ടെസ്‌ല ഓഹരി വില അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ഇരട്ടിയാകുമെന്ന് കാത്തി വുഡ്

മോശം പാദഫലങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച ടെസ്‌ലയുടെ ഓഹരി വില 10 ശതമാനമാണ് ഇടിഞ്ഞത്. നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനമായ 'ആര്‍ക്ക് ഇന്‍വെസ്റ്റ്' മേധാവി കാത്തി വുഡ് അന്ന് തന്റെ ഫണ്ടിലേക്ക് ടെസ്‌ലയുടെ കൂടുതല്‍ ഓഹരികള്‍ കൂട്ടിചേര്‍ത്തു. കൂടാതെ ടെസ്‌ലയുടെ ഓഹരി വില ലക്ഷ്യം 2000 ഡോളര്‍ ആക്കി റിപ്പോര്‍ട്ടും നല്‍കി. നിലവില്‍ 165 ഡോളറിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

റോബോ ടാക്‌സി ബിസിനസ് ശക്തികേന്ദ്രമാകും

2027 ല്‍ ടെസ്‌ലയുടെ വരുമാനം ഒരു ട്രില്യണ്‍ കോടി ഡോളറാ(82 ലക്ഷം കോടി രൂപ)കുമെന്നും ഇതില്‍ 44 ശതമാനം റോബോ ടാക്‌സി ബിസിനസില്‍ നിന്നായിരിക്കുമെന്നുമാണ് ആര്‍ക്ക് ഇന്‍വെസ്റ്റ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. റോബോ ടാക്‌സി ഇതു വരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുപോലുമില്ലെന്നിരിക്കെയാണ് കാത്തിയുടെ ഈ പ്രതീക്ഷ. ഊബര്‍ പോലുള്ളവയ്ക്ക് എതിരാളിയായി റോബോടാക്‌സി അവതരിപ്പിക്കുമെന്ന് മുന്‍പ് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

നഗരങ്ങളില്‍ സഞ്ചരിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാന്‍ കഴിയുന്ന സ്റ്റീയറിംഗും പെഡലുകളുമില്ലാത്തെ ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. അതേപോലെ ഡ്രൈവറില്ലാ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെസ്‌ലയുടെ കാറുകള്‍ സ്വന്തമായുള്ളവരെയും കമ്പനിയുടെ ശൃംഖലയിലേക്ക് ചേര്‍ക്കുകയും ഉടമസ്ഥര്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ യാത്രക്കാരെ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുകയും ചെയ്യും. ഉടമസ്ഥര്‍ക്ക് ഇതില്‍ നിന്ന് വരുമാനം ലഭിക്കും. ഒരു വിഹിതം ടെസ്‌ലയും എടുക്കും.

ഇതാദ്യമല്ല

ടെസ്‌ല ഓഹരി വില അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 ഡോളറിലെത്തുമെന്ന് 2018 ല്‍ കാത്തി പറഞ്ഞപ്പോഴും പലരും നെറ്റി ചുളുക്കിയിരുന്നു. ആ സമയത്ത് 23 ഡോളറായിരുന്നു ഓഹരി വില. അവര്‍ പറഞ്ഞതിനും മുന്നേ, മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ഓഹരി വില 300 ഡോളര്‍ കടന്നു. 2020ലെ വലിയ മാറ്റങ്ങളാണ് ഇതിന് സഹായിച്ചത്.

ഒരുവേള ഓഹരി വില 75 ശതമാനം ഇടിഞ്ഞ് 101 ഡോളറില്‍ ആകുന്നതിനു മുന്‍പ് 414.5 ഡോളര്‍ എന്ന റെക്കോര്‍ഡ്ഉ യര്‍ത്തിലെത്തിയിരുന്നു ടെസ്‌ല ഓഹരികള്‍. നിലവില്‍ ഓഹരി വ്യാപാരം ചെയ്യുന്നത് 165 ഡോളറിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it