

ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന് സമയമായി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ, സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷന്‍ രംഗത്ത് തരംഗമാകുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാര്‍ലിങ്ക് അടുത്തു തന്നെ കളത്തിലിറങ്ങും. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധനകള്‍ കടുത്തതാണെങ്കിലും വമ്പന്‍ ഓഫറുകള്‍ നല്‍കി വരിക്കാരെ കൂടെ കൂട്ടാനാണ് സ്‌പേസ് എക്‌സിന്റെ കീഴിലുള്ള കമ്പനിയുടെ നീക്കം. സര്‍ക്കാര്‍ അനുമതിക്കായി മാസങ്ങളായി കാത്തിരിക്കുകയായിരുന്നു സ്റ്റാര്‍ലിങ്ക്.
പ്രതിമാസം 850 രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാകും ഉദ്ഘാടന ഓഫര്‍. ഇതര നെറ്റ് വര്‍ക്കുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഒരു കോടി വരിക്കാരെ നേടാനാണ് തുടക്കത്തില്‍ തന്നെ ലക്ഷ്യമിടുന്നത്. സ്‌പെക്ട്രം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന അമിത നിരക്കുകള്‍, വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിച്ച് കണ്ടെത്താനാണ് ശ്രമം.
അനുമതി നല്‍കുന്നതിന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധനകള്‍ വെല്ലുവിളി നിറഞ്ഞതാണ്. നിലവിലുള്ള നികുതികള്‍ക്ക് പുറമെ നഗരങ്ങളില്‍ ഓരോ കണക്ഷനുകള്‍ക്കും പ്രതിവര്‍ഷം 500 രൂപ സര്‍ചാര്‍ജ് നല്‍കണമെന്നാണ് പ്രധാന നിബന്ധന. ഇത് സ്റ്റാര്‍ലിങ്ക് ഉള്‍പ്പടെയുള്ള സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കും. മൊത്ത വാര്‍ഷിക വരുമാനത്തിന്റെ 4 ശതമാനം കൂടി സര്‍ക്കാരിന് നല്‍കണം. സ്‌പെക്ട്രം ചാര്‍ജായി വര്‍ഷം തോറും ഒരു ബ്ലോക്കിന് 3,500 രൂപ വീതവും എട്ട് ശതമാനം ലൈസന്‍സ് ഫീസും നല്‍കണമെന്നും നിബന്ധനയുണ്ട്. ഇതെല്ലാം വെല്ലുവിളികളാണെങ്കിലും നിരക്കുകള്‍ കുറച്ച് ഗ്രാമങ്ങളില്‍ ഉള്‍പ്പടെ കൂടുതല്‍ വരിക്കാരെ നേടുകയെന്നതാണ് സ്റ്റാര്‍ലിങ്കിന്റെ തന്ത്രം.
സ്റ്റാര്‍ലിങ്കിന്റെ സേവനം പൊതുവെ ചെലവേറിയതാണ്. യുഎസില്‍ വീടുകളിലേക്കുള്ള അണ്‍ലിമിറ്റഡ് ഡാറ്റ കണക്ഷന് പ്രതിമാസം 80 ഡോളര്‍ (6,800 രൂപ) ഈടാക്കുന്നുണ്ട്. മാത്രമല്ല, 29,000 രൂപ വിലവരുന്ന സ്റ്റാര്‍ലിങ്ക് കിറ്റ് ഉപയോക്താവ് വാങ്ങുകയും വേണം. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള റോമിംഗ് പ്ലാന്‍ 50 ജിബിക്ക് 4,200 രൂപയാണ് നിരക്ക്. ഇതോടൊപ്പമുള്ള മിനി കിറ്റിനും കൊടുക്കണം 25,400 രൂപ.
Read DhanamOnline in English
Subscribe to Dhanam Magazine