

അസമില്‍ ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണ പ്ലാന്റ് സാങ്കേതിക രംഗത്ത് പുത്തന്‍ വിപ്ലവമുണ്ടാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം. ഇലക്ട്രോണിക് സാങ്കേതികതയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്ന സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക് വാഹനങ്ങളുടെ വാണിജ്യക്കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൂടുതൽ ആവശ്യപ്പെടുന്ന ഉല്‍പ്പന്നമാണ്. അസമിലെ മോറിഗോണ്‍ ജില്ലയിലെ ജാഗിറോഡില്‍ ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്ന പ്ലാന്റിന്റെ ഭൂമി പൂജ കഴിഞ്ഞ ദിവസം നടന്നു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരനും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് ശര്‍മ്മയും പങ്കെടുത്ത ചടങ്ങില്‍ പദ്ധതിരേഖയുടെ പ്രകാശനവും നടന്നു. അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും.
27,000 കോടിയുടെ പദ്ധതി
ഇന്ത്യന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണമാണ് ഇവിടെ നടക്കുക. 27,000 കോടി രൂപയാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചിലവ്. പ്രതിദിനം 4.83 കോടി ചിപ്പുകള്‍ നിര്‍മ്മിക്കാനാകുമെന്ന് ടാറ്റ സണ്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് പദ്ധതിക്ക് അനുമതി നല്‍കിയത്. അനുമതി നല്‍കി അഞ്ചു മാസത്തിനുള്ളില്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നത് ശുഭകരമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
തുറക്കുന്നത് തൊഴിലവസരങ്ങള്‍
പതിനായിരക്കണക്കിന് പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്‍കുന്നതാകും ഈ പ്ലാന്റ്. 27,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. 15,000 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കും. 12,000 പേര്‍ക്ക് പരോക്ഷമായും. ആയിരം പേരെ ഇതിനകം തന്നെ നിയമിച്ചിട്ടുണ്ട്. പ്ലാന്റിന്റെ നിര്‍മ്മാണം വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാനാണ് ലക്ഷ്യമിടുന്നത്. 2025 ല്‍ ഉല്‍പാദനം തുടങ്ങുന്ന രീതിയിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine