കൈനീട്ടി സ്വീകരിക്കും, മേധാവികള്‍ക്ക് സല്യൂട്ടടിക്കും, കേരള പോലീസ് റോബോട്ട് എത്തി
കുറ്റം തെളിയിക്കാനും ട്രോള്‍ ഉണ്ടാക്കാനും മാത്രമല്ല കേരള പോലീസ് മുന്നിലുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ സേവനത്തിന് ഉപയോഗിക്കുന്ന പോലീസ് സേനയെന്ന ബഹുമതിയും ഇനി കേരള പോലീസിന് സ്വന്തം. വഴുതക്കാട്ടെ കേരള പോലീസ് ആസ്ഥാനത്തിലാണ് കെപി-ബോട്ട് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ ഡ്യൂട്ടി.
കെപി-ബോട്ടിലൂടെ സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് കേരള പോലീസ്. ഈ റോബോട്ടിന്റെ മുഖ്യദൗത്യം വരുന്ന സന്ദര്‍ശകരെ സ്വീകരിക്കുകയാണെങ്കിലും പരിശീലനത്തിലൂടെ അനേക കാര്യങ്ങള്‍ ചെയ്യാനാകും. റോബോട്ടിന്റെ ഉള്ളില്‍ കാമറ ഘടിപ്പിച്ചിട്ടുണ്ട്. ഒരു കുറ്റവാളി പോലീസ് ആസ്ഥാനത്തെത്തിയാല്‍ അത് തിരിച്ചറിഞ്ഞ് തടയാനാകും.
സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരങ്ങള്‍ ചോദിച്ചറിയാനും കെപി-ബോട്ടിന് കഴിയും. കൂടാതെ സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബോട്ടിന് സാധിക്കും. ഒരു തവണയെത്തിയവരെ വരെ ഓര്‍ത്തുവെക്കാനും കഴിയും.
എഡിജിപി മനോജ് ഏബ്രഹാമാണ് റോബോട്ടിനെ അവതരിപ്പിച്ചത്. ട്രാഫിക് നിയന്ത്രണത്തിനും ബോംബ് തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കുന്നതിനുമൊക്കെ റോബോട്ടിനെ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിച്ചു വരുകയാണ്.
കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടിക്കും സംയുക്തമായാണ് കെപി-ബോട്ടിനെ വികസിപ്പിച്ചെടുത്തത്. ബിസിനസ് സ്ഥാപനങ്ങളില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത് പുതുമയല്ലെങ്കിലും നിയമനിര്‍വ്വഹണത്തില്‍ ഇവയുടെ സാന്നിധ്യം വലിയ കുതിച്ചുചാട്ടത്തിന് തന്നെ വഴിവെക്കും.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.