ആവേശം കൈവിടാതെ ഫോണ്‍ വിപണി; പുതു മോഡലുകള്‍ ഒരുങ്ങുന്നു

ആവേശം കൈവിടാതെ ഫോണ്‍ വിപണി; പുതു മോഡലുകള്‍ ഒരുങ്ങുന്നു
Published on

രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉത്സവ സീസണിന് മുന്നോടിയായി ബമ്പര്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. കുറഞ്ഞത് 75 പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് വിപണിയില്‍ അണിനിരക്കുന്നതെന്നാണു സൂചന.

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ സമയത്ത് എല്ലാ വര്‍ഷവും വിപണിയെ ഇളക്കാറുണ്ടെങ്കിലും രാജ്യത്ത് മൊത്തത്തില്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയെ മാന്ദ്യം ഗ്രസിച്ചുനില്‍ക്കവേ ഈ വര്‍ഷത്തെ ആവേശം തികച്ചും വ്യത്യസ്തമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി പ്രതിവര്‍ഷം 8-10 ശതമാനം വളര്‍ച്ച നേടുന്നതായി സൈബര്‍ മീഡിയ റിസേര്‍ച്ച് സെല്ലിലെ ഇന്റലിജന്‍സ് വിഭാഗം മേധാവി പ്രഭു റാം ചൂണ്ടിക്കാട്ടി.ആഭ്യന്തര വിപണിയും മെച്ചം തന്നെ. പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദകരുടെ പ്രവര്‍ത്തനങ്ങളില്‍ ആഹ്‌ളാദം വ്യക്തമാണ്.

കഴിഞ്ഞ രണ്ട് മാസത്തെ ട്രെന്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 42.6 ദശലക്ഷം യൂണിറ്റുകളാണ് കയറ്റി അയച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദശലക്ഷം കവിയുമത്രേ.

റെഡ്മി നോട്ട് 8, 8 പ്രോ എന്നിവ വിപണിയിലെത്തിക്കാന്‍ മാര്‍ക്കറ്റ് ലീഡര്‍ ഷവോമി ഒരുങ്ങുന്നു. രണ്ടാമത്തെ വലിയ കമ്പനിയായ സാംസങ് ഷവോമിയുമായുള്ള ഓണ്‍ലൈന്‍ മത്സരത്തിന് കോപ്പു കൂട്ടുന്നു. സെപ്റ്റംബറില്‍ തങ്ങളുടെ മുന്‍നിര ഗാലക്സി എസ് സീരീസിന് കീഴില്‍ പുതിയ മോഡലുകളും കൊറിയന്‍ ഭീമന്‍ പുറത്തിറക്കും.

സൂപ്പര്‍ പ്രീമിയം വിഭാഗത്തിലെ സാംസങ്ങിന്റെ എതിരാളിയായ ആപ്പിള്‍ അത്ര പിന്നിലല്ല. പുതിയ ഐഫോണ്‍ മോഡലുകള്‍ ദീപാവലിക്ക് ദിവസങ്ങള്‍ മുമ്പേ ഒക്ടോബറോടെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു .ആപ്പിളിനെയും സാംസങ്ങിനെയും  ഇടയ്ക്കിടെ തോല്‍പ്പിക്കുന്ന പ്രീമിയം വിഭാഗത്തിലെ മറ്റൊരു ഹെവിവെയ്റ്റായ വണ്‍പ്ലസ്, ഈ മാസം ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന വണ്‍പ്ലസ് 6 ടിക്കു ശേഷം വണ്‍പ്ലസ് 7 ടി ഉടന്‍ അവതരിപ്പിക്കും.

വിപണിയിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും വലിയ കളിക്കാരായ വിവോ, ഓപ്പോ, റിയല്‍മെ എന്നിവരും കൊണ്ടുപിടിച്ച തയ്യാറെടുപ്പിലാണ്.. വിവോ ഇസഡ് 2 പ്രോ, ഇസഡ് 1 എക്‌സ് പ്രോ, ഇസഡ് 5, റിയല്‍മെ എക്‌സ് ടി, ഓപ്പോ റിനോ 2 സീരീസ് എന്നിവയാണ് അണിയറയിലുള്ളത്. മറ്റ് മുന്‍നിര ബ്രാന്‍ഡുകളായ നോക്കിയ, ഹുവാവേ, ഹോണര്‍ എന്നിവ നോക്കിയ 6.2, 7.2, 8.2, ഹുവാവേ മേറ്റ് 30 സീരീസ്, ഹോണര്‍ 9 എക്‌സ് സീരീസ് എന്നിവ ഉത്സവ സീസണില്‍ പുറത്തിറക്കും.ഒരു വര്‍ഷം മുമ്പ് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച ലെനോവോ തിരിച്ചുവരവിനൊരുങ്ങുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com