ആപ്പിള്‍ വാച്ചും ഫോണും വാങ്ങാന്‍ ഇനി കൂടുതല്‍ ഇടങ്ങള്‍; രാജ്യത്തുടനീളം 100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാന്‍ ടാറ്റ

രാജ്യത്താകെ നൂറോളം ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി ടാറ്റ. 500-600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറു സ്്‌റ്റോറുകളായിരിക്കും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആരംഭിക്കുക. സ്റ്റോറുകള്‍ക്കായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീറ്റെയ്‌ലുമായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇക്കണോമിക് ടൈംസ് (ഇടി) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍ഫിനിറ്റി റീറ്റൈയ്ല്‍ ആണ് ഇന്ത്യയില്‍ ക്രോമ സ്റ്റോറുകള്‍ നടത്തുന്നത്. ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ സ്റ്റോറുകളേക്കാള്‍ ചെറുതായിരിക്കും ഇന്‍ഫിനിറ്റി റീറ്റൈയ്ല്‍ ആരംഭിക്കാനൊരുങ്ങുന്ന കോംപാക്റ്റ് സ്റ്റോറുകള്‍.
മാളുകള്‍, പ്രീമിയം സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്കായുള്ള ടച്ച് പോയിന്റുകളും ക്വിക്ക് സെയ്ല്‍ ഓപ്ഷന്‍ ലഭ്യമാകുന്ന ഇടങ്ങളുമാകും പുതിയ സ്റ്റോറുകള്‍. ആപ്പിള്‍ പ്രീമിയം സ്റ്റോറുകള്‍ സാധാരണഗതിയില്‍ 1,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നവയാണ്. എന്നാല്‍ ഇത്രയും വിപുലമായ ഉല്‍പ്പന്നശ്രേണിയും സൗകര്യങ്ങളും ഇല്ലെങ്കിലും ഈ ചെറിയ സ്റ്റോറുകള്‍ ഐഫോണുകളും ഐപാഡുകളും വാച്ചുകളും വില്‍ക്കും.
ആദ്യ ഫ്‌ളാഗ്ഷിപ്പ് സറ്റോര്‍ മുംബൈയില്‍
ആപ്പിളിന്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോര്‍ മാര്‍ച്ചില്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. കമ്പനിക്ക് നേരിട്ട് ഉടമസ്ഥതയിലുള്ള സ്റ്റോര്‍ മുംബൈയില്‍ ആവും എത്തുക. സൈബര്‍ മീഡിയ റിസര്‍ച്ച് (CMR) പ്രകാരം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഐഫോണുകളുടെ വില്‍പ്പന അളവ് 1.7 ദശലക്ഷത്തിലധികം ആയിരുന്നു.
ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിലും ഉല്‍പ്പാദന ശേഷി വിപുലീകരിക്കുന്നതിലും ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.
ഇന്ത്യയിലെ മൂന്ന് നിര്‍മ്മാതാക്കളായ വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവരോടും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനം മൂന്നിരട്ടിയാക്കാന്‍ പറഞ്ഞതായി മിന്റ് റിപ്പോര്‍ട്ട് വന്നിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it