ഇനി ടെലഗ്രാം ഫ്രീ ആയി ഉപയോഗിക്കാന്‍ സാധിക്കുമോ ? പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഈ മാസം എത്തും
പ്രമുഖ മെസേജിംഗ് ആപ്പ് ലെഗ്രാമിന്റെ (Telagram) സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഈ മാസം പുറത്തിറങ്ങും. ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് (pavel durov) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പെയ്ഡ് ടെലഗ്രാമില്‍ ചാറ്റ്, മീഡിയ ഫയല്‍ ഷെയറിംഗ് തുടങ്ങിയവയുടെ പരുതി ഉയര്‍ന്നതായിരിക്കും.
പരസ്യക്കമ്പനികള്‍ക്ക് പകരം ഉപഭോക്താക്കളില്‍ നിന്ന് തന്നെ പണം കണ്ടെത്താനാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് ഡുറോവ് വ്യക്തമാക്കി. അതേ സമയം ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള പോലെ ടെലഗ്രാം തുടര്‍ന്നും സൗജന്യമായി ഉപയോഗിക്കാം. നിലവിലെ നോ ഫീസ് ടാഗ് ലൈന്‍ ടെലഗ്രാം മാറ്റും. പകരം മീഡിയക്കും ചാറ്റിനുമായി അണ്‍ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് എന്ന സവിശേഷത ടാഗ് ലൈനില്‍ ഇടംപിടിക്കും.
ഷെയര്‍ ചെയ്യാവുന്ന ഫയലുകളുടെയും മറ്റും പരിധി എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഉയര്‍ത്തിയാല്‍ സര്‍വര്‍, ട്രാഫിക് ചെലവ് താങ്ങാവുന്നതിലും അധികമായിരിക്കുമെന്നും ടെലഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഡുറോവ് ചൂണ്ടിക്കാട്ടി. പ്രതിമാസം 500 മില്യണോളം സജീവ ഉപഭോക്താക്കളാണ് ടെലഗ്രാമിന് ഉള്ളത്. ഡാറ്റാ പങ്കുവെയ്ക്കല്‍, സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് നേരിട്ട ആരോപണങ്ങള്‍ ടെലഗ്രാമിന് ഗുണകരമായിരുന്നു. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട അഞ്ച് ആപ്പുകളില്‍ ഒന്നായി ടെലഗ്രാം മാറിയിരുന്നു.