ഏഴ് ആഴ്ചയ്ക്കിടെ ഏഴ് ദശലക്ഷം ഡൗണ്‍ലോഡുകള്‍, ടാറ്റ സൂപ്പര്‍ ആപ്പിന്റെ പുതിയ ലക്ഷ്യങ്ങളിങ്ങനെ

ടാറ്റ ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂ, ലോഞ്ച് ചെയ്ത് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് 7 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍. ടാറ്റ ഡിജിറ്റല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രതിക് പാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ആപ്പ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ആപ്പ് ആനിയുടെ ഡാറ്റ അനുസരിച്ച്, ടാറ്റ ന്യൂ ആപ്പ് 11 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ടാറ്റ ന്യൂ ഇതുവരെയായി ഡൗണ്‍ലോഡ് ചെയ്തത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 150 ദശലക്ഷം ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്നും പ്രതിക് പാല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, ഹോസ്പിറ്റാലിറ്റി, ട്രാവല്‍ വിഭാഗത്തില്‍നിന്നുള്ള സേവനങ്ങളും ടാറ്റ ന്യൂവില്‍ ഉടന്‍ തന്നെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. വിസ്താര, എയര്‍ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി (ഐഎച്ച്സിഎല്‍) എന്നിവയുടെ സേവനം ഓഫറുകളോടൊപ്പം ആപ്പ് വഴി ലഭ്യമാകും. പ്രതിദിനം 10,000-15,000 ഇടപാടുകളാണ് സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂവിലൂടെ നടക്കുന്നത്.
ഏപ്രില്‍ ആദ്യത്തിലാണ് ടാറ്റ ഡിജിറ്റല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ സൂപ്പര്‍ ആപ്പ് ടാറ്റ ന്യൂ പുറത്തിറക്കിയത്. ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആദ്യ മാസത്തില്‍ തന്നെ ടാറ്റ ന്യൂ 120-150 മില്യണ്‍ ഡോളറിന്റെ മൊത്ത വില്‍പ്പന നേടിയിരുന്നു.
ടാറ്റ ഗ്രൂപ്പിന് കീഴില്‍ വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായിരുന്ന സേവനങ്ങളാണ് ടാറ്റ ന്യൂവിലൂടെ ലഭിക്കുന്നത്. ബിഗ് ബാസ്‌കറ്റ്, ടാറ്റ ക്ലിക്ക്, ടാറ്റ 1എംജി, ടാറ്റ പ്ലെ, ക്രോമ, ഐഎച്ച്‌സിഎല്‍ തുടങ്ങിയ ആപ്പുകളെല്ലാം ടാറ്റ ന്യൂവില്‍ ഉണ്ട്. അതായത് ഈ ആപ്പുകളൊക്കെ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ടാറ്റ ന്യൂ എന്ന ഒരൊറ്റ ആപ്പ് മതിയാവും.
പഴയ ആപ്പുകളെ പുതിയ പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുക മാത്രമല്ല ടാറ്റ ചെയ്തത്. യുപിഐ, ഫുഡ് ഡെലിവറി, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ബില്‍ പേയ്‌മെന്റ് ഇന്‍ഷുറന്‍സ്, ബൈ നൗ പേ ലേറ്റര്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ടാറ്റ ന്യൂവില്‍ ലഭ്യമാണ്. എല്ലാ പര്‍ച്ചേസുകള്‍ക്കും ആകെ തുകയുടെ കുറഞ്ഞത് 5 ശതമാനം ന്യൂകോയിന്‍ ലഭിക്കും. ആപ്പിലെ ഷോപ്പിംഗിന് ലഭിക്കുന്ന റിവാര്‍ഡ് ആണ് ടാറ്റ ന്യൂകോയിന്‍. ഫ്ലിപ്കാര്‍ട്ടിലുള്‍പ്പെടെ ഇത്തരത്തിലുള്ള കോയിനുകള്‍ ഉണ്ട്. മറ്റ് ആപ്പുകള്‍ നല്‍കുന്ന റിവാര്‍ഡുകളില്‍ നിന്ന് ടാറ്റ ന്യൂകോയിനെ വ്യത്യസ്തമാക്കുന്ന ഘടകം അവ എവിടെ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ്. അതായത് കോയിനുകള്‍ ടാറ്റ ന്യൂവില്‍ തന്നെ ചെലവഴിക്കണം എന്ന് നിര്‍ബന്ധമില്ല.
ഒരു ന്യൂകോയിന്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. ടാറ്റ പേ വഴി യുപിഐ സേവനങ്ങള്‍ നടത്തുന്ന സമയത്തോ കടകളില്‍ ബില്ലിംഗിന്റെ സമയത്ത് നേരിട്ട് പറഞ്ഞോ ന്യൂകോയിനുകള്‍ റെഡീം ചെയ്യാം. നിലവില്‍ സ്റ്റാര്‍ബക്ക്‌സ്, ടാറ്റ പ്ലെ, ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവയ്ക്ക് ടാറ്റ ന്യൂകോയിന്‍ റിവാര്‍ഡായി ലഭിക്കില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it