

ആഗോള ഐടി കമ്പനികളിലൊന്നായ ഒറാക്കിള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 21,000ത്തിലധികം ജീവനക്കാരെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സിന്റെ (എഐ) കടന്നുവരവാണ് ഇത്രയധികം ജീവനക്കാരുടെ ജോലി നഷ്ടമാകുന്നതിലേക്ക് നയിച്ചത്. 2025 മെയ് 31ന് 1,62,000 ജീവനക്കാര്‍ ഒറാക്കിളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് 1,41,000 ജീവനക്കാരായി കുറഞ്ഞു.
ജീവനക്കാര്‍ ചെയ്തിരുന്ന പല മേഖലകളിലും എഐയെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് എണ്ണം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. അതേസമയം, ജീവനക്കാരെ കുറച്ചത് കമ്പനിയുടെ ചെലവുകള്‍ വര്‍ധിപ്പിച്ചുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജീവനക്കാര്‍ക്കു പകരം എഐയെ വിന്യസിക്കാനുള്ള ചെലവുകള്‍ വര്‍ധിച്ചതാണ് കാരണം. കൂടുതല്‍ ചെലവേറിയ ഡേറ്റ സെന്ററുകള്‍ നിര്‍മിച്ചത് ഒറാക്കിളിനെ സാമ്പത്തിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ആകെയുണ്ടായിരുന്ന ജീവനക്കാരുടെ 13 ശതമാനമാണ് കമ്പനി വെട്ടിക്കുറച്ചത്.
ആഗോള തലത്തിലെ പ്രമുഖ ടെക് കമ്പനികള്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കോടിക്കണക്കിന് തുകയാണ് വിനിയോഗിക്കുന്നത്. ഇത് പല കമ്പനികളുടെയും സാമ്പത്തികനിലയെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തെ മുന്‍നിര ടെക് കമ്പനികള്‍ എഐ ആവാസവ്യവസ്ഥയ്ക്കായി വലിയതോതില്‍ ചെലവഴിക്കല്‍ നടത്തുന്നത് ഭാവിയില്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. മറ്റ് ചെലവഴിക്കലുകള്‍ മാറ്റിവച്ച് ഡേറ്റ സെന്ററുകള്‍ക്കായി ഇത്രയധികം തുക വിനിയോഗിക്കുന്നതിനെതിരേ പല പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞരുമം മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഈ വര്‍ഷം എഐ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 50 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാനാണ് ഒറാക്കിളിന്റെ പദ്ധതി. ഒറാക്കിള്‍ മാത്രമല്ല മറ്റ് വമ്പന്‍ കമ്പനികളും എഐയ്ക്കായി മനുഷ്യവിഭവശേഷി വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഗൂഗിള്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ 650 ബില്യണ്‍ ഡോളര്‍ ഈ വര്‍ഷം എഐയ്ക്കായി ചെലവഴിക്കാനാണ് ഒരുങ്ങുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine