

പുതിയ ഫോണ്‍ വാങ്ങാന്‍ നോക്കുമ്പോള്‍ ഒരു കുഴപ്പം. നമ്മുടെ ബജറ്റിലുള്ള ഫോണുണ്ട്. പക്ഷേ, കുറച്ചുകൂടി കൊടുത്താല്‍ ക്യാമറ മെച്ചപ്പെടും. പിന്നെയും കുറച്ചുകൂടി കൊടുത്താല്‍ സ്റ്റോറേജ് കൂടും. അതിനും മുകളിലുമുണ്ട് പല മോഡല്‍. അങ്ങനെ ഫോണ്‍ തിരഞ്ഞെടുക്കുന്നതിനിടെ ആദ്യം തീരുമാനിച്ച ബജറ്റ് എപ്പോഴോ കൈവിട്ടുപോകും.
ശരിക്കും ചെവിയോര്‍ത്താല്‍ കേള്‍ക്കാന്‍ കഴിയും, സ്മാര്‍ട്ട് ഫോണിനും ഡാറ്റ റീചാര്ജിനുമിടയില് ഉപയോക്താവിന്റെ ആര്‍ത്തനാദം. കുതിച്ചുയരുകയാണ് സ്മാര്‍ട്ട് ഫോണിന്റെയും ഡാറ്റയുടെയും നിരക്കുകള്‍. നാലര ലക്ഷം രൂപ വരെയുണ്ട് സ്മാര്‍ട്ട് ഫോണ്‍ വില. പുത്തന്‍ ഫീച്ചറുകളും പല വിധ ബാക്കപ്പുമുള്ള ഫോണ്‍ സ്വന്തമാക്കാന്‍ നീക്കിവെക്കേണ്ടി വരുന്നത് എത്ര രൂപയാണ്? അധികം കൊടുക്കുന്ന പണത്തിന് നമുക്ക് എന്താണ് കിട്ടുന്നത്? അതില്‍ എത്ര കാര്യങ്ങള്‍ നമ്മള് ഉപയോഗിക്കും?
ഏതാനും വര്‍ഷം മുമ്പ് മുടക്കിയ തുകയുമായി തട്ടിച്ചു നോക്കിയാല്‍ സ്മാര്‍ട്ട്ഫോണ്‍ വില വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ലോകം ഉള്ളംകൈയിലാക്കി കൊണ്ടുനടക്കുന്ന കാലമാണ്. അതിനൊത്ത് ഫോണ്‍ ഒന്ന് അപ്ഗ്രേഡ് ചെയ്യണമെങ്കില്‍ വരുമാനവും കുടുംബ ബജറ്റും അപ്ഗ്രേഡ് ചെയ്യേണ്ട സ്ഥിതിയാണ്. ശരിക്കും ഇത്രയൊക്കെ മുടക്കണോ? അതിനൊത്ത് നമ്മള് സ്മാര്ട്ടാകുന്നുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ വില കൂടുന്നത്?
കമ്പനി ഏതുമാകട്ടെ-30,000 രൂപക്കു മുകളിലുള്ള മോഡലുകളാണ് ഇന്ന് ആകെ വില്‍ക്കുന്നതിന്റെ അഞ്ചിലൊന്ന്. എന്നുവെച്ചാല്‍ വില്‍ക്കുന്ന അഞ്ചു ഫോണുകളിലൊന്ന് 30,000 രൂപക്കു മുകളിലുള്ളതാണ്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുണ്ട്. 2025ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണി എണ്ണത്തില്‍ വളര്‍ന്നത് ഒരു ശതമാനം മാത്രം. എന്നാല്‍ മൂല്യത്തില്‍ വളര്‍ച്ച എട്ട് ശതമാനം. എന്നുവെച്ചാല്‍, കൂടുതല്‍ ഫോണുകളല്ല, വില്ക്കുന്നതില് വില കൂടിയ ഫോണുകളുടെ പങ്ക് വര്‍ധിച്ചു. വില കുറഞ്ഞ ഫോണുകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് അത്ര താല്പര്യമില്ലേ?
പ്രീമിയം ഫോണുകളോടുള്ള താല്പര്യം മാത്രമല്ല കൂടിയത്. 2026ന്റെ ആദ്യപകുതിയില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില ശരാശരി 16 ശതമാനം ഉയര്‍ന്നു. സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസത്തിനിടയില്‍ ഷിപ്മെന്റുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു. ഇരുപതിനായിരം രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ ഇടിവ് 47 ശതമാനം. വില കുറഞ്ഞ ഫോണ്‍ ആര്‍ക്കും വേണ്ടാതായതാണോ, വിപണിയില്‍ കിട്ടാതെ വരുന്നതാണോ? എന്നുവെച്ചാല്‍ അതു നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് അത്ര താല്പര്യമില്ല. ബജറ്റ് മോഡലുകള്‍ നിര്‍മിക്കുന്നതില്‍ കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞെന്നു കരുതി ഉപയോക്താവിന് ഫോണ്‍ വാങ്ങാതെ നിവൃത്തിയില്ല.
വിലക്കയറ്റത്തിന്റെ പ്രധാന കാരണം എന്താണ്? ഫോണിലെ റാമിനും സ്റ്റോറേജിനും ഉപയോഗിക്കുന്ന മെമ്മറി ഘടകങ്ങളുടെ ചെലവ് കൂടുന്നു. എഐ ഡാറ്റാ സെന്ററുകളില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യവും മെമ്മറി വിതരണത്തില്‍ സമ്മര്‍ദമുണ്ടാക്കുന്നു. രൂപ ദുര്‍ബലമാകുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ക്കും കൂടുതല്‍ പണം നല്‍കുകയും വേണം.
ഈ സാഹചര്യത്തില്‍ നിര്‍മാതാവിന് മുന്നില്‍ വഴികള്‍ മൂന്നാണ്: സ്വന്തം ലാഭം കുറയ്ക്കാം. ഫോണിന്റെ വില കൂട്ടാം. അല്ലെങ്കില്‍ അതേ വില നിലനിര്‍ത്താന്‍ ചില സൗകര്യങ്ങള്‍ കുറയ്ക്കാം. ചില വിഭാഗങ്ങളില്‍ കുറഞ്ഞ സ്റ്റോറേജും കുറഞ്ഞ സ്പെസിഫിക്കേഷനുമുള്ള മോഡലുകളിലേക്ക് കമ്പനികള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നുവെച്ചാല്‍, പഴയ വിലയ്ക്ക് കിട്ടുന്ന ഫോണില്‍ പഴയ മൂല്യം കിട്ടണമെന്നില്ല. അപ്പോള്‍ ചോദിക്കാം: ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് എന്തിനാണ് ഇത്ര വില?
ഇവിടെ ഫോണ്‍ നിര്‍മിക്കുന്നതും അതിലെ എല്ലാ ഘടകങ്ങളും ഇവിടെ നിര്‍മിക്കുന്നതും വ്യത്യസ്തമാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99 ശതമാനത്തിലധികം ആഭ്യന്തരമായി നിര്‍മിക്കുന്നവയാണ്. എന്നാല്‍ ആഗോള ഘടക വിലയിലെ മാറ്റങ്ങളില്നിന്ന് പൂര്‍ണ സംരക്ഷണമില്ല.
ഇനി ഉപഭോക്താവിന്റെ പ്രശ്നം... എത്ര രൂപയുടെ ഫോണ്‍ വേണം? ... യുപിഐ, വാട്സ്ആപ്പ്, വീഡിയോ കോള്‍, പഠനം, സാധാരണ ഫോട്ടോഗ്രഫി -ഇവയാണോ ആവശ്യം? അതോ മികച്ച വീഡിയോ റെക്കോഡിങ്, ഗെയിമിങ്, ജോലിക്ക് പറ്റിയ പെര്‍ഫോമന്‍സ് എന്നിവയാണോ നോക്കുന്നത്? ആവശ്യം മാറുന്നതിന് അനുസരിച്ച് ബജറ്റും മാറും. ആവശ്യമില്ലാത്തത് ആഗ്രഹിച്ചാല്‍ കൂടുതല്‍ പണം ചെലവാകും.
മെഗാപിക്സല്‍, റാം, എഐ എന്നിങ്ങനെ പരസ്യത്തിലെ വലിയ അക്കങ്ങള്‍ മാത്രം നോക്കരുത്. ക്യാമറയുടെ യഥാര്‍ഥ ഫലം, ആവശ്യത്തിന് സ്റ്റോറേജ്, പുറത്തുപയോഗിക്കുമ്പോഴുള്ള സ്ക്രീന്‍ വ്യക്തത, സര്‍വീസ് ലഭ്യത എന്നിവ പരിശോധിക്കുക. എഐ ഫീച്ചര്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുമോ, മലയാളത്തില്‍ പ്രവര്‍ത്തിക്കുമോ, പിന്നീട് പണം നല്കേണ്ടിവരുമോ? അത് മനസിലാക്കുക.
ഫോണിന്റെ ആയുസ്സെന്നാല്‍ ബാറ്ററി മാത്രം അല്ല. സുരക്ഷാ അപ്ഡേറ്റുകള് എത്രകാലം കിട്ടും? പുതിയ ഫോണ്‍ വാങ്ങുന്ന ദിവസം മുതലാണോ, മോഡല്‍ പുറത്തിറങ്ങിയതു മുതലാണോ ആ കാലാവധി? ചില മോഡലുകള്‍ ആറു വര്‍ഷത്തെ സുരക്ഷാ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഓരോ മോഡലിന്റെയും നിബന്ധന പരിശോധിക്കണം.
കൗണ്ടര്‍പോയിന്റും ഫ്ളിപ്കാര്‍ട്ടും ചേര്‍ന്ന് തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ഒരാള്‍ ഫോണ്‍ മാറ്റുന്ന ഇടവേള ഏകദേശം മൂന്നരയില്‍നിന്ന് നാലുവര്‍ഷത്തിലേക്ക് നീളുന്നുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഇത് ഒരുപോലെയല്ല. നിങ്ങളുടെ ആഗ്രഹവും ആവശ്യവും ഫോണിന്റെ അവസ്ഥയുമാണ് അതു തീരുമാനിക്കുന്നത്.
ഇനി വില കണക്കാക്കാന്‍ ഒരു ഉദാഹരണം. 20,000 രൂപയുടെ ഫോണ്‍ നാലുവര്‍ഷം ഉപയോഗിച്ചാല്‍, വാങ്ങിയ വില മാത്രം കണക്കാക്കിയുള്ള വാര്‍ഷിക ചെലവ് അയ്യായിരം രൂപ. 40,000ന്റെ ഫോണ്‍ അതേ കാലം ഉപയോഗിച്ചാല്‍ പതിനായിരം രൂപ. ഇങ്ങനെ ഇരട്ടി ചെലവഴിക്കുന്നത് നിങ്ങളുടെ ജോലിക്കോ വരുമാനത്തിനോ ഉപയോഗത്തിനോ എന്ത് നേട്ടം നല്കുന്നു? പ്രധാനമാണ് ഈ ചോദ്യം.
ഇപ്പോഴത്തെ ഫോണില്‍ എന്താണ് പോരാത്തതെന്ന് ആദ്യം കണ്ടെത്തുക. ബാറ്ററി ഉച്ചയോടെ തീരുന്നുണ്ടോ? സ്റ്റോറേജ് നിറഞ്ഞോ? ജോലിക്കാവശ്യമായ ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലേ? അതോ ഫോണ്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, പുതിയ മോഡല്‍ കണ്ടപ്പോള്‍ മാറ്റാന്‍ തോന്നിയതാണോ? കാരണം വ്യക്തമായാല്‍ തിരഞ്ഞെടുപ്പും എളുപ്പമാകും.
യുപിഐയും വാട്സ്ആപ്പും വീഡിയോ കോളും ഉപയോഗിക്കുന്ന ഒരാളുടെ ആവശ്യവും ദിവസവും വീഡിയോ ചിത്രീകരിച്ച് എഡിറ്റ് ചെയ്യുന്ന ഒരാളുടെ ആവശ്യവും വ്യത്യസ്തമാണ്. രണ്ടാമത്തെയാള്‍ക്ക് കൂടുതല്‍ ശേഷിയുള്ള ഫോണിനായി ചെലവഴിക്കുന്നത് ജോലിയുടെ ഭാഗമായിരിക്കാം. ആദ്യത്തെയാള്‍ക്ക് ആ അധിക സൗകര്യങ്ങള്‍ കാര്യമായി ഉപയോഗപ്പെടണമെന്നില്ല.
ഇഎംഐയില്‍ വാങ്ങുമ്പോള്‍ മാസത്തവണയ്ക്കൊപ്പം അവസാനം ആകെ നല്കുന്ന തുകയും നോക്കണം. നോ കോസ്റ്റ് ഇഎംഐയിലും നിബന്ധനകള്‍ക്കനുസരിച്ച് നികുതിയോ മറ്റ് ചെലവുകളോ ഉണ്ടായേക്കാം. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ബോണസും എല്ലാവര്ക്കും ഒരുപോലെ ലഭിക്കണമെന്നില്ല.
ഇന്ന് ഫോണ്‍ പലര്‍ക്കും ആഡംബരമല്ല. പണമിടപാട് നടത്താനും ജോലി കണ്ടെത്താനും പഠിക്കാനും ബിസിനസ് നടത്താനുമുള്ള ഉപകരണമാണ്. അതുകൊണ്ട് വിലക്കയറ്റത്തിന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുറഞ്ഞ ബജറ്റുള്ളവരാണ്.
ചിലപ്പോള്‍ നിങ്ങള്‍ക്ക് വില കൂടിയ ഫോണ്‍ വേണ്ടിവരും. ചിലപ്പോള്‍ കുറഞ്ഞ ബജറ്റില്‍ത്തന്നെ കാര്യം നടക്കും. ചിലപ്പോള്‍ ഇപ്പോഴത്തെ ഫോണിന്റെ ബാറ്ററി മാറ്റിയാല്‍ മതിയാകും.
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുമുമ്പ് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാം
നിലവിലെ ഫോണ്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാമോ?
പുതിയ ഫോണിലെ ഏത് സൗകര്യത്തിനാണ് ഞാന്‍ അധികം പണം നല്‍കുന്നത്?
ആ സൗകര്യം എനിക്ക് ശരിക്കും ആവശ്യമുണ്ടോ?
ഫോണിന്റെ മൂല്യം തീരുമാനിക്കുന്നത് വാങ്ങുന്ന ദിവസത്തെ ത്രില്‍ അല്ല. ഉപയോഗിക്കുന്ന വര്‍ഷങ്ങളില്‍ അതുകൊണ്ട് കിട്ടുന്ന പ്രയോജനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine