Top

വെബ്‌സൈറ്റ് നിര്‍മാണം ഏല്‍പ്പിക്കുന്നതിനു മുന്‍പ്

വെബ്‌സൈറ്റ് സ്വന്തമായി നിര്‍മിക്കുന്നതിനെപ്പറ്റിയാണ് പറഞ്ഞുവന്നത്. ഇങ്ങനെ സ്വന്തമായി നിര്‍മിക്കാനാവുമെന്നതുകൊണ്ട് നിങ്ങള്‍ തന്നെ ചെയ്യണമെന്ന് അര്‍ത്ഥമാക്കുന്നില്ല. ബേസിക് ഫീച്ചറുകള്‍ മാത്രമുള്ള ഒരു വെബ്‌സൈറ്റാണ് ഉദ്ദേശ്യമെങ്കില്‍ അങ്ങനെയാവാം.

ഇനി പ്രത്യേകതകളുള്ള, അടിത്തറ ഭദ്രമായ നല്ലൊരു വെബ്‌സൈറ്റാണ് ഉദ്ദേശ്യമെങ്കില്‍ മറ്റൊരാളെ ആശ്രയിക്കുക തന്നെ വേണം. അത് വെബ് ഡിസൈന്‍ കമ്പനിയാവാം, ഫ്രീലാന്‍സ് വെബ് ഡിസൈനറാവാം.

കാരണം, നിങ്ങളുടെ ഉപഭോക്താക്കള്‍ രണ്ടു കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വെബ്‌സൈറ്റ് പെട്ടെന്ന് കണ്ടെത്താനാവണമെന്നും വെബ്‌സൈറ്റുമായുള്ള ഓരോ ഇടപെടലും വേഗമേറിയതും തടസമില്ലാത്തതുമായിരിക്കണമെന്നും. അതല്ലെങ്കില്‍ അവര്‍ക്കു മുന്നില്‍ വേറെ വഴികള്‍ തുറന്നിട്ടുണ്ടാവും. നിങ്ങളുടെ വെബ്‌സൈറ്റില്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധമില്ലല്ലോ.

ആളുകള്‍ നിങ്ങള്‍ക്ക് പണം തരുന്നത്, നിങ്ങളുടെ ബിസിനസില്‍ എത്തിച്ചേരുന്നത് നല്ലൊരു സേവനം, ഉല്‍പ്പന്നം പ്രതീക്ഷിച്ചാണ്. അപ്പോള്‍ അവരെ കുഴക്കാനോ ബുദ്ധിമുട്ടിക്കാനോ നിന്നാല്‍ ബിസിനസ് നിന്നുപോവില്ല. തട്ടിക്കൂട്ടുന്ന വെബ്‌സൈറ്റ് മതിയാവാതെ വരുമെന്ന് തോന്നുന്നുണ്ടെങ്കില്‍ നല്ല വെബ്‌സൈറ്റ് നിര്‍മാണത്തിനായി മറ്റൊരാളെ സമീപിക്കണം. കാരണം, ഈ രംഗത്തെ ദൈനംദിന മാറ്റങ്ങളും ട്രെന്റുകളും അവര്‍ക്കാണ് കൂടുതല്‍ അറിയുക.

അവര്‍ എപ്പോഴും ഇതിന്റെ പിന്നാലെ ഓടുന്നവരാണെന്നതിലാണത്. പുതിയ ടൂളുകളും എസ്.ഇ.ഒ ടെക്‌നിക്കുകളും പരീക്ഷിച്ചുകൊണ്ടേയിരിക്കുകയും പുത്തന്‍ മാറ്റങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യുന്നവരാണവര്‍. വെബ്‌സൈറ്റ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നത് പ്രായോഗികമല്ലല്ലോ. അതിശീഘ്രം വളര്‍ന്നുകൊണ്ടിരുന്ന ഇന്റര്‍നെറ്റ് ലോകത്ത് ദീര്‍ഘകാലത്തേക്കുള്ള വെബ്‌സൈറ്റ് നിര്‍മിക്കുകയെന്നതു തന്നെയാണ് പ്രധാന വെല്ലുവിളി.

ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി ഡെവലപ്പര്‍മാരെയും വെബ് ഡിസൈനര്‍മാരെയും വളര്‍ത്തിയെടുക്കുന്നതാണ് നല്ലത്. ഓരോ ഘട്ടത്തിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതു സഹായിക്കും.

മറ്റൊരാളെ ഏല്‍പ്പിച്ചതു കൊണ്ടു മാത്രം നിങ്ങളുടെ ജോലി തീരുന്നില്ല. അതിനുമുന്‍പ് നല്ലൊരു റിസര്‍ച്ച് ആവശ്യമാണ്. വെബ്‌സൈറ്റ് നിര്‍മിച്ചാല്‍ മാത്രം പോരല്ലോ, ഹോസ്റ്റിംഗ് ചെയ്യണം.

കൂടുതൽ വായിക്കാം

മണിക്കൂറിനുള്ളിൽ മൊബീലിൽ കുത്തിയുണ്ടാക്കാം, വെബ്‌സൈറ്റ്-ഭാഗം-3

ഡൊമൈന്‍ തെരഞ്ഞെടുക്കാം, രജിസ്റ്റര്‍ ചെയ്യാം- ഭാഗം- 2

എങ്ങനെ വെബ്‌സൈറ്റ് തുടങ്ങാം?-ഭാഗം-1

ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവ:

വിശ്വാസ്യത: വെബ്‌സൈറ്റ് ലോഡിംഗ് സമയം പ്രധാനമാണ്. ഡിസൈനര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ എന്താണെന്ന് ആദ്യമേ അറിയണം.

സപ്പോര്‍ട്ട്: അര്‍ധരാത്രി രണ്ടുമണിക്ക് നിങ്ങളുടെ വെബ്‌സൈറ്റ് ഡൗണായാല്‍ എന്തുചെയ്യും? പിറ്റേദിവസം വരെ കാത്തിരിക്കണോ? ഇത്രയും വലിയ സമയം നിങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കും. 24X7 സപ്പോര്‍ട്ട് ഉറപ്പാക്കണം.

സ്റ്റോറേജ്: നിങ്ങളുടെ വെബ്‌സൈറ്റിനെ ആശ്രയിച്ചാണ് സ്‌റ്റോറേജിന്റെ ആവശ്യകത. വീഡിയോ, ഇമേജ് ഫയലുകള്‍ ധാരാളമായി വേണ്ടതുണ്ടെങ്കില്‍ നല്ല സ്റ്റോറേജ് കപ്പാസിറ്റി വേണം.

ബാന്‍ഡ്‌വിഡ്ത്ത്: സ്‌റ്റോറേജും ബാന്‍ഡ്‌വിഡ്ത്തും പരസ്പരം ആശ്രയിച്ചിരിക്കുന്നു. ഒരേ സമയത്ത് എത്ര പേര്‍ക്ക്, എത്ര ഡാറ്റ വരെ ലഭ്യമാക്കാമെന്നതാണ് ബാന്‍ഡ്‌വിഡ്ത്ത്. കൂടുതല്‍ ആളുകളെത്തുന്ന, കൂടുതല്‍ ഡാറ്റ കൈമാറപ്പെടുന്ന വെബ്‌സൈറ്റാണെങ്കില്‍ ബാന്‍ഡ്‌വിഡ്ത്ത് കൂട്ടണം.

സ്‌കേലബിലിറ്റി: കൂടുതല്‍ ആളുകള്‍ നമ്മുടെ വെബ്‌സൈറ്റിലെത്തണം, അല്ലേ? എന്തെങ്കിലും ഓഫറുകളോ മറ്റോ ഉണ്ടാവുമ്പോള്‍ ആളുകളുടെ ഇരച്ചുകയറ്റമുണ്ടാവാം. ഇതൊക്കെ കൈകാര്യം ചെയ്യാന്‍ ഹോസ്റ്റിങ് കമ്പനിക്കാവണം. ഇതേപ്പറ്റി ബോധവാനായില്ലെങ്കില്‍ സൈറ്റ് പൊട്ടിപ്പോവുന്ന അവസ്ഥയുണ്ടാവും.

സെക്യൂരിറ്റി: ഹാക്ക് ചെയ്യപ്പെടാം, വൈറസ്, മാല്‍വെയര്‍ ആക്രമണങ്ങളുണ്ടാവാം. ഇതൊക്കെ തരണം ചെയ്യാനുള്ള സെക്യൂരിറ്റി സംവിധാനം മുന്‍കൂട്ടി കണ്ടിരിക്കണം. ആഡ് ഓണ്‍ ആയി വെബ്‌സൈറ്റ് സെക്യൂരിറ്റി കൂടി വാഗ്ദാനം ചെയ്യുന്ന കമ്പനികളെ കണ്ടെത്താം.

ബാക്കപ്പ്: ഏതു സമയത്താണ് വെബ്‌സൈറ്റ് ചത്തുപോവുകയെന്ന് പറയാനാവില്ല. അന്നേരം ബാക്കപ്പ് സംവിധാനം ഉപയോഗപ്പെടും. ഉള്ളടക്കങ്ങള്‍ പെട്ടെന്ന് തിരിച്ചെടുക്കാനുമാവും.

ഡിസൈനിംഗ് കമ്പനിയെ തെരഞ്ഞെടുക്കുമ്പോള്‍

  • ആര്‍ക്കൊക്കെ വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്?
  • എവിടെയാണ് ഓഫീസും പ്രവര്‍ത്തനവും?
  • വെബ്‌സൈറ്റിന് എത്ര ചെലവാകും?
  • കൃത്യമായ അപ്‌ഡേഷന്‍ ഉണ്ടാവുമോ? അതിന് എത്രചെലവാകും?
  • അപ്‌ഡേഷന്‍ സ്വന്തമായി ചെയ്യാന്‍ സൗകര്യമൊരുക്കുമോ?
  • കൈകാര്യം ചെയ്യുന്ന മറ്റു സേവനങ്ങള്‍? (കണ്ടറ്റ് റൈറ്റിംഗ്, ഡിസൈന്‍, കോഡിംഗ്) ഇതെല്ലാം ഇന്‍ഹൗസായാണോ ചെയ്യുന്നത് അതോ പുറത്ത് ഏല്‍പ്പിക്കുകയാണോ?
  • നിങ്ങളുടെ വെബ്‌സൈറ്റിന്റെ നിഷ് അവര്‍ക്ക് മനസിലായോ?
  • വെബ് ഡിസൈനിനപ്പുറം നിങ്ങളുടെ ബിസിനസിനെ സഹായിക്കാനാവുമോ? (സോഷ്യല്‍ മീഡിയ, എസ്.ഇ.ഒ,..)
  • മൊബീല്‍ ഫ്രണ്ട്‌ലി നിര്‍മാതാക്കളാണോ?

Razack M. Abdullah
Razack M. Abdullah  

Guest Writer

Related Articles

Next Story

Videos

Share it