ഐഫോണ്‍ അസംബ്ലിംഗ് ഫാക്ടറി വിസ്ട്രോണ്‍ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് ഓഗസ്റ്റില്‍ ആപ്പിള്‍ ഐഫോണുകളുടെ അസംബ്ലി തുടങ്ങുന്നതിലേക്ക് ചുവട്‌വെയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ കര്‍ണാടകയിലെ ഐഫോണുകളുടെ അസംബ്ലിംഗ് ഫാക്ടറിയായ 'വിസ്ട്രോണ്‍ ഫാക്ടറി' വിസ്ട്രോണില്‍ നിന്നും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയതു. 4,920 കോടി രൂപയിലധികം മൂല്യം വരുന്ന ഫാക്ടറിയാണിത്. ഇത് ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോണുകളുടെ അസംബ്ലിയിലേക്ക് കടക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ലക്ഷ്യങ്ങള്‍ കൈവരിക്കും

കർണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുന്നതിനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 14,760 കോടി രൂപയുടെ ഐഫോണുകള്‍ വിസ്ട്രോണ്‍ ഫാക്ടറിയില്‍ നിന്ന് കയറ്റുമതി ചെയ്യേണ്ടതുണ്ട്. ഏറ്റവും പുതിയ ഐഫോണ്‍ 14 മോഡല്‍ അസംബിള്‍ ചെയ്യുന്ന ഈ ഫാക്ടറിയില്‍ നിലവില്‍ 10,000 ത്തില്‍ അധികം തൊഴിലാളികളുണ്ട്. അടുത്ത വര്‍ഷത്തോടെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്. ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാന്‍ തയ്യാറായാണ് ടാറ്റ ഗ്രൂപ്പ് വിസ്ട്രോണില്‍ നിന്നും ഈ കമ്പനി ഏറ്റെടുക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആപ്പിളിന്റെ ശ്രമങ്ങള്‍ക്ക് വേഗത കൂട്ടും

ജൂണ്‍ പാദത്തില്‍ വിസ്ട്രോണ്‍ ഇന്ത്യയില്‍ നിന്ന് 4,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. കൂടാതെ ആപ്പിളിന്റെ മറ്റ് പ്രധാന വിതരണക്കാരായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പും പെഗാട്രോണ്‍ കോര്‍പ്പറേഷനും മെച്ചപ്പെട്ട നേട്ടമാണ് കയറ്റുമതിയില്‍ കൈവരിച്ചത്. എന്നിരുന്നലും ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ അസംബ്ലിയിലേക്ക് കടക്കുന്നത് ചൈനയ്ക്ക് പുറത്ത് ഉല്‍പ്പന്ന അടിത്തറ വൈവിധ്യവത്കരിക്കാനും നിര്‍മ്മിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ക്ക് വേഗത കൂട്ടാന്‍ സാധ്യതയുണ്ട്. അതേസമയം ടാറ്റ, വിസ്ട്രോണ്‍, ആപ്പിള്‍ എന്നിവയുടെ വക്താക്കള്‍ ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it