ലക്ഷ്യമിടുന്നത് 2-2.5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന, 'ടാറ്റ ന്യൂ' സൂപ്പറാകുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ടാറ്റ ഡിജിറ്റല്‍ പുറത്തിറക്കിയ സൂപ്പര്‍ ആപ്പ് ടാറ്റ ന്യൂ (Tata Neu) ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 2-2.5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന. ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആദ്യ മാസത്തില്‍ തന്നെ ടാറ്റ ന്യൂ 120-150 മില്യണ്‍ ഡോളറിന്റെ മൊത്ത വില്‍പ്പനയാണ് നേടിയത്. നേരത്തെ പ്രതീക്ഷിച്ചിരുന്ന 200 മില്യണ്‍ ഡോളറിനേക്കാള്‍ കുറവാണിത്. എന്നാല്‍ ദീപാവലി ഉത്സവ സീസണ്‍ ടാറ്റ ന്യൂവിന്റെ വില്‍പ്പന കുതിച്ചയരുമെന്നും വാര്‍ഷിക വില്‍പ്പനയുടെ ലക്ഷം നേടാന്‍ ഇത് സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ടാറ്റയുടെ ഇ-കൊമേഴ്സ് വിഭാഗത്തിന്റെ ആദ്യത്തെ പ്രധാന ഉത്സവ സീസണ്‍ കൂടിയാണ് വരാനിരിക്കുന്ന ദീപാവലി സീസണ്‍.

'ടാറ്റ ന്യൂ' സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെ ഐഒഎസ് ആപ്പ് സ്റ്റോറിലും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലുമായി ഏപ്രില്‍, മെയ് മാസങ്ങളിലുമായി 11 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് നേടിയത്. ലോഞ്ച് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ ആപ്പ് 2.2 ദശലക്ഷം ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തതായി കമ്പനി വ്യക്തമാക്കിയിരുന്നു.
ടാറ്റ ഗ്രൂപ്പിന് കീഴില്‍ വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായിരുന്ന സേവനങ്ങളാണ് ടാറ്റ ന്യൂവിലൂടെ ലഭിക്കുന്നത്. ബിഗ് ബാസ്‌കറ്റ്, ടാറ്റ ക്ലിക്ക്, ടാറ്റ 1എംജി, ടാറ്റ പ്ലെ, ക്രോമ, ഐഎച്ച്സിഎല്‍ തുടങ്ങിയ ആപ്പുകളെല്ലാം ടാറ്റ ന്യൂവില്‍ ഉണ്ട്. അതായത് ഈ ആപ്പുകളൊക്കെ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ടാറ്റ ന്യൂ എന്ന ഒരൊറ്റ ആപ്പ് മതിയാവും.
പഴയ ആപ്പുകളെ പുതിയ പ്ലാറ്റ്ഫോമില്‍ ഒന്നിപ്പിക്കുക മാത്രമല്ല ടാറ്റ ചെയ്തത്. യുപിഐ , ഫൂഡ് ഡെലിവറി, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ബില്‍ പേയ്മെന്റ് ഇന്‍ഷുറന്‍സ്, ബൈ നൗ പേ ലേറ്റര്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ടാറ്റ ന്യൂവില്‍ ലഭ്യമാണ്. എല്ലാ പര്‍ച്ചേസുകള്‍ക്കും ആകെ തുകയുടെ കുറഞ്ഞത് 5 ശതമാനം ന്യൂകോയിന്‍ ലഭിക്കും. ആപ്പിലെ ഷോപ്പിംഗിന് ലഭിക്കുന്ന റിവാര്‍ഡ് ആണ് ടാറ്റ ന്യൂകോയിന്‍. ഫ്‌ലിപ്കാര്‍ട്ടിലുള്‍പ്പടെ ഇത്തരത്തിലുള്ള കോയിനുകള്‍ ഉണ്ട്. മറ്റ് ആപ്പുകള്‍ നല്‍കുന്ന റിവാര്‍ഡുകളില്‍ നിന്ന് ടാറ്റ ന്യൂകോയിനെ വ്യത്യസ്തമാക്കുന്ന ഘടകം അവ എവിടെ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ്. അതായത് കോയിനുകള്‍ ടാറ്റ ന്യൂവില്‍ തന്നെ ചെലവഴിക്കണം എന്ന് നിര്‍ബന്ധമില്ല.
ഒരു ന്യൂകോയിന്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. ടാറ്റ പേ വഴി യുപിഐ സേവനങ്ങള്‍ നടത്തുന്ന സമയത്തോ കടകളില്‍ ബില്ലിംഗിന്റെ സമയത്ത് നേരിട്ട് പറഞ്ഞോ ന്യൂകോയിനുകള്‍ റെഡീം ചെയ്യാം. നിലവില്‍ സ്റ്റാര്‍ബക്ക്സ്, ടാറ്റ പ്ലെ, ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയവയ്ക്ക് ടാറ്റ ന്യൂകോയിന്‍ റിവാര്‍ഡായി ലഭിക്കില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it