അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍; പുതുവര്‍ഷ പദ്ധതികള്‍ പങ്കുവെച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍

വൈദ്യുത വാഹനം, സെമി കണ്ടക്ടര്‍, സോളാര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍. ഉല്‍പ്പാദന മേഖലക്ക് പ്രാധാന്യം നല്‍കിയുള്ള വളര്‍ച്ച. വൈദ്യുത വാഹനങ്ങളിലും സെമി കണ്ടക്ടറുകളിലും സോളാര്‍ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധയൂന്നിയുള്ള കാല്‍വെപ്പുകള്‍...പുതുവര്‍ഷത്തില്‍ ടാറ്റാ സണ്‍സിന് മുന്നിലുള്ളത് നിരവധി പദ്ധതികള്‍. ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയ പുതുവര്‍ഷ സന്ദേശത്തിലാണ് മുന്നോട്ടുള്ള പാതയിലെ പ്രധാന പദ്ധതികള്‍ വിശദീകരിച്ചത്.

നിര്‍മാണത്തിന്റെ സുവര്‍ണകാലം

ഇന്ത്യക്ക് നിര്‍മാണ മേഖലയില്‍ പുതിയ സുവര്‍ണകാലമാണ് വരുന്നതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എമിരറ്റസ് രത്തന്‍ ടാറ്റയുടെ വിയോഗം മൂലം കമ്പനിക്ക് നഷ്ടത്തിന്റെ വര്‍ഷമാണ് കടന്നു പോയത്. എന്നാല്‍ ബിസിനസ് മേഖലയില്‍ മുന്നോട്ട് വളരുന്നുവെന്നത് ആ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കുന്നതാണ്. ലോകത്താകമാനം ബിസിനസുകള്‍ കാര്യക്ഷമതയുടെയും പ്രതിരോധത്തിന്റെയും കാര്യത്തില്‍ പുതിയ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന കാലമാണ്. അന്താരാഷ്ട വിതരണ ശൃംഖലയില്‍ ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അദ്ദേഹം വ്യക്തമാക്കി.

മുന്നിലുള്ള പദ്ധതികള്‍

ഗുജറാത്തിലെ ധോലേരയില്‍ ഇന്ത്യയിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ ഹബും അസമില്‍ സെമി കണ്ടക്ടര്‍ പ്ലാന്റും ഉള്‍പ്പടെ ഏഴ് പുതിയ ഉല്‍പ്പാദന പദ്ധതികളാണ് മുന്നിലുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ണാടകയില്‍ ഇലക്ട്രോണിക് അസംബ്ലി പ്ലാന്റ്, തമിഴ്നാട്ടില്‍ ഓട്ടോമോട്ടീവ് പ്ലാന്റ് , സോളാര്‍ മൊഡ്യൂല്‍ പ്ലാന്റ് തുടങ്ങിയ കമ്പനികളും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഗുജറാത്തിലെ സാനന്ദിലും യു.കെ.യിലെ സോമര്‍സെറ്റിലും ബാറ്ററി നിര്‍മാണ ഫാക്ടറികളും സജീവമാണ്. റീട്ടെയില്‍, ടെക് സേവനങ്ങള്‍, എയര്‍ലൈനുകള്‍, ഹോസ്പിറ്റാലിറ്റി എന്നിവയിലുടനീളം പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ പുതിയ വര്‍ഷത്തില്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Related Articles
Next Story
Videos
Share it