ഗുജറാത്തില്‍ ടാറ്റയുടെ 91,000 കോടിയുടെ സെമികണ്ടക്ടര്‍ ഫാക്ടറി, തായ്‌വാന്‍ കമ്പനിയുമായി സഹകരണം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍

ഗുജറാത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ വന്‍കിട സെമികണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതി വരുന്നു. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പദ്ധതി, തായ് വാനിലെ ചിപ്പ് നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചാണ് ആരംഭിക്കുന്നത്. ഗുജറാത്തിലെ പ്രധാന പ്ലാന്റിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ അനുബന്ധ ഫാക്ടറികള്‍ ഉണ്ടാകും. തമിഴ്നാട്ടിലെ ഹൊസൂരിലും ആസാമിലുമാണ് അനുബന്ധ ഫാക്ടറികള്‍ ആരംഭിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. അനുബന്ധ ഫാക്ടറികളിലൊന്ന് കേരളത്തില്‍ മലപ്പുറം ജില്ലയിലെ ഒഴൂര്‍ ഗ്രാമത്തില്‍ വരുന്നതായി കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ ഹൊസൂരാണ് ഇതിനായി പരിഗണിക്കപ്പെടുന്നതെന്നാണ് സൂചനകള്‍. ഹൊസൂരില്‍ നിലവില്‍ ടാറ്റ ഗ്രൂപ്പിന് വ്യവസായ യൂണിറ്റുകള്‍ ഉണ്ട്.

തായ്‌വാന്‍ കമ്പനിയുമായി സഹകരിച്ചുള്ള പദ്ധതി

തായ്‌വാനിലെ സെമി കണ്ടക്ടര്‍ നിര്‍മ്മാതാക്കളായ പവര്‍ ചിപ്പ് സെമി കണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (പി.എസ്.എം.സി)യുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വന്‍കിട പദ്ധതി ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്നത്. ഗുജറാത്തിലെ ധോലേറയിലായിരിക്കും പ്രധാന പ്ലാന്റ്. ഇന്ത്യയിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ പ്ലാന്റാകും ഗുജറാത്തിലേത്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പൂര്‍ണമായും ഉപയോഗപ്പെടുത്തിയുള്ള ഈ പ്ലാന്റില്‍ മാത്രം 20,000 പുതിയ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ അനുബന്ധ പ്ലാന്റുകളില്‍ ഉള്‍പ്പടെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകും.

Related Articles
Next Story
Videos
Share it