
തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഐഫോണ്‍ എന്‍ക്ലോഷര്‍ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ ടാറ്റ ഗ്രൂപ്പ്. നിലവിലെ 50,000 യൂണിറ്റ് ശേഷിയില്‍ നിന്നും ഒരുലക്ഷമായി ഉയര്‍ത്തും. ഇന്ത്യയെ ആപ്പിള്‍ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിക്കുന്നവ ആകുമെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്‌സിനാണ് പ്ലാന്റിന്റെ ചുമതല.
ഐഫോണുകളുടെ പുറം ചട്ടയെയാണ് (ഫിസിക്കല്‍ കെയ്‌സ് അല്ലെങ്കില്‍ ഹൗസിംഗ്) എന്‍ക്ലോഷര്‍ എന്ന് വിളിക്കുന്നത്. അലൂമിനിയം, ഗ്ലാസ്, ടൈറ്റാനിയം എന്നീ ഉത്പന്നങ്ങള്‍ കൊണ്ടാണ് നിര്‍മാണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലുണ്ടായ അഗ്നിബാധക്ക് മുമ്പ് തന്നെ ഹൊസൂരിലെ പ്ലാന്റ് 50,000 കെയ്‌സുകള്‍ നിര്‍മിക്കാനുള്ള ശേഷി നേടിയിരുന്നു. എന്നാല്‍ തീപിടുത്തം ഉണ്ടായതോടെ വികസന പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചു. ഇക്കൊല്ലം സെപ്റ്റംബറില്‍ ആപ്പിളിന്റെ പുതിയ ഐഫോണ്‍ പുറത്തിറങ്ങുന്ന സമയത്ത് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിവരം.
യു.എസ് വിപണിയിലേക്കുള്ള ഐപാഡ്. മാക്ബുക്ക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ഉത്പന്നങ്ങളെല്ലാം വിയറ്റ്‌നാമിലാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ താരിഫ് പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചു. നിലവില്‍ മൂന്ന് ഐഫോണ്‍ പ്ലാന്റുകളാണ് ഇന്ത്യയിലുള്ളത്. അടുത്ത് തന്നെ രണ്ടെണ്ണം കൂടി ആരംഭിക്കും. ആപ്പിള്‍ എയര്‍പോഡ് കെയ്‌സ് നിര്‍മാണ കേന്ദ്രം ആരംഭിക്കാന്‍ താത്പര്യം അറിയിച്ച് ജബില്‍ (Jabil) എന്നൊരു കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ 116 ശതമാനം വര്‍ധനയുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് 17,219 കോടി രൂപയുടെ ഐഫോണുകളാണ് കഴിഞ്ഞ മാസം കടല്‍ കടന്നത്. തൊട്ടുമുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 7,971 കോടി രൂപയായിരുന്നു. സെപ്റ്റംബറില്‍ പുതിയ മോഡലുകള്‍ വരുമെന്നതിനാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐഫോണുകളുടെ വില്‍പ്പന കുറവായിരിക്കും. എന്നാല്‍ ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്ന് ആപ്പിള്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി വര്‍ധിപ്പിച്ചെന്നാണ് കരുതുന്നത്.
Tata Electronics plans to double iPhone casing production at its Hosur plant to 100,000 units, supporting Apple's manufacturing shift to India
Read DhanamOnline in English
Subscribe to Dhanam Magazine