‍ഡ് സിം കാര്‍ഡ് ഉള്ള ഡിവൈസുകളില്‍ മാത്രമേ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങളെയും തീരുമാനം ബാധിക്കും. ഓരോ ആറ് മണിക്കൂറിലും വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങള്‍ ലോഗ് ഔട്ടാകും.

കേന്ദ്ര നിര്‍ദ്ദേശം ഇങ്ങനെ

നിലവില്‍ മെസേജിംഗ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഒ.ടി.പി വഴി സിം കാര്‍ഡ് പരിശോധന നടത്തുന്നത്. അതിന് ശേഷം സിം കാര്‍ഡ് ഊരിമാറ്റിയാലും ഇത്തരം ആപ്പുകളുടെ സേവനം ഉപയോഗിക്കാം. എന്നാല്‍ സിം കാര്‍ഡ് പരിശോധന ഇടക്കിടക്ക് നടത്താനുള്ള സംവിധാനം 90 ദിവസത്തിനുള്ളില്‍ ഏര്‍പ്പെടുത്താനാണ് മെസേജിംഗ് ആപ്പുകള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാങ്കേതിക പരമായി ഇതിനെ സിം ബൈന്‍ഡിംഗ് എന്നാണ് വിളിക്കുന്നത്. ഇനി മുതല്‍ ഒ.ടി.പിക്ക് പുറമെ സിം കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഐ.എം.എസ്.ഐ (ഇന്റര്‍നാഷണല്‍ സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി) നമ്പര്‍ കൂടി ഇത്തരം ആപ്പുകള്‍ പരിശോധിക്കും.

എന്തൊക്കെ മാറും

  • രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച സിം കാര്‍ഡ് ഡിവൈസിലുണ്ടെന്ന് മെസേജിംഗ് ആപ്പുകള്‍ക്ക് നിരന്തരം പരിശോധിക്കേണ്ടി വരും.

  • സിം ഊരി മാറ്റുകയോ മറ്റൊരെണ്ണം ഇടുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആപ്പുകള്‍ പ്രവര്‍ത്തനം നിറുത്തും.

  • വാട്‌സ്ആപ്പ് വെബ്ബ് പോലുള്ള സേവനങ്ങള്‍ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ടാകും. ക്യൂആര്‍ കോഡ് വഴി ഓരോ തവണയും റീ രജിസ്റ്റര്‍ ചെയ്യേണ്ടി വരും

  • 90 ദിവസത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ നടപ്പിലാക്കണം. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം.

നീക്കം എന്തിന്?

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനാണ് നീക്കമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം. സിം കാര്‍ഡിന്റെ സാന്നിധ്യമില്ലാതെ മെസേജിംഗ് ആപ്പുകള്‍ സേവനം നല്‍കുന്നത് സൈബര്‍ സുരക്ഷക്ക് വെല്ലുവിളിയാണ്. സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ രാജ്യത്തിന് പുറത്തുനിന്നും ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ടെലികോം മന്ത്രാലയം ചൂണ്ടിക്കാട്ടി.

എങ്ങനെ ബാധിക്കും

കേന്ദ്ര നിര്‍ദ്ദേശം വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്ന ആശങ്കയാണ് ടെക് വിദഗ്ധര്‍ പങ്കുവെക്കുന്നത്. ഒരു വാട്സ്ആപ്പ് തന്നെ മൊബൈല്‍ ഫോണിലും ടാബ്ലെറ്റിലും ഉപയോഗിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്ക് തടസം നേരിട്ടേക്കാം. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിലും പ്രശ്നങ്ങളുണ്ടാകും. ഓരോ ആറ് മണിക്കൂറിലും വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ടാവും. ഇതും പല ഉപയോക്താക്കള്‍ക്കും തടസമുണ്ടാക്കും. ഇന്ത്യക്ക് പുറത്തേക്ക് പോകേണ്ടി വന്നാലും വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ നാട്ടിലെ സിം നിലനിറുത്തേണ്ടി വരും.

ബിസിനസുകളെയും ബാധിക്കും

തീരുമാനം ബിസിനസുകളെയും ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴി ഓഡിയോ വീഡിയോ ആശയ വിനിമയം നടത്തുന്നത് ഇടക്കുവെച്ച് മുറിഞ്ഞേക്കും. ഇടക്കിടക്ക് വാട്‌സ്ആപ്പ് വെബ് ലോഗ്ഔട്ട് ആകുന്നത് സംരംഭകര്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ഇത് നിര്‍ണായകമായ പല അറിയിപ്പുകളും ആശയവിനിമയങ്ങളും നഷ്ടപ്പെടുത്താന്‍ ഇടയാക്കും. ഇത്തരം ആപ്പുകളുടെ വിശ്വാസ്യത കുറക്കാനും തീരുമാനം വഴിവെക്കും. വാട്‌സ്ആപ്പ് വെബ്, ടെസ്‌ക് ടോപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സംരംഭകര്‍ക്കും തീരുമാനം തിരിച്ചടിയാണ്. കൃത്യമായ ഇടവേളകളില്‍ ഇവ ലോഗ്ഔട്ട് ആകുന്നതോടെ ഓരോ തവണയും ലോഗിന്‍ ചെയ്യേണ്ടി വരും. ഇന്‍വോയിസുകളും ഒ.ടി.പികളും വാട്‌സ്ആപ്പ് മുഖേന അയക്കേണ്ടി വരുന്ന സംരംഭകരെയും തീരുമാനം ബാധിച്ചേക്കും.

രണ്ട് തട്ടില്‍

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ടെലികോം കമ്പനികള്‍ സ്വാഗതം ചെയ്തപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതിനെതിരാണ്. സിം കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ഇതിലൂടെ കഴിയുമെന്നാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപറേറ്റര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതികരണം. സിം അധിഷ്ഠിത മെസേജിംഗ് സേവനം നടപ്പിലാക്കിയാല്‍ കൂടുതല്‍ വരിക്കാരെ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ മെറ്റ, ഗൂഗ്ള്‍ പോലുള്ള കമ്പനികളുടെ കൂട്ടായ്മയായ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തിടുക്കം പാടില്ലെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

India’s new SIM binding rule will force apps like WhatsApp and Telegram to stay linked to an active SIM card, disrupting multi-device use and affecting both users and businesses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com