നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാൻ ഡോ. ജവാദ്‌ ഹസ്സന്റെ ആത്മകഥ പുറത്തിറങ്ങി

ലോകത്തിലെ മികച്ച 25 ല്‍ അധികം കമ്പനികളിലൂടെ പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും ഒട്ടേറെ ഐ.പി കളുടെ രചയിതാവുമായ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ 'ദി ആര്‍ട്ട് ഓഫ് ദി പോസിബിള്‍' സാം പിട്രോഡ പ്രകാശനം ചെയ്തു. കേരളത്തിലെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു.എസിലെത്തിയ ഡോ. ജവാദ് ഹസ്സന്റെ വിജയകരമായ 82 വര്‍ഷങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. കേവലം ഒരു വ്യവസായിയുടെ ആത്മകഥ മാത്രമല്ല ഈ പുസ്തകം. സംരംഭകത്വത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയാണ്. തോല്‍വികളില്‍ പതറാതെ വിജയത്തിന് വേണ്ടി നിരന്തരം പരിശ്രമിച്ച ഡോ ജവാദ് ഹസ്സന്റെ ആത്മകഥ വരും തലമുറയിലെ സംരംഭകരെയും വ്യവസായികളെയും പ്രചോദിപ്പിക്കാന്‍ കഴിയുന്നതാകുമെന്ന് സാം പിട്രോഡ പറഞ്ഞു.

വെല്ലുവിളികളെ നേരിട്ട് വിജയത്തിലേക്ക്

ഒരു സംരഭകനെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തിലൂടെ സഞ്ചരിച്ച്, ലോകപ്രശസ്തമായ ഐ.ബി.എം, എ.എം.പി എന്നിവിടങ്ങളിലെ നേതൃത്വപരമായ വിവിധ പദവികള്‍ ഡോ. ജവാദ് ഹസ്സന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേരളത്തോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായാണ് അദ്ദേഹം അനുജന്‍ ജഹാംഗീറിനൊപ്പം ചേര്‍ന്ന് മൂന്ന് പതിറ്റാണ്ടു മുമ്പ്, കേരളത്തില്‍ നെസ്റ്റ് ഗ്രൂപ്പ് തുടങ്ങുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലായി നെസ്റ്റ് ഗ്രൂപ്പിന്റെ കീഴില്‍ വൈവിധ്യമാര്‍ന്ന ടെക്നോളജി കമ്പനികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. ഡോ. ജവാദ് ഹസ്സന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്റെ ആരംഭം. കേരളത്തിലേക്ക് ഐ.ടി, ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിലും അദ്ദേഹത്തിന്റെ പരിശ്രമം പ്രധാനമായിരുന്നു.

തീക്ഷ്ണമായ അനുഭവങ്ങളുടെ പുസ്തകം

കേരളത്തില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന നാഗൂര്‍ റാവുത്തരുടേയും വ്യവസായിയായിരുന്ന മക്കാര്‍പിള്ളയുടെ മകള്‍ ഖദീജാ ബീവിയുടേയും മൂത്തമകനായിട്ടാണ് ജവാദ് ഹസ്സന്റെ ജനനം. പഠനത്തിന് ശേഷമാണ് അമേരിക്കയിലെത്തി അദ്ദേഹം വിജയവഴികള്‍ കണ്ടെത്തിയത്. തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കഠിനാദ്ധ്വാനം കൊണ്ട് മാത്രം ഉയര്‍ത്തിയെടുത്ത അദ്ദേഹത്തിലെ വ്യവസായിയുടെയും മനുഷ്യന്റെയും കഥ പറയുന്നതാണ് ഈ പുസ്തകം. സംരംഭകത്വ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത കാലത്താണ് വേറിട്ട വഴിയിലൂടെ അദ്ദേഹം തന്റെ ശ്രമങ്ങളെ മുന്നോട്ടു നടത്തിയത്. ഫൈബര്‍ ഒപ്റ്റിക്സ്, സോഫ്റ്റ് വെയര്‍, ആരോഗ്യം, ഐ.ടി, ഡിജിറ്റല്‍ മീഡിയ തുടങ്ങിയ മേഖലകളില്‍ ഒരു ഡസനിലധികം കമ്പനികളെ അദ്ദേഹം വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it