
ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഈ മാസം പകുതിയോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി 1.6 കോടി രൂപ തിരികെ ലഭിക്കാത്ത ഫീസായി കമ്പനി നല്‍കും. ഇന്ത്യയിലുടനീളം സേവനങ്ങൾ നൽകാൻ കമ്പനിയെ അനുവദിക്കുന്നതാണ് ലൈസന്‍സ്.
1.20 കോടി രൂപയിലധികം ബാങ്ക് ഗ്യാരണ്ടികളും സ്റ്റാര്‍ ലിങ്ക് സമർപ്പിക്കും. രാജ്യത്തിന്റെ നിയമപരമായ വ്യവസ്ഥകൾ പാലിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനും സംരംഭത്തിന് ബാധ്യതയുണ്ട്.
കമ്പനിയുടെ ഇന്ത്യാ പ്രോജക്റ്റിന്റെ അവസാന ഘട്ടം അവലോകനം ചെയ്യുന്നതിനായി സ്റ്റാർലിങ്ക് ഗ്ലോബൽ ലൈസൻസിംഗ് ഹെഡ് പർണിൽ ഉർദ്വരേശെ ടെലികോം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തിയതായി എൻഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുളള നടപടികള്‍ സജീവമാക്കികൊണ്ടിരിക്കുകയാണ്.
GMPCS, VSAT, ISP-A സേവനങ്ങൾക്കുളള ലൈസൻസാണ് കമ്പനി നേടുക. ഉപഗ്രഹം വഴി മൊബൈൽ ആശയവിനിമയം സാധ്യമാക്കുന്ന സേവനമാണ് ജി.എം.പി.സി.എസ് (Global Mobile Personal Communication by Satellite). വിദൂര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും വോയ്‌സ്, ഡാറ്റ സേവനങ്ങൾ ലഭ്യമാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ചരിത്രത്തിലെ വിപ്ലവകരമായ ചുവടുവെപ്പായിരിക്കും ഇതെന്നാണ് കരുതുന്നത്. ഡാറ്റ, മൊബൈല്‍ സേവനം ലഭ്യമല്ലാത്ത രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിന് സ്റ്റാര്‍ലിങ്കിന്റെ പദ്ധതിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
ഇന്റർനെറ്റ് ആക്‌സസ് ക്ലോസ്ഡ് യൂസർ ഗ്രൂപ്പുകൾക്കായുള്ള ഡാറ്റാ ട്രാൻസ്മിഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിസാറ്റ് (VSAT, Very Small Aperture Terminal). ഇത് പ്രധാനമായും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
ബ്രോഡ്‌ബാൻഡ്, ഇമെയിൽ, വെബ്‌സൈറ്റ് ഹോസ്റ്റിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്റർനെറ്റ് ആക്‌സസും അനുബന്ധ സേവനങ്ങളും നൽകുന്നതാണ് ഐ.എസ്.പി-എ (Internet Service Provider - Authorised, ISP-A).
സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കപ്പെട്ടാല്‍ ഗ്യാരണ്ടികളില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് ടെലികോം വകുപ്പ് കമ്പനിയുമായി കരാറിലേര്‍പ്പെടുന്നത്. സ്റ്റാര്‍ ലിങ്കിന്റെ ഏതെങ്കിലും വെളിപ്പെടുത്തൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാൽ ഏത് ഘട്ടത്തിലും ലൈസൻസ് റദ്ദാക്കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടാകും.
സർക്കാർ അനുമതി ലഭിച്ച ശേഷം ആറ് മുതൽ ഏഴ് മാസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലെ മൂന്ന് തന്ത്രപ്രധാന സ്ഥലങ്ങളിലായി 27 ലധികം ഗ്രൗണ്ട് ഗേറ്റ്‌വേകൾ (ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കുന്നതിനുളള കേന്ദ്രം) സ്ഥാപിക്കുന്നതും ഇതില്‍ ഉൾപ്പെടുന്നു.
600 മുതൽ 700 ജിബിപിഎസ് (gigabytes per second) വരെ വേഗതയാണ് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.
Starlink may get license for satellite internet services across India by mid-month with multi-tier licensing and strict compliance conditions.
Read DhanamOnline in English
Subscribe to Dhanam Magazine