ടെക് മഹീന്ദ്ര കേരളം വിടുന്നു? ഐറ്റി മേഖലയ്ക്ക് തിരിച്ചടി

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വ്യവസായിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ടെക് മഹീന്ദ്ര, നിസാന്‍, ഹിറ്റാച്ചി തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ആശങ്കകള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

തിരുവന്തപുരം വിമാനത്താവളത്തിലേക്ക് അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് അവസാനിപ്പിക്കുകയും സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രമുഖ ഐറ്റി കമ്പനിയായ ടെക് മഹീന്ദ്ര കേരളം വിടാന്‍ ഒരുങ്ങുന്നു.

എയര്‍ കണക്റ്റിവിറ്റിയില്‍ തൃപ്തരല്ല എന്നതാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ടെക്‌നോപാര്‍ക് അധികൃതരെ കമ്പനി തങ്ങളുടെ ആശങ്കള്‍ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.

ഔദ്യോഗിക ലോഞ്ചിംഗ് കഴിഞ്ഞിട്ടില്ലെങ്കിലും ടെക് മഹീന്ദ്രയുടെ 100 ജീവനക്കാര്‍ അടങ്ങിയ സംഘം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ടെക് മഹീന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണസജ്ജമാകുന്നതോടെ 2000ത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷകള്‍. ടെക് മഹീന്ദ്രയുടെ പിന്മാറ്റം കേരളത്തിലെ ഐറ്റി മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.

ഐറ്റി കമ്പനികളുടെ നിലനില്‍പ്പിന് കുറ്റമറ്റ എയര്‍ കണക്റ്റിവിറ്റി വളരെ പ്രധാനമാണ്. എന്നാല്‍ സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബായ്, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളാണ് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചത്. മറ്റൊരു വിമാനകമ്പനിയും അധികം താമസിയാതെ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു.

Related Articles
Next Story
Videos
Share it