ഓണ്‍ലൈന്‍ ഗെയിമിംഗ്; ജിഎസ്ടി നിരക്ക് 28 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശം

ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, റേസ് കോഴ്‌സ് എന്നിവയ്ക്കുമേല്‍ 28 ശതമാനം ജിഎസ്ടി എര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ യോഗത്തിലാണ് ജിഎസ്ടി നിരക്ക് പുതുക്കി നിശ്ചയിക്കാനുള്ള തീരുമാനം. നിര്‍ദ്ദേശം നടപ്പിലാക്കേണ്ട ചുമതല ജിഎസ്ടി കൗണ്‍സിലിനാണ്.

മൊത്തം ഇടപാടിന് പകരം ഗെയിമിംഗ് കമ്പനികളുടെ ബെറ്റിംഗ് തുകയ്ക്ക് ആവും നികുതി ഏര്‍പ്പെടുത്തുക. സമ്മാനത്തുകയും കമ്മീഷനും അടങ്ങിയതാണ് മൊത്തം ഇടപാട് തുക. നിലവില്‍ ഓരോ ഗെയിമിനും പ്ലാറ്റ് ഫോമുകള്‍ നേടുന്ന കമ്മീഷനുമേല്‍ 18 ശതമാനം ആണ് നികുതി. ജിഎസ്ടി അതോറിറ്റിക്ക് മുന്‍പാകെ ആവശ്യങ്ങള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ സ്‌കില്‍-ബേസ്ഡ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഒരു സംഘടന രൂപീകരിച്ചിരുന്നു.നിരക്ക് 18 ശതമാനം ആയി തന്നെ നിലനിര്‍ത്തണം എന്നാണ് ഈ സംഘടനയുടെ ആവശ്യം.

ഈ-സ്‌പോര്‍ട്‌സ്, ഫാന്റസി ഗെയിം, ചെസ്, പോക്കര്‍ തുടങ്ങിയവയാണ് സ്‌കില്‍-ബേസ്ഡ് ഗെയിമിംഗിന് കീഴില്‍ വരുന്നത്. സൗജന്യമായും ഫീസ് ഈടാക്കിയും സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളുണ്ട്. അതേസമയം ബെറ്റിംഗ്/ ചൂതാട്ടം എന്നിവ അടങ്ങിയ ഓണ്‍ലൈന്‍ ഗെയിമുകള്‍ 28 ശതമാനം തന്നെയാണ് നികുതി. കുതിരപ്പന്തയത്തില്‍, മൊത്തം പന്തയത്തുകയുടെ 28 ശതമാനം ആണ് ജിഎസ്ടി ചുമത്തുന്നത്. നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ നടപ്പിലാക്കിയാല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല പൂര്‍ണമായും ഒരു ജീഎസ്ടി സ്ലാബിന് കീഴില്‍ ആവും.

Related Articles

Next Story

Videos

Share it