

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിലൊന്നായ വാട്സ്ആപ്പിനെതിരെ വീണ്ടും സ്വകാര്യതാ വിവാദം ശക്തമാകുന്നു. ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ് ഉന്നയിച്ച ആരോപണങ്ങളാണ് ഈ ചര്‍ച്ചക്ക് ചൂടു പകര്‍ന്നത്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ 'രഹസ്യമായി വായിക്കപ്പെടുന്നു' എന്നതാണ് അദ്ദേഹത്തിന്റെ ഗുരുതരമായ ആരോപണം.
ഈ ആരോപണങ്ങള്‍ക്കെതിരെ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് ശക്തമായി രംഗത്തു വന്നു. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കമ്പനി വായിക്കുന്നില്ലെന്നും, ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് മെറ്റയുടെ വിശദീകരണം.
അമേരിക്കയില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ് ആക്ഷന്‍ കേസാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (E2EE) അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. സാധാരണയായി, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളപ്പോള്‍ സന്ദേശങ്ങള്‍ അയക്കുന്നവനും സ്വീകരിക്കുന്നവനും മാത്രമേ വായിക്കാന്‍ കഴിയൂ. എന്നാല്‍, ഈ കേസില്‍ വാട്സ്ആപ്പിലെ ചില സന്ദേശങ്ങള്‍ ജീവനക്കാരോ, കരാര്‍ തൊഴിലാളികളോ പരിശോധിച്ചേക്കാമെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇത് പുറത്തുവന്നതോടെയാണ് പവല്‍ ദുരോവ് പ്രതികരണവുമായി രംഗത്തെത്തിയത്.
പവല്‍ ദുരോവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വാട്‌സാപ്പിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹം പറയുന്നത്, വാട്സ്ആപ്പിന്റെ സുരക്ഷാ സംവിധാനം പൂര്‍ണമായി വിശ്വസിക്കാനാകില്ല എന്നാണ്. ആപ്പില്‍ നിരവധി സുരക്ഷാ പോരായ്മകള്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ സ്വകാര്യതയെ കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറയുന്നു. ഇതിനു മുന്‍പും ദുരോവ് വാട്സ്ആപ്പിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ഈ വിഷയത്തില്‍ മറ്റ് പ്രമുഖരുടെയും പ്രതികരണങ്ങള്‍ ശ്രദ്ധേയമായി. ടെക് സംരംഭകനായ ഇലോണ്‍ മസ്‌ക് വാട്സ്ആപ്പിന്റെ എന്‍ക്രിപ്ഷന്‍ അവകാശവാദങ്ങളെ ക്കുറിച്ച് സംശയം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെറ്റ പ്ലാറ്റ്‌ഫോംസ് ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചു. വാട്സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നു, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കമ്പനിയ്ക്ക് വായിക്കാന്‍ സാധ്യമല്ല എന്നാണ് കമ്പനിയുടെ വിശദീകരണം. കോടതിയില്‍ നല്‍കിയ കേസ് അടിസ്ഥാനരഹിതമാണ്. സൈബര്‍ സുരക്ഷാ വിദഗ്ധരും ഇതുവരെ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
വാട്സ്ആപ്പ് ലോകമെമ്പാടും ഉപയോഗിക്കുന്ന സിഗ്‌നല്‍ പ്രോട്ടോക്കോള്‍ ആണ് എന്‍ക്രിപ്ഷനായി ഉപയോഗിക്കുന്നത്. ഇത് സുരക്ഷിതമെന്നു കരുതപ്പെടുന്ന സംവിധാനമാണ്. എന്നാല്‍ മെറ്റാഡാറ്റ (ആര് ആര്‍ക്കാണ് സന്ദേശം അയച്ചത് തുടങ്ങിയ വിവരങ്ങള്‍) ശേഖരിക്കപ്പെടാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്ലൗഡ് ബാക്കപ്പുകള്‍ (Google Drive / iCloud) സുരക്ഷാ അപകടസാധ്യതയുണ്ടാക്കാം. സ്പാം/അബ്യൂസ് പരിശോധിക്കാന്‍ ചില സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവ പരിശോധിക്കപ്പെടാം.
അതേസമയം, ടെലിഗ്രാമിനും വിമര്‍ശനമുണ്ട്. സാധാരണ ചാറ്റുകള്‍ക്ക് ഡീഫോള്‍ട്ടായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല; ''സീക്രട്ട് ചാറ്റ്'' ഉപയോഗിക്കുമ്പോഴാണ് അത് ലഭിക്കുക.
ഈ വിവാദം മെസേജിംഗ് ആപ്പുകള്‍ക്കിടയിലെ സ്വകാര്യതാ മത്സരം കൂടിയാണ് പുറത്തു കൊണ്ടുവരുന്നത്. 300 കോടി ഉപയോക്താക്കളുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്. അതേസമയം സ്വകാര്യതയെ പ്രധാനമായ വില്‍പ്പന മാര്‍ഗമായി ഉപയോഗിച്ച് വളര്‍ച്ച നേടാന്‍ ശ്രമിക്കുകയാണ്.
സ്വകാര്യതയും ഡാറ്റ സുരക്ഷയും ഇന്ന് ഉപയോക്താക്കളുടെ പ്രധാന ആശങ്കകളിലൊന്നായ സാഹചര്യത്തില്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതയെ ബാധിക്കാന്‍ സാധ്യതയുണ്ട്.
കേസിന്റെ നിയമനടപടികളും ടെക് കമ്പനികളുടെ പ്രതികരണങ്ങളും ഈ വിഷയത്തില്‍ നിര്‍ണായകമായിരിക്കും. വാട്സ്ആപ്പ് യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണോ, അല്ലെങ്കില്‍ ഉപയോക്താക്കള്‍ മറ്റുപ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമോ എന്നത് അടുത്ത മാസങ്ങളില്‍ വ്യക്തമായേക്കും.