
വാണിജ്യമേഖലയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ അതിരുകളില്ലാതെ വളരുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം നല്‍കുന്നവര്‍ വളര്‍ച്ചയുടെ പടികള്‍ അതിവേഗം കയറുന്നു. ഇന്ത്യയില്‍ ആത്മീയതയുടെ വിപണി സാധ്യത തിരിച്ചറിഞ്ഞ് കളത്തിലിറങ്ങിയ സ്റ്റാര്‍ട്ടപ് കമ്പനി ആപ് ഫോര്‍ ഭാരത് ഇപ്പോള്‍ ആഗോള ശ്രദ്ധനേടുകയാണ്. ഏറ്റവുമൊടുവില്‍ 175 കോടിയുടെ നിക്ഷേപമാണ് ഈ മൊബൈല്‍ ആപ്പ് കമ്പനിയെ തേടിയെത്തിയിരിക്കുന്നത്.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത്-ടെക് കമ്പനിയായ ആപ് ഫോര്‍ ഭാരതിന്റെ മൊബൈല്‍ ആപ്പായ ശ്രീമന്ദിറിന് ആഗോള തലത്തില്‍ ഉപയോക്താക്കളുണ്ട്. ആത്മീയതയെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമായി വിജയകരമായി കൂട്ടിയിണക്കുകയാണ് കമ്പനി ചെയ്യുന്നത്. മുംബൈ ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ യുവസംരംഭകന്‍ സചിന്‍, 2020 ല്‍ ആണ് ആപ് ഫോര്‍ ഭാരത് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഫെയ്ത്ത്-ടെക് മേഖലയില്‍ അതിവേഗത്തിലായിരുന്നു വളര്‍ച്ച. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് കോടി ആളുകളാണ് ശ്രീമന്ദിര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഉപയോക്താക്കളില്‍ 20 ശതമാനം പേര്‍ യുഎസ്, യുകെ, യുഎഇ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ്.
വിശ്വാസികള്‍ക്ക് ആവശ്യമായ സേവനങ്ങളാണ് ശ്രീമന്ദിറിലൂടെ നല്‍കുന്നത്. ഓണ്‍ലൈനില്‍ പൂജാരികളുമായി സംസാരിക്കാനും പൂജ നടത്താനും സംവിധാനമുണ്ട്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകള്‍ ബുക്ക് ചെയ്യാനും പ്രസാദം വാങ്ങാനും സൗകര്യമുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ആത്മീയ പ്രഭാഷണങ്ങളും കേള്‍ക്കാം. ഇതുവരെ 52 ലക്ഷം പൂജകള്‍ ആപ് വഴി നടത്തിയതായാണ് കമ്പനി വ്യക്തമാക്കുന്നത്. 70 ക്ഷേത്രങ്ങളിലേക്കുള്ള പൂജകള്‍ സ്ഥിരമായി വിശ്വാസികള്‍ ഇതുവഴി ബുക്ക് ചെയ്യുന്നുണ്ട്. മഹാകുംഭമേളയുടെ സമയത്ത് മൂന്ന് ലക്ഷം പേര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിയിരുന്നു. പൂജാരികള്‍ക്ക് ശമ്പളം നല്‍കുന്നത് കമ്പനിയാണ്.
കമ്പനിയുടെ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സുസ്‌ക്യുഹന്ന എഷ്യ വെന്‍ച്വര്‍ കാപ്പിറ്റല്‍ ആണ് 175 കോടി രൂപയുടെ ഫണ്ട് നല്‍കുന്നത്. നന്ദന്‍ നിലേകനിയുടെ ഫണ്ടാമെന്റം, എലവേഷന്‍ കാപ്പിറ്റല്‍, പീക്ക് എക്‌സ്‌വി പാര്‍ട്‌ണേഴ്‌സ് എന്നീ കമ്പനികളും ആപ്പ് ഫോര്‍ ഭാരതില്‍ നിക്ഷേപകരാണ്. ഇന്ത്യയിലെ 20 പ്രമുഖ ക്ഷേത്ര നഗരങ്ങളില്‍ സേവനമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് കമ്പനിയുടെ മുന്നിലുള്ളത്. അയോധ്യ,വാരാണസി, ഉജ്ജയിന്‍, ഹരിദ്വാര്‍ എന്നീ പ്രമുഖ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രസാദം വിശ്വാസികള്‍ക്ക് എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ് സംവിധാനം മെച്ചപ്പെടുത്തും. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ആധുനികവല്‍ക്കരണവും ഭാവിയിലേക്കുള്ള പ്രധാന ലക്ഷ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine